Sorry, you need to enable JavaScript to visit this website.

മലേഷ്യയില്‍ നിന്ന് ട്രിച്ചിയിലെത്തിയ വിമാന യാ്ത്രക്കാരന്റെ പെട്ടിയില്‍ 47 പെരുമ്പാമ്പുകളും 2 പല്ലികളും

തൃശ്ശിനാപ്പള്ളി- ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്നും പിടികൂടിയവ അറിഞ്ഞാല്‍ ഞെട്ടില്ല, മൂക്കത്ത് വിരല്‍വെക്കും! ഇതൊക്കെ എന്തിനാണ് കള്ളക്കടത്ത് നടത്തുന്നതെന്ന സംശയത്തിന് നമുക്കറിയാത്ത പലതും ഈ ലോകത്തുണ്ടെന്ന ഉത്തരത്തില്‍ സമാധാനിക്കാന്‍ മാത്രമേ സാധിക്കൂ.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ ഒരു യാത്രക്കാരന്റെ ട്രോളി ബാഗില്‍ അയാളോടൊപ്പം വിമാന യാത്ര നടത്തിയത് 47 പാമ്പുകളും രണ്ട് പല്ലികളും. 

ക്വാലാലംപൂരില്‍ നിന്നെത്തിയ മുഹമ്മദ് മൊയ്തീനാണ് പാമ്പുകളും പല്ലികളുമടങ്ങിയ ബാഗ് കൊണ്ടുവന്നത്. ബാടിക് എയര്‍ വിമാനത്തില്‍ ട്രിച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ബാഗ് കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോള്‍ വിചിത്രമായ എന്തോ ചിലതുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. അതോടെ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കൗതുകമുണ്ടായത്. 

പെട്ടിക്കുള്ളില്‍ വീണ്ടും പെട്ടികള്‍ കണ്ടെത്തുകയായിരുന്നു. 
ആ പെട്ടികള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ദ്വാരങ്ങളുള്ള വിവിധ വലിപ്പത്തിലുള്ള പെട്ടികളില്‍ പാമ്പുകളെ കണ്ടെത്തിയത്. ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. 47 പെരുമ്പാമ്പുകളും രണ്ട് പല്ലികളുമാണ് പെട്ടിയിലുണ്ടായിരുന്നത്. ചട്ടപ്രകാരം ഇവയെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചു. 

മുഹമ്മദ് മൊയ്തീനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുന്നു.

Latest News