Sorry, you need to enable JavaScript to visit this website.

ഹവാല പണം കവരാൻ യുവാവിനെ തട്ടിക്കൊണ്ട് പോയ ഏഴു സി.പി.എം പ്രവർത്തകർ തലശേിയിൽ അറസ്റ്റിൽ

തലശ്ശേരി-ഹവാല പണം കവർന്നെടുക്കാൻ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ.  തലശ്ശേരി ഗോപാലപേട്ട സ്വദേശിയായ ലീലാ നിവാസിൽ ധീരജ് (30)നെ തട്ടിക്കൊണ്ടുപോയി പണം തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവുമായ സി.പി സുമേഷ് ഉൾപ്പെടെ പത്തുപേർക്കെതിരെ തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.പി.എം  ഗോപാലപേട്ട ബ്രാഞ്ച് സെക്രട്ടറി ബുഡുതു എന്ന ജിജേഷ് ജെയിംസ് ഉൾപ്പെടെ ഏഴുപേരെ പോലീസ്  അറസ്റ്റ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഓഗസ്റ്റ് 18ന് വൈകുന്നേരം 5.30ന് ഗോപാലപേട്ട കൊക്കപ്പുറത്ത് വെച്ച് ബ്രാഞ്ച് സെക്രട്ടറിയായ ജിജേഷ് ജെയിംസും നോയലും ചേർന്ന് ധീരജിനെ വെള്ള ഷിഫ്റ്റ് കാറിൽ ബലമായി പിടിച്ചു കയറ്റുകയും മർദ്ദനമേറ്റ് അവശനായ ധീരജിനെ രാത്രി 11 മണിയോടെ പണം ഇല്ലെന്നു മനസ്സിലാക്കിയ സംഘം പുതിയ ബസ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിന് സമീപം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.  കോൺഗ്രസ് പ്രവർത്തകനായ ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ദിമി എന്ന സി.പി രാഹുലാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിനെ നിയന്ത്രിച്ചിരുന്നത്. സി.പി രാഹുലിന്റെ നിർദ്ദേശപ്രകാരം സി.പി സുമേഷും  അസുകുട്ടൻ എന്ന പ്രജിത്തും ചേർന്ന് ധീരജിന്റെ വീട്ടിൽ എത്തുകയും പണം എവിടെയാണ് വച്ചതെന്ന് ചോദിച്ചു പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. ജിജേഷ് ജെയിംസും നോയലും വീട്ടിനുള്ളിൽ അതിക്രമിച്ചു കയറുകയും വീട് മുഴുവൻ പരിശോധന നടത്തുകയും ചെയ്തു. പ്രായമായ അമ്മയും രണ്ട് സഹോദരിമാരുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിനുശേഷം അമ്മയും സഹോദരിമാരും നേരിട്ട് തലശ്ശേരി എ.സി.പി ഓഫീസിൽ എത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയതും  മുഴുവൻ പ്രതികളെയും തിരിച്ചറിയാൻ കഴിഞ്ഞതും.
സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ട് സുമേഷിനെ കേസിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയിട്ടുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നിരുന്നു. നഷ്ടപ്പെട്ട രണ്ടരക്കോടി രൂപ  ആരുടേതാണെന്നും അവരും സി.പി.എം നേതാക്കളും തമ്മിലുള്ള ബന്ധം എന്താണെന്നും അന്വേഷണ വിധേയമാക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കേരളവും കർണാടകവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ഹവാല ഇടപാടുകാരിൽ നിന്നും കുറച്ചു ദിവസങ്ങൾക്കു മുൻപ് അജ്ഞാത സംഘം തട്ടിയെടുത്ത രണ്ടരക്കോടി രൂപ നിറച്ച കറുത്ത ബാഗ് അന്വേഷിച്ച് കർണാടക പോലീസ് കൂത്തുപറമ്പ് തലശ്ശേരി ഭാഗങ്ങളിൽ എത്തിയിരുന്നു. പണം തട്ടിയെടുത്ത സംഘം തന്നെ ധീരജിനെ ബലിയാടാക്കിയതാണ്  എന്ന് പോലീസ് സംശയിക്കുന്നു.  ഗോപാലപേട്ട, മുഴപ്പിലങ്ങാട്, മാക്കുനി സ്വദേശികളായ സജീവ സി.പി.എം പ്രവർത്തകരും സ്ഥിരം കുറ്റവാളികളും ആയ സ്‌നേഹതീരത്തിൽ നോയൽ ലാൻസി, മുഴപ്പിലങ്ങാട് സമുദ്രയിൽ രാഹുൽ സി.പി, ചമ്പാട് ഷക്കീൽ,പാറക്കണ്ടി വീട്ടിൽ ലയേഷ്, ഫാത്തിമാസിൽ മുഹമ്മദ് ഫർഹാൻ, ജിജോ,  ജിജേഷ് ജെയിംസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

Latest News