Sorry, you need to enable JavaScript to visit this website.

ചുണ്ടുകളിൽ ചായമടിക്കുമ്പോൾ...

തത്തമ്മച്ചുണ്ട് ചുവന്നത് തളിർവെറ്റില  തിന്നിട്ടോ...  എന്ന വരിയെഴുതിയത്  യൂസഫലി കേച്ചേരിയാണ്. ജി. ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച പതിനാലാവാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ എന്ന്  തുടങ്ങുന്ന  ആ  പ്രസിദ്ധ ഗാനം 'മരം'  എന്ന സിനിമക്ക് വേണ്ടി യേശുദാസാണ് ആലപിച്ചത്.   നൂറ്റാണ്ടുകളായി   ലോകമെങ്ങും സ്ത്രീകളിൽ ചിലർ തങ്ങളുടെ ചുണ്ടുകൾ തടിച്ചതും ആകർഷകവുമാണെന്ന് തോന്നിപ്പിക്കുന്നതിന് ലിപ്സ്റ്റിക്കുകൾ, ലിപ് ഗ്ലോസുകൾ, ലിപ് ലൈനറുകൾ, മറ്റു സൗന്ദര്യവർധക വസ്തുക്കൾ എന്നിവ ഉപയോഗിക്കാറുണ്ട്. പുരാതന കാലത്ത്, ഈ സൗന്ദര്യവർധക വസ്തുക്കൾ ചുവന്ന സരസഫലങ്ങൾ, പൊടിച്ച രത്‌നങ്ങൾ അല്ലെങ്കിൽ ചില ചെടികളിൽ നിന്നും പൂക്കളിൽ നിന്നും വേർതിരിച്ചെടുത്ത ചായങ്ങൾ പോലെയുള്ള പ്രകൃതിദത്ത വസ്തുക്കളിൽ നിന്നാണ് നിർമിച്ചിരുന്നത്. പത്തൊൻപതാം നൂറ്റാണ്ട് മുതൽക്കാണ് സൗകര്യപ്രദമായി പാക്ക് ചെയ്തതും കൂടുതലും മെഴുക്, കൃത്രിമ കളറിംഗ് എന്നിവ അടങ്ങിയ ഒരു മനുഷ്യ നിർമിത ഉൽപന്നം എന്ന നിലയിൽ ലിപ്സ്റ്റിക്ക് ലഭ്യമായത്. അടുത്ത കാലത്താണ്  ലിപ്‌സ്റ്റിക് ഉപയോഗം  മലയാളികൾക്കിടയിൽ ഏറെ വ്യാപകമായത്.
ഇപ്പോൾ സ്ത്രീകൾക്ക് അവരുടെ വസ്ത്രധാരണം, സന്ദർഭം, മാനസികാവസ്ഥ, ശൈലി എന്നിവ അനുസരിച്ച് ഷേഡ് തെരഞ്ഞെടുക്കാവുന്ന തരത്തിൽ വൈവിധ്യമാർന്ന ലിപ്‌സ്റ്റിക്കുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഒന്നോ രണ്ടോ അതിൽ കൂടുതലോ ലിപ്‌സ്റ്റിക്കുകൾ ബാഗിൽ കരുതാത്ത വിദ്യാർത്ഥിനികൾ കുറവാണത്രേ. പ്രത്യേകിച്ച് കൗമാരക്കാരികളിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ലിപ്‌സ്റ്റിക്ക്  ഏറെ സഹായിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്. ചില പ്രത്യേക കാലാവസ്ഥകളിൽ, ചില ഭൂപ്രദേശങ്ങളിൽ ചുണ്ടുകളുടെ വരൾച്ച, വീണ്ടുകീറൽ, നിറവ്യത്യാസങ്ങൾ എന്നിവ മറയ്ക്കാനും ഇവ സാധാരണ  ഉപയോഗിക്കാറുണ്ട്.  സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് ആശങ്കകൾ പേറുന്നവരിലാണ് പൊതുവെ ലിപ്‌സ്റ്റിക്കുകളുടെ ഉപയോഗം കൂടുതലായി കണ്ടു വരുന്നത് എന്ന് പറയാറുണ്ട്.  
മിക്ക സൗന്ദര്യവർധക വസ്തുക്കളും ദോഷം വരുത്തുന്നുണ്ടെങ്കിലും ലിപ്‌സ്റ്റിക്കിന്റെ പാർശ്വഫലങ്ങൾ ശരീരത്തിന് വളരെ അപകടകരമാണ് എന്ന കാര്യം പലരും ഗൗരവമായി  കാണാറില്ല. ചുണ്ടിൽ പുരട്ടുന്നതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ലിപ്‌സ്റ്റിക് നേരിട്ട് ശരീരത്തിനകത്ത് കയറുന്ന രാസപദാർത്ഥങ്ങളാണ്. ഇക്കാരണത്താൽ, ദോഷകരമായ രാസവസ്തുക്കൾ നേരിട്ട് ദഹന വ്യവസ്ഥയിൽ എത്തും. അമിതമായ ലിപ്‌സ്റ്റിക് ഉപയോഗം ചുണ്ടുകളെ ക്രമേണ കേടുവരുത്തുക മാത്രമല്ല, ആരോഗ്യത്തിന്  തന്നെ വലിയ തോതിൽ ഹാനികരവുമാണെന്ന് ലിപ്‌സ്റ്റിക്കുകളെ കുറിച്ചുള്ള പഠന ഗവേഷണങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അടുത്തിടെ, കാലിഫോർണിയ സർവകലാശാലയിലെ ബെർക്ക്ലി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണം, ഭൂരിഭാഗം ലിപ് ഗ്ലോസുകളിലും ലിപ്‌സ്റ്റിക്കുകളിലും ഹാനികരമായ അളവിൽ ക്രോമിയം, ലെഡ്, അലുമിനിയം, കാഡ്മിയം എന്നിവയും കൂടാതെ മനുഷ്യന് വിഷലിപ്തമായ മറ്റു നിരവധി ലോഹങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലിപ്‌സ്റ്റിക്കിലും മറ്റു സൗന്ദര്യവർധക വസ്തുക്കളിലും ലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്ന മുൻപഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ലോഹ പദാർത്ഥങ്ങളുടെ സാന്ദ്രത യഥാർത്ഥത്തിൽ വിശകലനം ചെയ്യുകയും അളക്കുകയും ചെയ്യുന്ന ആദ്യ പഠനമാണിത്.
ഓരോ ദിവസവും സാധാരണ ഉപയോക്താക്കൾ ഈ വിഷ ലോഹങ്ങൾ എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഈ അളവുകളിൽ തുടർച്ചയായി ഇത്തരം രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്  ദീർഘകാല ആരോഗ്യ പ്രശ്‌നമായി മാറുമെന്ന് പഠനം  കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 24 മണിക്കൂറിനുള്ളിൽ  രണ്ടോ മൂന്നോ ലിപ്‌സ്റ്റിക് പ്രയോഗിക്കുന്ന വ്യക്തികളിൽ രോഗസാധ്യത കൂടുതലാണ്. ചില ലിപ് ഗ്ലോസുകളുടെയും ലിപ്‌സ്റ്റിക്കുകളുടെയും ശരാശരി ഉപയോഗം ഒരു വ്യക്തിക്ക് അമിതമായ അളവിൽ ക്രോമിയം സ്വീകരിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് റിപ്പോർട്ട് കൂടുതൽ ഊന്നിപ്പറയുന്നു. ഇത് വയറിലെ മുഴകളുടെ വികാസവുമായി ബന്ധപ്പെട്ട അർബുദങ്ങളിലേക്ക് പോലും നയിച്ചേക്കാം.
മിക്ക ലിപ്‌സ്റ്റിക്കുകളിലും ലെഡ് കാണപ്പെടുന്നു. ലെഡ് ശരീരത്തിന് വളരെ ദോഷകരമാണ്. ഇത് രക്താതിമർദത്തിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകും. ലിപ്‌സ്റ്റിക്കിൽ ശരീരത്തിന് ദോഷം ചെയ്യുന്ന പല തരത്തിലുള്ള പ്രിസർവേറ്റീവുകൾ ഉണ്ട്. ഇവയുടെ അളവ് കൂടുതലാണെങ്കിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കാൻസറിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന അത്തരത്തിലുള്ള ഒരു പ്രിസർവേറ്റീവാണ് പാരബെൻ. ഇതുമൂലം സ്തനാർബുദത്തിന്റെ പ്രശ്‌നം സ്ത്രീകളിൽ കണ്ടുവരുന്നു.
യഥാർത്ഥത്തിൽ, ലിപ്‌സ്റ്റിക്കിൽ ബിസ്മത്ത് ഓക്‌സിക്ലോറൈഡ് ഒരു പ്രിസർവേറ്റീവായി ഉപയോഗിക്കുന്നു. ഇതിൽ നിന്നും കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
ഇത് ശരീരത്തിന് അസുഖം ഉണ്ടാക്കും. പലർക്കും ഇത് അലർജിയാണ്.
ഗർഭിണിയായ സ്ത്രീകൾ ലിപ്‌സ്റ്റിക്  പുരട്ടുന്നത്  ഭീകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധർ കർശനമായി  മുന്നറിയിപ്പ് നൽകുന്നതായി കാണാം.
ലിപ്‌സ്റ്റിക് പ്രിസർവേറ്റീവുകൾക്ക് കണ്ണിലെ ചൊറിച്ചിൽ, ശ്വാസതടസ്സം, മറ്റു ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാക്കുന്നതിലൂടെ ഉപയോക്താക്കളെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. ലിപ്‌സ്റ്റിക്കുകളിൽ കാണപ്പെടുന്ന ഘനലോഹങ്ങൾ അവയവങ്ങളെ ദോഷകരമായി ബാധിക്കാനും അപകടകരമായ അണുബാധകൾ പടർത്താനും സാധ്യതയുണ്ട്. വളരെ ഉയർന്ന കാഡ്മിയം സാന്ദ്രത മൂലമാണ് വൃക്കസംബന്ധമായ പരാജയം സംഭവിക്കുന്നത്   എന്ന കാര്യവും നിസ്സാരമായി കാണരുത്.
ലിപ്‌സ്റ്റിക് ഉപയോഗിക്കാതിരിക്കാൻ തീരെ കഴിയാത്തവർ വില കുറഞ്ഞ ബ്രാൻഡുകളിൽ നിന്ന് ലിപ്‌സ്റ്റിക് വാങ്ങരുത്. നല്ല ബ്രാൻഡുകളിൽ നിന്ന് മാത്രം ലിപ്‌സ്റ്റിക് വാങ്ങുക, അതിന്റെ ചേരുവകൾ പരിശോധിക്കുക. അത്രയും അത്യാവശ്യമാണെങ്കിൽ  ഹെർബൽ ലിപ്‌സ്റ്റിക് ഉപയോഗിക്കാം. ലിപ്‌സ്റ്റിക് വാങ്ങുമ്പോൾ ഇരുണ്ട ഷേഡുകൾ എടുക്കുന്നത് ഒഴിവാക്കാൻ നിർദേശിക്കപ്പെട്ടിട്ടുണ്ട്. കാരണം കനത്ത ലോഹങ്ങൾ ഇരുണ്ട ഷേഡുകളിൽ കൂടുതലാണ്. ലിപ്‌സ്റ്റിക് പ്രയോഗിക്കുന്നതിന് മുമ്പ്, ചുണ്ടിൽ നെയ്യോ പെട്രോളിയം ജെല്ലിയോ പുരട്ടുന്നതും നല്ലതാണത്രേ. ഇത് പാർശ്വഫലങ്ങൾ കുറയ്ക്കും. ലിപ്‌സ്റ്റിക്കുകൾ ഉണ്ടാക്കുന്ന പിഗ്മെന്റേഷൻ നീക്കം ചെയ്യാൻ പഞ്ചസാരയും തേനും ചേർത്ത് ചുണ്ടുകൾ സ്‌ക്രബ് ചെയ്യുന്നതും നന്നായിരിക്കും.
 

Latest News