Sorry, you need to enable JavaScript to visit this website.

പ്രാസവും ശോഭയും ആയുർവേദവും

ചെറിയ ചെറിയ ബോർഡെഴുത്തുകാർക്കും സാങ്കേതിക വിദ്യാധരന്മാർക്കും നല്ലകാലം പിറക്കുന്നു. വൻകിട വികസനത്തേക്കാൾ ചെറുകിട തൊഴിൽ ദാനമാണ് മെച്ചമെന്ന് ആരും തല കുലുക്കിയും 'കുംഭ'യുള്ളവർ വയർ തടവിയും സമ്മതിക്കും. 'കൈയും തലയും പുറത്തിടരുത്' എന്ന ചുവരെഴുത്ത് പണ്ടേ ബസുകളുടെ ഉള്ളിൽ പ്രസിദ്ധം. പിള്ളേർ അതു കാര്യമാക്കിയിരുന്നില്ല. ജനിച്ച നാൾ മുതൽക്കേ 'ഗ്രഹണി' പിടിപെട്ട് ആനവണ്ടി കോർപറേഷന് 'പരസ്യം' പിടിക്കാതെ ജീവിക്കാൻ മേലാ എന്നായി. അങ്ങനെ ടി 'കൈയും തലയും' പോലും പരസ്യങ്ങൾ കൊണ്ടു മൂടി. ഒരു മിനിറ്റ് കൊണ്ടു മുടി കറുപ്പിക്കാം, അഞ്ചു വർഷം കൊണ്ട് എല്ലാം ശരിയാകും എന്നൊക്കെയായി മേൽപടി ഇടപാടുകൾ. എന്നാലെന്ത്? കൈയും തലയും എന്ന ബോർഡ് വൈകാതെ 'പരസ്യ'മായി മാറും. പരീക്ഷണാർഥം ഇക്കാര്യം കണ്ണൂർ ജില്ലയിലായിരിക്കും അവതരണം. സ്പീക്കർ ഷംസീർ സഖാവ് തന്നെ വേണമോ, അതോ മുഖ്യമന്ത്രി നേരിട്ടു വേണമോ എന്ന കാര്യത്തിലേയുള്ളൂ ചിന്താകുഴപ്പം. അതാകട്ടെ 'ഭരണഘടനാ ബാഹ്യമായ 'ഭരണ കേന്ദ്രത്തിലുൾപ്പെട്ട ചിന്താവിഷയവും അന്ധവിശ്വാസവും ശാസ്ത്രവിരുദ്ധമായ ചിന്താഗതികളും കണ്ടാൽ 'കൺട്രോൾ' വിട്ടുപോകുന്ന ദേഹമാണ് ഷംസീർ. അദ്ദേഹമെന്തോ പറഞ്ഞു. പട്ടിണി കിടക്കുന്നയാളിനു ബിരിയാണി കിട്ടിയ ആർത്തിയോടെയാണ് ശോഭ സുരേന്ദ്രൻ  അതേറ്റു പിടിച്ചത്. പിന്നെ മാലപ്പടക്കത്തിനു തീക്കൊടുത്ത പോലെയായി കാര്യങ്ങൾ. ഗാന്ധിജിയുടെ ചർക്കയും ഖദർ നൂലും അലമാരയിൽ വെച്ചിട്ട് പി. ജയരാജൻ തന്നെ ഇറങ്ങി അങ്കം കുറിച്ചു. 'പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ' എന്ന പഴമൊഴിയൊക്കെ തൽക്കാലം പരണത്തു വെച്ചു.
ഷംസീറിനെ തൊട്ടാൽ പിന്നെ ഉറക്കം മോർച്ചറിയിലായിരിക്കും എന്ന വചനം ഇതിനകം തന്നെ സ്വർണ ലിപികളിൽ എഴുതി ജില്ലാ ഓഫീസു നടയിൽ പതിച്ചു കഴിഞ്ഞു. കൈയും തലയും വെട്ടുമെന്ന സംഘ്പരിവാര വചനങ്ങളിൽ പകുതി ഉടമസ്ഥാവകാശത്തിനു വേണ്ടി 'അങ്കത്തട്ട്' വരെ ബുക്ക് ചെയ്തതാണ്. അപ്പോഴാണ്, ഈയിടെയായി ചികിത്സയിലും അജ്ഞാത സഞ്ചാരത്തിലും കഴിഞ്ഞുപോരുന്ന മുന്നണി കൺവീനറുടെ രംഗപ്രവേശം. ഖാദി ബോർഡിന്റെ വൈസ് ചെയർമാന് ഒരിക്കലും 'കത്തിയും വടിവാളും' ചിന്തിക്കാനാകില്ലെന്നും മറുപടി പ്രസംഗത്തിൽ ഭാഷാപരമായി 'പ്രാസം' ഒപ്പിച്ചു പറഞ്ഞതാണെന്നും അദ്ദേഹം കണ്ടുപിടിച്ചു. അതോടെ സംഘർഷം അയഞ്ഞു. ഇ.പി സഖാവിന്റെ ഇത്തരം ഭാഷാ ഗവേഷണങ്ങൾ ജീവിതകാലം മുഴുവൻ തുടരണേ എന്നാണ് സമാധാന വാദികളുടെ അഭ്യർഥന. ഏതു തരം 'പ്രാസ'മാണ് ജയരാജൻ ഗാന്ധി ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിനു പോലും അറിയാതിരിക്കേ, ഇ.പി സഖാവിന്റെ വ്യാഖ്യാനത്തിന്റെ മൂല്യം ആരും കാണാതിരിക്കരുത്. നാടിനെ വലിയൊരു രക്തച്ചൊരിച്ചിലിൽ നിന്നുമാണ് അദ്ദേഹം രക്ഷിച്ചെടുത്തത്. എങ്കിലും ഇനിയൊരു മുൻകരുതൽ എന്ന നിലയ്ക്ക് 'കൈയും തലയും പുറത്തിടരുത്' എന്ന ബോർഡ് കണ്ണൂർ ജില്ല മുതൽ സംസ്ഥാനമൊട്ടാകെ പ്രദർശിപ്പിക്കുന്നതു നന്നാവും. പുല്ലു ചെത്താനും കതിർ കൊയ്യാനും ഞാറു നടുവാനുമൊക്കെ പോയി ശീലിച്ചു വളർന്ന ശോഭ സുരേന്ദ്രനെ പേടിച്ചെങ്കിലും  ബോർഡ് വെക്കുന്നതിൽ അലംഭാവം പാടില്ല. 'അവളെ പേടിച്ചാരും നേർവഴി നടപ്പീല' എന്നു പറയാൻ പാടില്ലെങ്കിലും ആ വനിതയുടെ വാക്കുകൾ ഒരു ചൂണ്ടുപലകയാണ്. അതിൽ പിടിച്ചു മുന്നോട്ട് പോകുന്നത് വല്യേട്ടൻ പാർട്ടിക്കു ഭാവിയിൽ ഗുണം  ചെയ്താലോ? ശോഭ സുരേന്ദ്രൻ സി.പി.എമ്മിലാവും ഏറെ തിളങ്ങുക എന്നു തോന്നുന്നില്ലേ? പ്രത്യേകിച്ച് അവർ സ്വന്തം പാർട്ടി നിമിത്തം അകത്തും പുറത്തും ഒരുപോലെ അവഗണനയും അപമാനവും സഹിക്കുന്നതായി നാടൊട്ടുക്കു പ്രചരണം നടക്കുമ്പോൾ 'കൂനിന്മേൽ കുരു' എന്ന പോലെ ശോഭക്ക് 'കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിന്റെ' ചുമതലയാണ് പുതുതായി കിട്ടിയതും! സിനിമ താരങ്ങളും സാംസ്‌കാരികന്മാരും വല്യേട്ടൻ പാർട്ടിയിലേക്കു ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്. 'വോട്ട്മൂല്യം' അനുസരിച്ച് ശോഭ സുരേന്ദ്രനെ ലഭിക്കുന്നതാകും കൂടുതൽ ലാഭകരം! ചിന്തിക്കുക.... സഖാക്കളേ, ചിന്തിക്കുക!
****                               ****                     ****
ചന്ദ്രയാൻ മൂന്ന് നാലാം ഭ്രമണപഥത്തിലേക്കുയർത്തി. ഇനി ഒരു റൗണ്ട് കൂടി ഉയർത്തിയാൽ സംഗതി ശുഭം. അതേ വേളയിലാണ് രാഹുൽ ഗാന്ധിയും അനുജത്തിയും കോട്ടയ്ക്കൽ ആയുർവേദ വൈദ്യശാലയിലും പ്രവേശിച്ചത്. ഒരു റൗണ്ട് സുഖചികിത്സ കഴിയുന്നതോടെ കോൺഗ്രസിന്റെ നില എന്തു മാത്രം മെച്ചപ്പെടുമെന്നറിയാൻ ആൾക്കൂട്ടം (സംഘടന ആൾ കൂട്ടമെന്നാണ് അറിയപ്പെടുന്നത്. പണ്ട് 1931 ൽ വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിൽ പോയ ഗാന്ധിജിയുടെ ടീമിനെയും 'ആൾകൂട്ടം' എന്നാണ് കാർട്ടൂണിസ്റ്റ് ശങ്കർ വിശേഷിപ്പിച്ചത്) പുറത്ത് രാപ്പകൽ കാത്തുകിടക്കുന്നു. പ്രതിപക്ഷ കൂട്ടായ്മക്ക് 'ഇന്ത്യ' എന്നു പേരിട്ട ശേഷം 'കിഴിയും പിഴിച്ചിലു'മില്ലാതെ ഒരടി മുന്നോട്ടു പോകാൻ വയ്യാത്ത നിലയിലായിരുന്നു രണ്ട് അവകാശികളും. ഇങ്ങ് 'കേരള ലെവലിൽ' സുധാകര ഗുരുക്കളും ചികിത്സയിൽ തന്നെയാകണം. അദ്ദേഹം തുടങ്ങിവെച്ച 'സെമി കേഡർ' പദ്ധതി 'സിൽവർ ലൈനി'നെ വെല്ലുംവിധം പിന്നിലാണല്ലോ. ഏക ആശ്വാസം വടക്കോട്ടു നോക്കുമ്പോഴാണ്. മോഡിജിയുടെ സഖ്യത്തിൽ 38 കക്ഷികളുണ്ടെങ്കിലും 27 എണ്ണത്തിന് ലോക്‌സഭയിൽ കയറണമെങ്കിൽ സന്ദർശക പാസ് വേണം. ഇന്നത്തെ കോൺഗ്രസിന്റെ നില വെച്ചുനോക്കുമ്പോൾ സോണിയാജിയും മല്ലികാബാണനും കൂടി കോട്ടയ്ക്കലിൽ ചികിത്സക്ക് വരുന്നതാണ് ലാഭം. അത്യാവശ്യത്തിന് ഒരു എ.ഐ.സി.സി മീറ്റിംഗ് ചേരാനുള്ള സ്ഥലമൊക്കെയുണ്ടവിടെ.
****                                   ****                         ****
ഒരു ഭരണഘടന ബാഹ്യ അധികാരം കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്നതായി കണ്ടുപിടിച്ച ഐ.ജി ലക്ഷ്മണന് അവാർഡ് നൽകണം. ഇന്നുവരെ ഒരു കാക്കിധാരിയും കോടതിയിലോ വരാന്തയിലോ തെരുവിഥീയിലോ പറയാൻ ധൈര്യപ്പെടാത്ത കാര്യം.പക്ഷേ ഒരു സംശയം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ അസ്സേ?
ഒരു മോൻസൺ മാവുങ്കൽ നിമിത്തം കഴുത്തിൽ പിടി വീഴുമ്പോഴാണോ ബോധോദയം ഉണ്ടാകുന്നത്? ജൂലൈ 31 നു റിട്ടയർ ചെയ്ത 'സംഗീതജ്ഞ കാക്കിധാരി' എന്തു മാത്രം പല്ലു കടിച്ചു പിടിച്ചാണെന്നോ സർവീസിൽ തുടർന്നത്? നല്ല മെയ്‌വഴക്കം വേണം സാർ! ഉന്നത വിദ്യാഭ്യാസ മന്ത്രി മറ്റെന്തിലോ, ഓ, മറന്നു, പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെട്ടുവെന്നു കേട്ടു. ആരോഗ്യ മന്ത്രി ഒന്നിലും ഇടപെടാതെ റെക്കോർഡ് സൃഷ്ടിച്ചു; തന്നിമിത്തം എത്രയോ നിയമനങ്ങൾ വർഷപാതത്തിന്റെ നീരൊഴുക്കിൽ ഒലിച്ചുപോയി! എന്തിനേറെ, ഓണം അഡ്വാൻസും അലവൻസുമൊക്കെ കിനാവ് കണ്ട് സ്റ്റൗവിൽ വെള്ളം തിളപ്പിക്കാൻ തുടങ്ങിയ കുറെ ജീവനക്കാരുണ്ട്, നമുക്ക് ഈ ഓണത്തിനു കാണാം! ആനവണ്ടി ജീവനക്കാരുടെ കാര്യം പറയണ്ട. ട്രാൻസ്‌പോർട്ട് മന്ത്രി ചെന്ന് ബാലഗോപാലനെ എണ്ണതേപ്പിച്ചതു കൊണ്ടൊന്നും കാര്യം നടക്കില്ല. ഓഗസ്റ്റ് മാസത്തിൽ 'കാണാൻ പോകുന്ന പല പൂര'ങ്ങളുമുണ്ട്. പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!

Latest News