Sorry, you need to enable JavaScript to visit this website.

വീണ മറ്റു കമ്പനികളിൽനിന്നും കോടികൾ വാങ്ങി; വിശദാംശം അറിഞ്ഞാൽ കേരളം ഞെട്ടും-മാത്യു കുഴൽനാടൻ

തൊടുപുഴ-മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സി.എം.ആർ.എലിൽനിന്ന് മാത്രമല്ല, മറ്റു കമ്പനികളിൽനിന്നും കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നും ഇതിന്റെ വിവരമറിഞ്ഞാൽ കേരളം ഞെട്ടുമെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. വീണ വിജയന്റെയും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന കമ്പനിയും നിരവധി കമ്പനികളിൽനിന്ന് മാസപ്പടിയായി കോടികൾ വാങ്ങിയിട്ടുണ്ട്. ഔദ്യോഗികമായി കണ്ടെത്തിയ 1.72 കോടി രൂപക്ക് പുറമെ ഒരു തുകയും വാങ്ങിയിട്ടില്ല എന്ന് വീണയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പറയാൻ തയ്യാറുണ്ടോ. അങ്ങിനെ വാങ്ങിയിട്ടില്ല എന്ന് പറഞ്ഞാൽ ഏത് കമ്പനിയിൽനിന്ന് വാങ്ങിയിട്ടുണ്ട് എന്നതിന്റെ തെളിവ് പുറത്തുവിടാമെന്നും മാത്യു പറഞ്ഞു. 
കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ളയാണെന്ന് മാത്യു കുഴൽനാടൻ ആവർത്തിച്ചു. 
കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി കൈപ്പറ്റിയിട്ടുണ്ട് എന്നത് കേരളത്തിന് അറിയാം. വീണ വിജയന്റെ എക്കൗണ്ട് സംബന്ധിച്ച് പുറത്തുവിടാത്തത് ധാർമികമായി ശരിയല്ലാത്തത് കൊണ്ടാണ്.
ആരും വിചാരിക്കുന്നത് പോലെയുള്ള സാമ്പത്തിക ഇടപാടുകൾ അല്ല നടന്നത്. ഒരു കമ്പനിയുടെ കാര്യം മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. നിരവധി കമ്പനികളിൽനിന്ന് വീണ പണം കൈപ്പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് ആ എക്കൗണ്ടും രേഖകളും പുറത്തുവിടാത്തത്. ഈ വിവരങ്ങൾ പുറത്തുവിടുന്നതിന് പരിധിയുണ്ട്. 1.72 ലക്ഷം എന്നത് ഒരു ഫിഗറേ അല്ല. വീണയുടെ എക്കൗണ്ടിൽ 55 ലക്ഷം വാങ്ങി എന്നതാണ് ഔദ്യോഗിക വിവരം. വീണക്ക് ഒരു ജി.എസ്.ടി എക്കൗണ്ടുണ്ട്. എക്‌സാലോജിക്കിന് വേറെ ജി.എസ്.ടി എക്കൗണ്ടുണ്ട്. കരിമണൽ കമ്പനിയിൽനിന്ന് ഇരട്ടി തുക എത്തിയിട്ടുണ്ട്. ഇല്ല എന്ന് തെളിയിക്കാൻ വീണ തയ്യാറാകണം. വീണക്ക് ഈ തുക മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് പറയാൻ കഴിയുമോ. അല്ലെങ്കിൽ കേരളത്തിലെ ജനം നിങ്ങളുടെ എക്കൗണ്ട് വിശദാംശങ്ങൾ അറിയട്ടെ. നിരവധി കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം കൈപ്പറ്റിയിട്ടുണ്ട്.
കേരളത്തിൽ ആസൂത്രിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണ്. 
വീണയുടെ കമ്പനി രേഖകൾ കാണിക്കുന്നത് 72 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിച്ചു എന്നാണ്. എന്നിട്ടും എങ്ങിനെയാണ് പണം വരിക. ബ്ലാക്കായി വരുന്ന പണം വൈറ്റായി മാറ്റുന്ന പ്രക്രിയയാണ് നടന്നത്. എക്‌സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് അവർ പറയുന്നത് എജ്യുക്കേഷനുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് നടത്തുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കരിമണൽ കമ്പനിക്ക് എന്തിനാണ് എജ്യുക്കേഷൻ സോഫ്റ്റ് വെയർ. 
വീണ വിജയന്റെ കമ്പനി ഒരു തരത്തിലുള്ള ഐ.ടി സേവനങ്ങളും നൽകിയിട്ടില്ല. എന്നിട്ടും 1.72 കോടി രൂപയാണ് കർത്തയുടെ കമ്പനി വീണ വിജയന് നൽകിയത്. നേരത്തെ സെറ്റിൽമെന്റ് ബോർഡിന് മുന്നിൽ നൽകിയ മൊഴി മാറ്റാൻ വീണയും കർത്തയും നിർബന്ധിച്ചു. സി.എം.ആർ.എലിൽനിന്ന് കൈപ്പറ്റിയത് കോടാനുകോടി രൂപയാണ്. വീണയോട് ചോദിക്കാൻ ആഗ്രഹിക്കുന്നില്ല. അവരുടെ കേസ് ഏറ്റെടുത്തത് സി.പി.എം സംസ്ഥാന സമിതിയാണ്. 
തോമസ് ഐസകിനോട് ഐ.ജി.എസ്.ടി കണക്ക് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആവേശം വന്നു. അദ്ദേഹം ഗോൾ പോസ്റ്റ് മാറ്റാനാണ് ശ്രമിച്ചത്. 
മുഖ്യമന്ത്രിയുടെ മകൾ ചെന്നെത്തിയിരിക്കുന്നത് വലിയ കുരുക്കിലാണ്. ഇന്ന് രണ്ടു ജി.എസ്.ടിയും വീണ വിജയൻ ക്ലോസ് ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്. എന്തുകൊണ്ടാണ് ഇത് അടച്ചത്. ഈ കമ്പനിയിൽനിന്ന് നിങ്ങൾ എത്ര കോടി വാങ്ങി, വേറെ എത്ര കമ്പനിയിൽനിന്ന് എത്ര കോടികൾ വാങ്ങി എന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ അറിയണം. കേരളം അറിഞ്ഞാൽ ഞെട്ടും. മകളുടെ പേരിൽ ആരോപണം ഉയർന്നിട്ടും ഒരു വാക്ക് പോലും മുഖ്യമന്ത്രി പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ ആവർത്തിച്ചു.  
കേരളത്തിൽ കോടാനുകോടി നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടും മുന്നോട്ടുപോകാനാകുന്നില്ല. ഇതിന്റെ കാരണം പറയാൻ ധനമന്ത്രിക്ക് സാധിക്കുമോ. മുഖ്യമന്ത്രിയുടെ മകളുടെ എക്കൗണ്ടിലേക്കും കമ്പനിയുടെ എക്കൗണ്ടിലേക്കും എത്ര കോടി വന്നു എന്ന വിവരം പുറത്തുവിടാൻ സി.പി.എം തയ്യാറാകണം. 
1.72 ലക്ഷത്തിന് പുറമെ ഒരു പണവും കൈപ്പറ്റിയിട്ടില്ല എന്ന് പറയാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സാധിക്കുമോ. വീണ നികുതി അടച്ചിട്ടുണ്ടോ എന്നതല്ല ചോദ്യം, സി.എം.ആർ.എലിൽനിന്നും മറ്റു കമ്പനികളിൽനിന്നും എത്ര കോടികൾ വാങ്ങിയിട്ടുണ്ടോ എന്നാണ് കേരളം അറിയേണ്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 

Latest News