Sorry, you need to enable JavaScript to visit this website.

വനിതാ താരത്തിന്റെ ചുണ്ടിൽ ചുംബിച്ചതിൽ തെറ്റില്ല, രാജിവെക്കില്ലെന്ന് പ്രസിഡന്റ്

ബാഴ്സലോണ- സ്പെയിനിന്റെ വനിതാ ലോകകപ്പ് വിജയത്തിന് ശേഷം വനിതാതാരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചതിന് രാജിവെക്കില്ലെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് വ്യക്തമാക്കി. ഇദ്ദേഹം രാജിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അവസ്ഥയിലാണ് ഒരിക്കലും രാജിവെക്കില്ലെന്ന് പ്രഖ്യാപനം വന്നത്. 
46 കാരനായ റൂബിയാലെസിന്റെ രാജിക്ക് വേണ്ടി മന്ത്രിമാരും കായിക രംഗത്തെ പ്രമുഖരും മുറവിളി കൂട്ടിയിരുന്നു. ഇദ്ദേഹത്തിന് എതിരെ ഫിഫ അച്ചടക്ക നടപടി തുടങ്ങുകയും ചെയ്തു. 
എന്നാൽ ഫുട്‌ബോൾ ഫെഡറേഷന്റെ അടിയന്തര യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ഞാൻ രാജിവെക്കില്ല, ഞാൻ രാജിവെക്കില്ല, ഞാൻ രാജിവെക്കില്ല എന്നായിരുന്നു റുബിയാലെസ് ആക്രോശിച്ചത്. ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചത് ഉഭയസമ്മതപ്രകാരം ആയിരുന്നുവെന്നും ഒരു കുട്ടിയെ ചുംബിക്കുന്ന മനോഭാവമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. രാഷ്ട്രീയക്കാരിൽ നിന്നും ക്ലബ്ബുകളിൽ നിന്നും തനിക്ക് ഈ ആഴ്ച ലഭിച്ച സമ്മർദ്ദം തന്നെ പരസ്യമായി വധിക്കാനുള്ള ശ്രമമാണെന്നും ആ ആളുകൾക്കെതിരെ നടപടി സ്വീകരിച്ച് സ്വയം പ്രതിരോധിക്കുമെന്നും റൂബിയാലെസ് പറഞ്ഞു.
ഞാൻ ഒരു തെറ്റ് ചെയ്യുമ്പോൾ അത് എന്നെ വേദനിപ്പിക്കുന്നു, അത് മയപ്പെടുത്താതെ ഞാൻ ക്ഷമ ചോദിക്കുന്നു.  പക്ഷേ അഞ്ച് വർഷമായി എല്ലാ ദിവസവും അനുഭവിക്കുന്ന ഈ വേട്ടയ്ക്ക് ഞാൻ അർഹനല്ല. എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതുപോലെ, എന്റെ പരിശീലകരെപ്പോലെ, എന്റെ ടീമംഗങ്ങളെപ്പോലെ ഞാൻ യുദ്ധം തുടരും. തന്റെ ചുംബനത്തെ ലൈംഗികാതിക്രമവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. ഇങ്ങിനെയാണെങ്കിൽ യഥാർത്ഥത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകൾ എന്ത് വിചാരിക്കും?' റൂബിയാലെസ് ചോദിച്ചു. 

Latest News