Sorry, you need to enable JavaScript to visit this website.

അഭിമന്യു വധം: സർക്കാരിന്  ഹൈക്കോടതിയുടെ രൂക്ഷ വിമർശം 

കൊച്ചി -എറണാകുളം മഹാരാജസിൽ കൊല്ലപ്പെട്ട അഭിമന്യു കാമ്പസുകളിലെ അക്രമ രാഷ്ടീയത്തിന്റെ ഇരയെന്ന് ഹൈക്കോടതി. കോടതി ഉത്തരവുണ്ടായിട്ടും കാമ്പസിൽ രാഷ്ട്രീയം നിരോധിക്കുന്നതിന് സർക്കാർ നടപടിയെടുത്തില്ലെന്ന ഹരജിയിൽ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന സർക്കാർ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. കാമ്പസുകളിൽ ധർണയും പ്രകടനവും അക്രമങ്ങളും നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന്  പലവട്ടം കോടതിക്ക് നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സർക്കാർ നടപടി എടുത്തിരുന്നുവെങ്കിൽ ദാരുണ സംഭവം ഉണ്ടാവുമായിരുന്നില്ല. അഭിമന്യു കൊല്ലപ്പെട്ടത് സർക്കാർ കോളേജിലാണെന്നത് ദുഃഖകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് ആശയ സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ അവകാശമുണ്ടങ്കിലും അത് അക്രമത്തിലേക്ക് വഴിമാറുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കാമ്പസുകളിൽ അക്രമം തടയുമെന്ന് കോടതിക്ക് നൽകിയ ഉറപ്പുകളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മൂന്നാഴ്ചക്കകം സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനു നിർദേശം നൽകി.
 

Latest News