Sorry, you need to enable JavaScript to visit this website.

ധോണി വിരമിക്കുമോ?

ലണ്ടൻ - ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര ധോണി നിശ്ചിത ഓവർ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങാനൊരുങ്ങുകയാണോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. 
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനു ശേഷം മാച്ച് ബോൾ അമ്പയറുടെ കൈയിൽ നിന്ന് ധോണി ചോദിച്ചുവാങ്ങിയതാണ് ഊഹാപോഹം പ്രചരിക്കാൻ കാരണം. 
രണ്ടാം ഏകദിനത്തിൽ ധോണിയുടെ മെല്ലെപ്പോക്കിനെ കൂക്കിവിളിയോടെയാണ് ലോഡ്‌സിലെ കാണികൾ സ്വീകരിച്ചത്. അവസാന ഏകദിനത്തിലും ധോണിക്ക് പഴയ ഒഴുക്കോടെ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. 
മത്സരം ഇന്ത്യ തോറ്റിട്ടും ധോണി മാച്ച് ബോൾ വാങ്ങിയതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. 2014 ൽ അവസാന ടെസ്റ്റ് കളിച്ച ശേഷം ആ കളി ഡ്രോ ആയിട്ടും ധോണി സ്റ്റമ്പുകളുമായാണ് മടങ്ങിയത്. അതിനിടെ, പരമ്പരയിൽ ധോണിയുടെ പ്രകടനത്തെ മുൻ ഇന്ത്യൻ കളിക്കാരായ സൗരവ് ഗാംഗുലിയും ഗൗതം ഗംഭീറും വിമർശിച്ചു. കെ.എൽ രാഹുലിനെ പോലൊരു കളിക്കാരന് ഇന്ത്യൻ ടീം മതിയായ ആദരവ് നൽകുന്നില്ലെന്നും ധോണി ആക്രമണ ശേഷി അതിവേഗം വീണ്ടെടുക്കേണ്ടതുണ്ടെന്നും സൗരവ് ഓർമിപ്പിച്ചു. 
ധോണി ഒരുപാട് പന്തുകൾ റണ്ണെടുക്കാതെ പാഴാക്കുന്നത് ഇന്ത്യൻ ബാറ്റിംഗ് നിരക്ക് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് ഗംഭീർ വിലയിരുത്തി. 
സുരേഷ് റയ്‌നയേക്കാൾ മികച്ച ഒരുപാട് കളിക്കാരുണ്ടെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ധോണി വലിയ കളിക്കാരനാണെങ്കിലും ഇപ്പോൾ റൺസെടുക്കാൻ പ്രയാസപ്പെടുകയാണെന്ന് മുൻ നായകൻ പറഞ്ഞു. 

 

Latest News