Sorry, you need to enable JavaScript to visit this website.

കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാകുന്നു,  17 ദിവസത്തിനിടെ പിടികൂടിയത് രണ്ടരക്കോടിയുടേത് 

കോഴിക്കോട്- കേരളത്തിലെ കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും മാറി. സ്ത്രീപീഡനം, കൊലപാതകം എന്നിവ മുറക്ക് നടക്കുമ്പോഴും എല്ലാറ്റിനും വില്ലനാവുന്നത് മയക്കുമരുന്നിന്റെ ഉപഭോഗമാണ്. ഇത് കുത്തനെ കൂടുകയാണെന്നാണ് കണക്കുകള്‍. കോഴിക്കോട് നഗരത്തില്‍ അടുത്തിടെയുണ്ടായ പെണ്‍കുട്ടികളെ നശിപ്പിച്ച സംഭവങ്ങളിലെ വില്ലന്മാരും മയക്കുമരുന്ന് അഡിക്റ്റുകളായിരുന്നു. എക്‌സൈസ് ഓണക്കാലത്ത് റെയ്ഡ് നടപടികളുമായി മുന്നോട്ടു പോവുകയാണ്. രാഷ്ട്രീയ പിന്‍ബലമുള്ളത് കൊണ്ട് ഡ്രഗ് മാഫിയ സൈ്വര വിഹാരം നടത്തുകയാണ്. 
 ഓണത്തോട് അനുബന്ധിച്ച് ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്കാണ്  എക്‌സൈസ് തുടക്കം കുറിച്ചത്. ഓഗസ്റ്റ് 8 മുതല്‍ 24 വരെയുള്ള 17 ദിവസങ്ങളിലായിി 7164 കേസുകളാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് എടുത്തത്. ഇതില്‍ 1201 അബ്കാരി കേസുകളും 644 മയക്കുമരുന്ന് കേസുകളും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളില്‍ 630 പ്രതികളും 44 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബ്കാരി കേസുകളില്‍ 955 പ്രതികളും 73 വാഹനങ്ങളുമാണ് പിടിയിലായത്. ഏകദേശം രണ്ടര കോടി രൂപയുടെ മയക്കുമരുന്നാണ് ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് എക്‌സൈസ് പിടിച്ചത്.
പുകയിലയുമായി ബന്ധപ്പെട്ട 5335 കേസുകളില്‍ 5147 പേരെ പ്രതിചേര്‍ക്കുകയും 10.66 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. എക്‌സൈസിന്റെ ഓണം ഡ്രൈവില്‍ ഭാഗമായ എല്ലാ ഉദ്യോസ്ഥരെയും മന്ത്രി എം. ബി. രാജേഷ് അഭിനന്ദിച്ചു. സെപ്റ്റംബര്‍ 5 വരെ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടരും. വ്യാപകമായ പരിശോധനയാണ് തുടരുന്നത്. സംസ്ഥാനത്തെ എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥരും ഡ്രൈവില്‍ ഭാഗമായിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ലഹരി കടത്ത് തടയാനും ശക്തമായ നടപടി സ്വീകരിച്ചു. ചെക്ക് പോസ്റ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലെ പരിശോധനയും ശക്തമാക്കി. അതിര്‍ത്തിയില്‍ ചെക്‌പോസ്റ്റുകളിലും, കെമു മുഖേന ഇടറോഡുകളിലും വ്യാപക പരിശോധനയും തുടരുകയാണ്. ഓണം ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 290.7 ഗ്രാം എംഡിഎംഎ, 75.64 ഗ്രാം ഹെറോയിന്‍, 6.8 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 17.6 ഗ്രാം ഹാഷിഷ് ഓയില്‍, 78.19 ഗ്രാം മെതാംഫെറ്റമിന്‍, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 2.8ഗ്രാം ട്രെമഡോള്‍ എന്നിവ പിടിച്ചെടുത്തു. 139.98 കിലോ കഞ്ചാവ്, 307 കഞ്ചാവ് ചെടികള്‍, 11 ഗ്രാം കഞ്ചാവ് ബീഡികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. അബ്കാരി കേസുകളില്‍ 802.5 ലിറ്റര്‍ ചാരായം, 27112 ലിറ്റര്‍ വാഷ്, 2629.96 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 528.25 ലിറ്റര്‍ വ്യാജമദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.
 


 

Latest News