Sorry, you need to enable JavaScript to visit this website.

അപൂർവ്വ പക്ഷികളും ചെടികളുമായി കിംഗ് സൽമാൻ വൈൽഡ് ലൈഫ് റിസേർവ് 

റിയാദ്- 400 ലധികം അപൂർവ്വയിനം സസ്യലതാദികളും 300 ലേറെ പക്ഷിപറവകളുമായി കിംഗ് സൽമാൻ വൈൽഡ് ലൈഫ് റിസർവ് മേഖല സൗദിയിലെ പരിസ്ഥിതി വന്യജീവി സങ്കേതങ്ങളുടെ കൂട്ടത്തിൽ വ്യത്യസ്തമാകുന്നു. ലോകാടിസ്ഥാനത്തിൽ തന്നെ വംശ നാശ ഭീഷണി നേരിടുന്ന 20 ലധികം പക്ഷികൾ ഇവിടെയുണ്ട്. കിംഗ് സൽമാൻ വൈൽഡ് ലൈഫ് റിസർവ് വനമേഖല അതോറിറ്റിയുടെ അവസാന കണക്കെടുപ്പ് പ്രകാരം സൗദിയിൽ കാണപ്പെടുന്ന അഞ്ഞൂറോളം പക്ഷി പറവകളിൽ 288 ഇനങ്ങളും ഇവിടെയുണ്ട്. സൗദിയിൽ കാണപ്പെടുന്ന പക്ഷിപറവകളുടെ 57 ശതമാനം വരുമിത്. അടുത്തിടെയായി വന്യജീവിസങ്കേതത്തിൽ കാണപ്പെടാൻ തുടങ്ങിയ  രണ്ടു വിഭാഗം അപൂർവ്വയിനം പക്ഷികളിലൊന്നാണ് മെലിഞ്ഞ കൊക്കുള്ള ഫ്‌ളെമിംഗോ പക്ഷികൾ, സാധാരണയായി ശൈത്യ മേഖലകളിൽ  സമുദ്ര തീരങ്ങളിൽ മാത്രമാണ് ഇവയെ കണ്ടു വരാറുള്ളത് മരുപ്രദേശങ്ങളിൽ ഇവയെ കാണാറില്ലെങ്കിലും കിംഗ് സൽമാൻ വൈൽഡ് ലൈഫ് റിസേർവിൽ ഇവയെത്തിയത് റിസേർവിലെ അനുകൂല സാഹചര്യങ്ങൾ കൊണ്ടായിരിക്കാമെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. റിസേർവിൽ കാണപ്പെട്ട മറ്റൊരിനം പക്ഷിയാണ് അപൂർവ്വമായി മാത്രം ഗൾഫ് രാജ്യങ്ങളിലൂടെ കടന്നു പോകുന്ന ദേശാടന പക്ഷികളിൽ പെട്ട മഞ്ഞ ഫ്‌ളെമിംഗോകൾ. തീരദേശങ്ങൾ വിട്ടുകടക്കാനുള്ള ഇടത്താവളമായാണ് ഇവ റിസേർവ് മേഖല തെതെഞ്ഞെടുക്കുന്നത്. പക്ഷികൾ ഭൂഖണ്ഡാതിർത്തികൾ വിട്ട് ദേശാടനം നടത്തുന്നതിനുപയോഗിക്കുന്ന അഞ്ചോളം റൂട്ടുകൾക്ക് നേരെയാണ് റിസേർവ് സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ ഇവിടെയുള്ള അപൂർവ്വ പക്ഷികളിലധികവും ദേശാടന പക്ഷികളുമാണ്. സൗദിയുടെ വടക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന റിസേർവ് രാജ്യത്തെ ആറോളം റോയൽറിസേർവുകളിൽ ഏറ്റവും വലുതാണ്. മുമ്പ് നിലവിലുണ്ടായിരുന്ന ഹറ, ഹനഫ, ത്വബൈഖ് എന്നീ മൂന്ന് വൈൽഡ് റിസേർവുകളിലേക്കു പുതുതായിയുൾപെടുത്തിയ പ്രദേശങ്ങളും ചേർത്ത് 2018 ലാണ് കിംഗ് സൽമാൻ റോയൽ റിസേർവ് പ്രഖ്യാപിച്ചത്. ഹായിൽ മുതൽ ജോർദാൻ അതിർത്തി പ്രദേശങ്ങളായ ഖുറയ്യാത്ത് തുറൈഫ് നഗരങ്ങൾ വരെയും തബൂക്ക് തൈമ നഗരങ്ങൾ മുതൽ ദോമ വരെ വിസ്തൃതിയുള്ളതുമാണ് കിംഗ് സൽമാൻ റോയൽ റിസേർവ് മേഖല. 

Latest News