Sorry, you need to enable JavaScript to visit this website.

ഫലിച്ചത് ഈ അമ്മയുടെ പ്രാർഥന

ഉദയ കുമാറിന്റെ അമ്മ പ്രഭാവതി

തിരുവനന്തപുരം- വാർധ്യക്യത്തിൽ തന്നെ സംരക്ഷിക്കേണ്ട ഏക മകനെ കൊലപ്പെടുത്തിയവർക്ക് അർഹമായ ശിക്ഷ ലഭിക്കണേയെന്ന അമ്മ പ്രഭാവതിയുടെ പ്രാർഥന ഫലവത്തായി. ഉദയ കുമാറിനെ ക്രൂരമായി കൊല്ലിച്ചവരും കൊലപ്പെടുത്തിയവരും  കുറ്റക്കാരെന്ന് സി.ബി.ഐ കോടതി വിധിച്ചു. 
അമ്മ തന്നുവിട്ട പണവും ആക്രിക്കടയിൽനിന്ന് ലഭിക്കുന്ന തുഛമായ വേതനവും  ഉപയോഗിച്ച്  തനിക്കും അമ്മക്കും ഓണക്കോടി വാങ്ങാൻ പോയതാണ്  ഉദയകുമാർ. എന്നാൽ അമ്മ പ്രഭാവതിക്ക്  ലഭിച്ചതാകട്ടെ മകന്റെ ചേതനയറ്റ ശരീരവും. നീതി നിർവ്വഹണം സംരക്ഷിക്കേണ്ടവർ  തന്റെ മകനോട് കാട്ടുനീതി നടപ്പാക്കിയതിനെതിരെ അമ്മ പ്രഭാവതിക്ക്  ഹൈക്കോടതി വരെ പോകേണ്ടി വന്നു. 
2005 സെപ്റ്റംബർ 27 നായിരുന്നു  ശ്രീകണ്‌ഠേശ്വരം പാർക്കിൽനിന്ന്  ഫോർട്ട് സ്റ്റേഷനിലെ പോലീസുകാരായ ജിതകുമാറും ശ്രീകുമാറും ചേർന്ന് ഉദയകുമാറിനെയും സഹായി സുരേഷ് കുമാറിനെയും ഉച്ചയോടെ  കസ്റ്റഡിയിൽ എടുക്കുന്നത്. ശ്രീകണ്‌ഠേശ്വരത്തെ ആക്രിക്കടയിലെ തൊഴിലാളിയാണ് ഉദയകുമാർ.  മോഷണക്കുറ്റമായിരുന്നു ഇരുവർക്കുമെതിരെ ആരോപിച്ചിരുന്നത്. സ്റ്റേഷനിൽ എത്തിച്ച ഉദയകുമാറിനെ പൈപ്പ് ദണ്ഡ് ഉപയോഗിച്ച് പലവട്ടം ശരീരമാസകലം  ഉരുട്ടി. മൃതപ്രായനായി കിടന്ന് വിലപിച്ചിട്ടും  വെള്ളം നൽകാൻ പോലും കൂട്ടാക്കിയില്ല. പോലീസ് പിടികൂടുമ്പോൾ ഉദയകുമാറിന്റെ കൈവശം 4020 രൂപ ഉണ്ടായിരുന്നു.
ഈ പണം എവിടെ നിന്ന് മോഷ്ടിച്ചു എന്ന് കണ്ടെത്തുന്നതിനായിരുന്നു ഉരുട്ടൽ. ആക്രിക്കടയിൽനിന്ന് കിട്ടിയ പണവും അമ്മയ്ക്ക് അംഗൻവാടിയിൽ നിന്ന് ലഭിച്ച ബോണസ് തുകയുമാണെന്നും ക്രൂരമർദനത്തിന്റെ വേദനയ്ക്കിടെ പറഞ്ഞിട്ടും ഉരുട്ടുകാർ ചെവിക്കൊണ്ടില്ല. രാത്രിയോടെ സ്റ്റേഷനിൽ വെച്ച് ഉദയകുമാർ മരിച്ചു.  ആശുപത്രിയിൽ എത്തിച്ച് പോലീസ് മരണം ഉറപ്പാക്കുകയായിരുന്നു. മകനെ സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് പോലീസ് പിറ്റേ ദിവസം പ്രഭാവതി  ജോലി ചെയ്യുന്ന അംഗൻവാടിയിൽ എത്തി അറിയിച്ചു. 
മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിയപ്പോഴാണ് മനസ്സിലായത് മകന്റെ ചേതനയറ്റ ശരീരം കാണിക്കാനാണ് കൂട്ടിക്കൊണ്ടു വന്നതെന്ന്. നൊന്തു പെറ്റ അമ്മ അലമുറയിട്ട് കരഞ്ഞപ്പോൾ രാഷ്ട്രീയ കേരളം അമ്മയുടെ വിലാപം അന്ന് ഏറ്റെടുത്തു. എന്നാൽ ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാവരും കൈവിട്ടു. പിന്നീടുള്ള നിയമ പോരാട്ടം മുഴവൻ തനിച്ചായിരുന്നു.
ചെങ്കോട്ടുകോണം ആശ്രമത്തിലെ അംഗൻവാടിയിൽ ആയയായി ജോലി നോക്കുന്ന സമയത്താണ് മകന്റെ മരണം. അടച്ചുറപ്പില്ലാത്ത വീടിനു പകരം ഇന്ന് കിടന്നുറങ്ങാൻ സർക്കാർ നിർമ്മിച്ച് നൽകിയ കോൺക്രീറ്റ് വീടുണ്ട്. എന്നാൽ പ്രഭാവതിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല, മർദനത്തെ തുടർന്ന്  വേദനയെടുത്ത് പുളഞ്ഞ മകന്റെ നിലവിളിയോർത്ത്.  

 

Latest News