Sorry, you need to enable JavaScript to visit this website.

മെട്രോ രണ്ടാം ഘട്ട നിര്‍മാണം നവംബര്‍ പകുതിയോടെ, ടെന്‍ഡറുകള്‍ ക്ഷണിച്ചു

 

കൊച്ചി- മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിര്‍മാണ ജോലികള്‍ക്കുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഈ വര്‍ഷം നവംബര്‍ പകുതിയോടെ നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ലോക്നാഥ് ബെഹ്റ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മാണ ജോലികള്‍ 20 മാസം കൊണ്ട് പൂര്‍ത്തിയാക്കും. സിഗ്‌നല്‍ സംവിധാനങ്ങള്‍ അടക്കമുള്ള സാങ്കേതിക ജോലികള്‍ക്കായി നാല് മാസം ആവശ്യമായി വരും. ആകെ രണ്ട് വര്‍ഷം കൊണ്ട് രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. 2025 നവംബര്‍ മാസത്തോടെ കാക്കനാട്- ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ആറ് സ്ഥലങ്ങളില്‍ ഒരേ സമയം നിര്‍മാണം കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടൊപ്പം ഒരേ സമയം നാല് സ്റ്റേഷനുകളുടെയും നിര്‍മാണവും നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍  338.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 555.18 കോടി രൂപയും നല്‍കും. ഇതിന് പുറമെ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബേങ്ക് (എ ഐ ഐ ബി) 1016.24 കോടി രൂപയും പദ്ധതി പൂര്‍ത്തീകരണത്തിനായി മാറ്റിവെക്കും.
ബേങ്ക് അധികൃതര്‍ ഈ മാസം 11നും 15നും ഇടയില്‍ കൊച്ചി സന്ദര്‍ശിക്കുമെന്നും കെ എം ആര്‍ എല്‍ എം ഡി അറിയിച്ചു. രണ്ടാം ഘട്ട നിര്‍മാണം പൂര്‍ത്തിയായാല്‍ മെട്രോ ടിക്കറ്റ് ഡിജിറ്റല്‍ ആക്കാനും കെ എം ആര്‍ എല്‍ ലക്ഷ്യമിടുന്നുണ്ട്. വാണിജ്യ സ്ഥലവും പാര്‍ക്കിംഗ് സ്ഥലവും ഒന്നാം ഘട്ടത്തിലേതിനെ അപേക്ഷിച്ച് കുറവായിരിക്കും. നാല് സ്റ്റേഷനുകളില്‍ പ്രവേശന സമയം കുറക്കുന്നതിന് പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടായിരിക്കും. മെച്ചപ്പെട്ട സുരക്ഷക്കായി പ്ലാറ്റ്ഫോം സ്‌ക്രീന്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും കെ എം ആര്‍ എല്‍ പരിശോധിക്കുന്നുണ്ട്. നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ റോഡില്‍ എട്ട് മീറ്റര്‍ മീഡിയന്‍ ആണ് ആവശ്യമായി വരുന്നത്. സുഗമമായ ഗതാഗതത്തിനായി ഇരുവശത്തും 5.5 മീറ്റര്‍ ക്യാരേജ് വേ ഉറപ്പുവരുത്തും. ഇതിന് പുറമെ തിരക്കുള്ള സമയങ്ങളില്‍ ചെറുവാഹനങ്ങള്‍ ഇടറോഡിലൂടെ കടത്തിവിട്ട് ഗതാഗതം ക്രമീകരിക്കും. പദ്ധതി നിര്‍മാണത്തിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കലും അവസാനഘട്ടത്തിലാണ്. സര്‍ക്കാര്‍ ഭൂമി മെട്രോ നിര്‍മാണത്തിനായി കെ എം ആര്‍ എല്ലിന് വിട്ടുനല്‍കുന്നതിന് അനുമതി ആയതായും ബെഹ്റ അറിയിച്ചു.

 

 

Latest News