Sorry, you need to enable JavaScript to visit this website.

കലാലയ രാഷ്ട്രീയത്തോട് വിയോജിപ്പ് -ഗവർണർ

കൊച്ചി - കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. വിദ്യാർഥികൾ ആദ്യം പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. പഠനം പൂർത്തിയാക്കിയിട്ട് മതി, രാഷ്ട്രീയ പ്രവർത്തനം. കാമ്പസ് രാഷ്ട്രീയത്തിനുള്ള ഹൈക്കോടതി ഉത്തരവ് മാനിക്കുന്നുവെങ്കിലും വിദ്യാഭ്യാസത്തിന് തന്നെയാണ് കാമ്പസ് മുൻഗണന നൽകേണ്ടത്.  മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സർവ്വകലാശാലയിൽ നടക്കുന്ന സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളിലേയും വൈസ് ചാൻസലർമാരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേൻമ ഉയർത്തുന്നതിനായി സർവ്വകലാശാലകളുടെ ഉന്നത അധികാരികളായ വൈസ് ചാൻസലർമാർ തങ്ങളിൽ നിക്ഷിപ്തമായ അധികാരവും പരിജ്ഞാനവും അനുഭവ ജ്ഞാനവും പരമാവധി പ്രയോജനപ്പെടുത്തി സർവ്വകലാശാല, സെനറ്റ്, സിൻഡിക്കേറ്റ്, വിദ്യാർത്ഥി, ഉദ്യോഗസ്ഥ സമൂഹത്തെ നിരുപാധികം പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന്  പി. സദാശിവം നിർദേശിച്ചു. ''സർവ്വകലാശാലകളെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഊർജസ്വലവും ഭാവനാപൂർണവുമായ നേതൃത്വം അവർ നൽകണം. ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി എല്ലാ സർവ്വകലാശാലകളിലും  അഫിലിയേറ്റഡ് കോളേജുകളിലും ഇന്റേണൽ കംപ്ലയിന്റസ് കമ്മിറ്റിയുടെ പ്രവർത്തനം കൃത്യമായി നടപ്പിലാക്കണം.  വിദ്യാർത്ഥിനികൾക്കായുള്ള ഹോസ്റ്റലുകളിൽ മുറികളുടെ ലഭ്യത വർദ്ധിപ്പിക്കണം. പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും നേരിടുന്ന കാലതാമസം ഒഴിവാക്കണം. 
സർവ്വകലാശാലകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സ്ഥിരമായി അപ്‌ഡേറ്റ്  ചെയ്യണം. അതത് ഘട്ടങ്ങളിൽ, സന്നദ്ധരായ രക്തദാതാക്കളുടെ വിവരങ്ങൾ വെബ്‌സൈറ്റുകളിൽ ലഭ്യമാക്കണം. പരിസ്ഥിതിക്കനുയോജ്യമായി മാലിന്യ നിർമാർജ്ജനം, ഊർജ സംരക്ഷണം, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവക്ക് മുൻതൂക്കം നൽകിക്കൊണ്ടുളള മാതൃകാ കാമ്പസുകളാവണം സർവ്വകലാശാലകളിലേത്. നടപടിക്രമങ്ങളുടെ കാഠിന്യം ലഘൂകരിച്ച് സർവ്വകലാശാലകളിൽ വിദ്യാർത്ഥി സൗഹൃദാന്തരീക്ഷമുണ്ടാകണം' -അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി സർവ്വകലാശാലകൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളെ ദത്തെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളെപ്പറ്റി ബോധ്യപ്പെടുത്തി സ്മാർട്ട് വില്ലേജുകൾ വാർത്തെടുക്കുന്നതിനുതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കണം. വിവരസാങ്കേതിക വിദ്യയെ ആസ്പദമാക്കിയുള്ള പഠനോപാധികൾ കാര്യക്ഷമമായ അദ്ധ്യാപനത്തിനായി പ്രയോജനപ്പെടുത്തണം. നാക് അക്രഡിറ്റേഷൻ ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2022 ാമാണ്ടോടുകൂടി കുറഞ്ഞത് 2.5 എന്ന സ്‌കോർ കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ  ആവിഷ്‌കരിച്ചു നടപ്പിലാക്കണം. കേരള സ്റ്റാർട്ട് അപ്പ് മിഷനുകളുടെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
നേരത്തേ സർവ്വകലാശാലയിലെത്തിയ ഗവർണറെ വൈസ് ചാൻസലർ ഡോ. ജെ. ലത സ്വീകരിച്ചു.  സംസ്ഥാനത്തെ 13 സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാർ യോഗത്തിൽ പങ്കെടുത്തു.
 

Latest News