Sorry, you need to enable JavaScript to visit this website.

ലോകത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയ രണ്ടാമത്തെ കമ്പനി സൗദിയിൽ

ജിദ്ദ - ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും ഇക്കഴിഞ്ഞ പാദത്തിൽ ലോകത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയ രണ്ടാമത്തെ കമ്പനിയായി സൗദി അറാംകൊ മാറി. രണ്ടാം പാദത്തിൽ കമ്പനി 30.1 ബില്യൺ ഡോളറാണ് ലാഭമുണ്ടാക്കിയത്. ലോകത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയ പത്തു കമ്പനികൾ രണ്ടാം പാദത്തിൽ ആകെ 168.6 ബില്യൺ റിയാലാണ് ലാഭം നേടിയത്. ഇതിന്റെ 18 ശതമാനം സൗദി അറാംകൊ വിഹിതമാണ്. അമേരിക്കൻ ബില്യണയർ വാറൻ ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള ബെർക്ഷീർ ഹാദവേ കമ്പനിയാണ് രണ്ടാം പാദത്തിൽ ലോകത്ത് ഏറ്റവുധികം ലാഭം നേടിയത്. കമ്പനി 35.9 ബില്യൺ ഡോളർ ലാഭം കൈവരിച്ചു. മൂന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് 20.1 ബില്യൺ ഡോളറും നാലാം സ്ഥാനത്തുള്ള ആപ്പിൾ കമ്പനി 19.9 ബില്യൺ ഡോളറും അഞ്ചാം സ്ഥാനത്തുള്ള ഗൂഗിളിന്റെ മാതൃകമ്പനിയായ അൽഫാബെറ്റ് 18.4 ബില്യൺ ഡോളറും രണ്ടാം പാദത്തിൽ ലാഭം നേടി. 
ആറാം സ്ഥാനത്ത് അമേരിക്കൻ ബാങ്ക് ആയ ജെ.പി മോർഗൻ ആണ്. പലിശ നിരക്കുകൾ ഉയർത്തിയത് നേട്ടമാക്കി ജെ.പി മോർഗൻ ബാങ്ക് രണ്ടാം പാദത്തിൽ 14.5 ബില്യൺ റിയാൽ ലാഭം നേടി. ഏഴാം സ്ഥാനത്തുള്ള അമേരിക്കൻ എണ്ണ കമ്പനിയായ എക്‌സൺ മൊബീൽ 7.9 ബില്യൺ ഡോളറും എട്ടാം സ്ഥാനത്തുള്ള മെറ്റ (ഫെയ്‌സ്ബുക്ക്) 7.8 ബില്യൺ ഡോളറും ഒമ്പതാം സ്ഥാനത്തുള്ള ബാങ്ക് ഓഫ് അമേരിക്ക 7.4 ബില്യൺ ഡോളറും പത്താം സ്ഥാനത്തുള്ള ആമസോൺ കമ്പനി 6.8 ബില്യൺ റിയാലും മൂന്നു മാസത്തിനിടെ ലാഭം നേടി. 
ലോകത്തെ ഏറ്റവും വലിയ അഞ്ചു എണ്ണ കമ്പനികൾ രണ്ടാം പാദത്തെ ലാഭവിഹിതമായി ആകെ വിതരണം ചെയ്യുന്ന തുകയെക്കാൾ 144 ശതമാനം കൂടുതലാണ് സൗദി അറാംകൊ ഒറ്റക്ക് വിതരണം ചെയ്യുന്ന ലാഭവിഹിതം. എക്‌സൺ മൊബീൽ, ചെവ്‌റോൺ, ടോട്ടൽ, ഷെൽ, ബ്രിട്ടീഷ് പെട്രോളിയം എന്നീ അഞ്ചു കമ്പനികൾ ആകെ 12.06 ബില്യൺ ഡോളറാണ് ലാഭവിഹിതമായി വിതരണം ചെയ്യുന്നത്. ലാഭവിഹിതമായി സൗദി അറാംകൊ 29.4 ബില്യൺ ഡോളർ ഓഹരിയുടമകൾക്കിടയിൽ വിതരണം ചെയ്യുന്നുണ്ട്. എക്‌സൺ മൊബീൽ 3.7 ബില്യൺ ഡോളറും ചെവ്‌റോൺ 2.8 ബില്യൺ ഡോളറും ടോട്ടൽ രണ്ടു ബില്യൺ ഡോളറും ഷെൽ കമ്പനി 2.2 ബില്യൺ ഡോളറും ബ്രിട്ടീഷ് പെട്രോളിയം 1.3 ബില്യൺ ഡോളറുമാണ് രണ്ടാം പാദത്തെ ലാഭവിഹിതമായി വിതരണം ചെയ്യുന്നത്. 
രണ്ടാം പാദത്തിൽ ലോകത്തെ വൻകിട എണ്ണ കമ്പനികൾ ആകെ 54 ബില്യൺ ഡോളറാണ് ലാഭം നേടിയത്. ഇതിന്റെ പകുതിയിലേറെ സൗദി അറാംകൊ വിഹിതമാണ്. രണ്ടാം പാദത്തിൽ അറാംകൊ 107 ബില്യൺ ഡോളർ വരുമാനവും 30 ബില്യൺ ഡോളർ ലാഭവും നേടി. രണ്ടാം സ്ഥാനത്തുള്ള എക്‌സൺ മൊബീൽ 81 ബില്യൺ ഡോളർ വരുമാനവും 7.88 ബില്യൺ ഡോളർ ലാഭവും മൂന്നാം സ്ഥാനത്തുള്ള ചെവ്‌റോൺ 47 ബില്യൺ ഡോളർ വരുമാനവും 6.01 ബില്യൺ ഡോളർ ലാഭവും നാലാം സ്ഥാനത്തുള്ള ഷെൽ 74 ബില്യൺ ഡോളർ വരുമാനവും 5.07 ബില്യൺ ഡോളർ ലാഭവും നേടി. ടോട്ടൽ കമ്പനി 4.08 ബില്യൺ ഡോളറും നോർവീജിയൻ എണ്ണ കമ്പനിയായ എക്വിനോർ 1.82 ബില്യൺ ഡോളറും ലാഭം കൈവരിച്ചു.
 

Latest News