Sorry, you need to enable JavaScript to visit this website.

രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ വധശിക്ഷയും നടപ്പാക്കി സിംഗപ്പൂര്‍

ക്വാലാലംപുര്‍- ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ രണ്ടാഴ്ച്ചക്കിടെ നടപ്പാക്കിയത് മൂന്നു വധശിക്ഷകള്‍.  മലേഷ്യന്‍ സ്വദേശിയായ മുഹമ്മദ് ഷല്ലേ അബ്ദുല്‍ ലത്തീഫാണ് വധശിക്ഷയ്ക്ക് വിധേയനായത്. ഇയാള്‍ 54 ഗ്രാം ഹെറോയിന്‍ കടത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 

കോടതിയുടെ കണ്ടെത്തല്‍ പ്രകാരം 54 ഗ്രാം ഹെറോയില്‍ 640 പേര്‍ക്ക് ഒരാഴ്ച ഉപയോഗിക്കാന്‍ സാധിക്കും. ഗോത്ര വിഭാഗമായ മലയ് വംശജനായ മുഹമ്മദ് ഷല്ലേ അബ്ദുല്‍ ലത്തീഫ് 2016ല്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്.

2019ലാണ് വിചാരണയ്ക്കു പിന്നാലെ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ വര്‍ഷം നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. സിഗരറ്റെന്ന് വിശ്വസിപ്പിച്ച് സുഹൃത്ത് നല്‍കിയ ബാഗില്‍ ലഹരി മരുന്നാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന് വിചാരണയില്‍ ലത്തീഫ് വാദിച്ചിരുന്നു. എന്നാല്‍ കണ്ണടച്ചു വിശ്വസിക്കാന്‍ പാകത്തിലുള്ള സൗഹൃദമൊന്നും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 

500 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവോ 15 ഗ്രാമില്‍ കൂടുതല്‍ ഹെറോയിനോ പിടിച്ചെടുത്താല്‍ വധശിക്ഷ നല്‍കാമെന്നാണ് സിംഗപ്പൂരിലെ നിയമം. ഈ വര്‍ഷം വധിക്കപ്പെടുന്ന അഞ്ചാമത്തെ തടവുപുള്ളിയാണ് ലത്തീഫ്. സരിദേവി ദിജാമണി എന്ന സ്ത്രീയെ 31 ഗ്രാം ഹെറോയിന്‍ കടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ചയാണ് വധിച്ചത്. 

19 വര്‍ഷങ്ങള്‍ക്കിടെ സിംഗപ്പൂര്‍ വധശിക്ഷ നടപ്പിലാക്കിയ ആദ്യത്തെ സ്ത്രീയാണ് സരീ ദേവി. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് മുഹമ്മദ് അസീസ് ഹുസൈനെയും 31 ഗ്രാം ഹെറോയിന്‍ കടത്തിയതിന്റെ പേരില്‍ വധിച്ചിരുന്നു. 

ലഹരിക്കടത്തിന്റെ പേരില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ലഹരിക്കടത്ത് തടയാന്‍ മറ്റു മാര്‍ഗമില്ലെന്നാണ് സിംഗപ്പൂരിന്റെ നിലപാട്.

Latest News