Sorry, you need to enable JavaScript to visit this website.

ഡ്രോൺ പറത്താം, ലൈസൻസോടെ; അവസരമൊരുക്കി അസാപ് കേരള

*പരിശീലനം കാസർകോട് പാർക്കിൽ

കാസർകോട്- കല്ല്യാണ വീടുകളിലോ, ഗാനമേളയ്‌ക്കോ,  പൊതുയോഗത്തിനിടയിലോ എവിടെയായാലും ഡ്രോൺ പറത്താൻ ലൈസൻസ് നിർബന്ധമാണ്. രാജ്യത്ത് നിലനിൽക്കുന്ന നിയമ പ്രകാരം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഡ്രോൺ പറത്തുന്നത് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അസാപ് കാസർകോട് സെന്റർ ഹെഡ് സുസ്മിത്ത് എസ് മോഹൻ പറഞ്ഞു. ഡി.ജി.സി.എ ഡ്രോൺ റൂൾസ് 2021 ലെ ഓപ്പറേഷൻ ഓഫ് അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റംസ് നാലാമത്തെ പാർട്ടിൽ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ അറിവില്ലായ്മ മൂലമോ, ട്രെയിനിംഗ് എങ്ങനെ നേടാം എന്ന വിവരങ്ങൾ ലഭ്യമല്ലാത്തതിനാലോ പലരും ഈ നിയമം ലംഘിക്കാറുണ്ട്. ഭീമമായ പിഴയൊടുക്കേണ്ടി വന്നവരും നിരവധിയാണ്. ഏതു വലിപ്പത്തിലുമുള്ള വാണിജ്യ ആവശ്യത്തിനുള്ള ഡ്രോൺ പറത്താനും ഒരാൾക്ക് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ഓട്ടോനാമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (എ.യു.എ.എസ്) അക്കൗണ്ടബിൾ മാനേജർ കെ.ശിവപ്രസാദ് പറഞ്ഞു. ലൈസൻസ് നേടാനുള്ള ആദ്യപടി ഒരു ഡി.ജി.സി.എ അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം നേടി ഡി.ജി.സി.എ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നേടുക എന്നതാണ്. കേരള സർക്കാർ ഇതിനൊരു അവസരം ഒരുക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കാസർകോട് വിദ്യാനഗർ ഉള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇതിനുള്ള പരിശീലനം നൽകുന്നു. കേരളത്തിലെ ഏക റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ ആയ ഓട്ടോനോമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്‌സിലാണ് പരിശീലനം. ഇത് വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർ ഡ്രോൺ പറത്താൻ യോഗ്യരാകും. ഡി.ജി.സി.എ നിഷ്‌കർഷിക്കുന്ന ക്രമത്തിൽ ആണ് പരിശീലനം. ഫ്‌ളൈറ്റ് ആസൂത്രണം, പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എന്നിവ ഈ പരിശീലനത്തിൽ ഉൾപ്പെടുന്നു. ഇതു വരെ 47 പേര് അസാപ് കേരള വഴി പരിശീലനം പൂർത്തിയാക്കി. അതിൽ മൂന്നുപേർ വനിതകളാണ്. റിൻഷാ പട്ടക്കൽ, സൗമ്യ കണ്ടലായി, വോറ്യ മാറ്റ് എന്നിവരാണ് അവർ.

Latest News