Sorry, you need to enable JavaScript to visit this website.

നിർണായകം, തരളിത കൗമാര കാലം

ഐ ആം നോട്ട് ഫിറ്റ് എന്ന് എഴുതിവെച്ച് മരണത്തിലേക്ക് നടന്നു പോയ കൗമാരക്കാരനായ മകനെ കുറിച്ചുള്ള  ഓർമകളിൽ നിശ്ശബ്ദമായി വിതുമ്പുന്ന  ഒരു പിതാവിന്റെ സങ്കടത്തിന്റെ  കഥ  ഒരു യാത്രക്കിടയിൽ അടുത്തിടെയാണ് എന്റെ സുഹൃത്ത് പങ്കുവെച്ചത്. മക്കൾ വളരുന്നുണ്ട് അവരുടെ ലോകങ്ങളിൽ. അവരുടെ പോരായ്മകൾ അപ്പപ്പോൾ ചൂണ്ടിക്കാട്ടി പരിഹരിച്ചും കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ചും അവിടെ അവർ കൊള്ളാവുന്നവരാണെന്ന ബോധം വളർത്തിയെടുക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും ചെറുതല്ലാത്ത ബാധ്യതയുണ്ട്. കൗമാരക്കാരിലെ ആത്മഹത്യാ നിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം ദയനീയമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളിൽ ആത്മനിന്ദ വർധിപ്പിക്കുന്ന അതികർശനമായ നിലപാടുകളോ  നിരാശ പെരുപ്പിക്കുന്ന തികച്ചും നിരുത്തരവാദപരമായ സമീപനങ്ങളോ അല്ല വിവേകശാലികൾ  കൈക്കൊള്ളേണ്ടത് എന്നോർക്കണം.

കൗമാരകാലത്ത് ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന പലതരത്തിലുള്ള ഹോർമോണുകളുടെ പ്രവർത്തനവും തൽഫലമായുണ്ടാവുന്ന വൈകാരികമായ പ്രക്ഷുബ്ധതകളും വെല്ലുവിളികളും കൗമാരക്കാരുള്ള എല്ലാ കുടുംബാന്തരീക്ഷത്തിലും സ്വാഭാവികമാണ്. പല കുട്ടികളിലും പല വിധത്തിലാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. കൗമാര മനശ്ശാസ്ത്രം വേണ്ടത് പോലെ മനസ്സിലാക്കിയിട്ടില്ലാത്ത  രക്ഷിതാക്കളും ശാസ്ത്രീയമായി പരിശീലിക്കാത്ത അധ്യാപകരും ഈ പ്രായക്കാരുമായി ഇടപഴകുമ്പോൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്.

കൗമാര കാലത്ത് ശാരീരികമായും  മാനസികമായും വൈകാരികമായും കുട്ടികൾ പൊടുന്നനെ പല മാറ്റങ്ങൾക്കും വിധേയമാവുന്നു. സ്വന്തം ശരീര പ്രകൃതി, നിറം, വലിപ്പം എന്നിവയെ കുറിച്ച്  പുറമെ പറഞ്ഞില്ലെങ്കിലും അവർ ഏറെ വ്യാകുലപ്പെട്ടേക്കാം. പൊതുവെ സംസാരപ്രിയരായ ചിലർ  മൗനികളായിത്തീരുന്നു. മൗനികൾ സംസാരപ്രിയരായി മാറുന്നു.
സാഹസികതയോടുള്ള പ്രിയം വർധിക്കുന്നു. സ്വതന്ത്ര ചിന്തയും ചോദ്യം ചെയ്യാനുള്ള മനോഭാവവും കൂടിവരുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും അമിത പരിലാളനകളിൽ നിന്നകന്ന് നിന്ന് സ്വന്തം അസ്തിത്വം രൂപപ്പെടുത്തിയെടുക്കാൻ അവർ ശ്രമം തുടങ്ങുന്നതും ഈ നാളുകളിലാണ്. സ്വയംപര്യാപ്തത കൈവരിക്കാനുള്ള വെമ്പൽ ഇവരിൽ സാധാരണമാണ്.
അത് വരെയില്ലാത്ത തരത്തിൽ പെട്ടെന്നുള്ള ദേഷ്യം, പിണക്കം, കരച്ചിൽ, ഒച്ചയിടൽ, ലഹള കൂടൽ, പിടിവാശി, എതിർലിംഗത്തോടുള്ള അടുപ്പം, ലൈംഗികത, സർഗശേഷി പ്രകടിപ്പിക്കാനുള്ള ത്വര, അല്ലെങ്കിൽ വൈമുഖ്യം എന്നിവ ഈ പ്രായക്കാരിൽ കാണാം.  ശരീര സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിച്ചും മറ്റുള്ളവരുടെ ഇഷ്ടകഥാപാത്രമാവാൻ പല തന്ത്രങ്ങൾ മെനഞ്ഞും പയറ്റിയും ഏതെങ്കിലും വിധേന പ്രസിദ്ധിയോ കുപ്രസിദ്ധിയോ  നേടിയെടുക്കാൻ ഭൂരിപക്ഷം കുട്ടികളും ഈ പ്രായത്തിൽ പരിശ്രമിക്കാതിരിക്കില്ല.

കൂട്ടുകാരാണ് ഈ പ്രായത്തിൽ അവരെ ഏറ്റവും സ്വാധീനിക്കുന്നത്. മാതാപിതാക്കളോടൊത്ത് താമസിക്കുന്ന കൗമാരക്കാർ വീട്ടിലാണ് താമസമെങ്കിലും അവരുടെ ഇടപെടലുകൾ പ്രവചനാതീതമായ തരത്തിൽ ബാഹ്യലോകവുമായാണ്. അവരിൽ മിക്കവരുടെയും കൂട്ടുകാർ വീട്ടുകാരോ നാട്ടുകാരോ പോലും അല്ല. പുതിയ സാങ്കേതിക വിദ്യകൾ ഒരുക്കിയ വിശ്വസൗഹൃദത്തിന്റെ നവ സമ്മർദങ്ങളിലാണവർ പലപ്പോഴും. രാജ്യാതിർത്തികളില്ലാത്ത കൂട്ടുകെട്ടാണവരെ സ്വാധീനിക്കുന്നത്.  ഓജിയിലെ  (ഓൾഡ് ജനറേഷൻ) ചിലരുടെ ഭാഷയിൽ പറഞ്ഞാൽ  മൂല്യബോധങ്ങളുടെ കെട്ടുപാടുകൾ പാടെ അയഞ്ഞുപോയ തീരെ അച്ചടക്കമില്ലാത്ത, ഒട്ടും അനുസരണയില്ലാത്ത എൻജി (ന്യൂജനറേഷൻ) യാണവർ. ശരീരം ഏറെ വളർന്നെങ്കിലും മസ്തിഷ്‌ക വളർച്ച പൂർണമായിട്ടില്ലാത്തവരാണ് കൗമാരപ്രായക്കാർ. അതിനാൽ തന്നെ എടുത്ത് ചാടി ചെയ്യുന്ന കാര്യങ്ങളുടെ പ്രത്യാഘാതങ്ങൾ  വൈകിയേ അവർ തിരിച്ചറിയുന്നുള്ളൂ. ഈ  കാര്യം പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ ഈ പ്രായക്കാരോട് പലരും അനുകമ്പ കാണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.

ചുരുക്കം ചിലർ പലതരം ലഹരിക്കടിപ്പെട്ട് വഴിതെറ്റുന്നതും ക്രിമിനലുകളായി മാറുന്നതും  മറ്റു ചിലർ സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സമൂഹത്തിലെ  വഴികാട്ടികളാവുന്നതും ഈ പ്രായത്തിൽ തന്നെയാണ്.

വർത്തമാന കൗമാരം മുൻകാല കൗമാരങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതായി കാണാം. ഇളംപ്രായത്തിൽ ഇടതടവില്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കോവിഡ് കാലം നൽകിയ സൗകര്യം  നന്നായി ആസ്വദിച്ചവരാണിവർ. അതിന്റെ സർവവിധ ഗുണങ്ങളും ദോഷങ്ങളും അവരിൽ കാണാം.
റീലുകളുടെയും ഷോർട്‌സുകളുടെയും മായിക ലോകത്ത് അവർക്ക് ഏകാഗ്രതയോടെ ഒരു കാര്യത്തിൽ  അധികനേരം ശ്രദ്ധിച്ചിരിക്കാനുള്ള   കഴിവ് താരതമ്യേന കുറഞ്ഞതായും കാണപ്പെടുന്നു. പഠനം, തൊഴിൽ, സാമൂഹ്യ ബന്ധങ്ങൾ, മര്യാദകൾ എന്നിവയോടൊക്കെ അവർ പുലർത്തുന്ന സമീപനം ലോകമെമ്പാടും രക്ഷിതാക്കളിലും അധ്യാപകരിലും അധികൃതരിലും ഉൽക്കണ്ഠ ഉളവാക്കുന്നതാണ്.

ഡിജിറ്റൽ ലോകത്ത് വളരേണ്ടവർ തന്നെയാണവർ. മൊബൈൽ ഫോണും ഇന്റർനെറ്റും അവർക്ക് വിലക്കുകയല്ല വേണ്ടത്. ഉത്തരവാദിത്തപൂർവം അവ ഉപയോഗപ്പെടുത്തി വരുംകാല ജീവിതത്തിന് അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. കൂടാതെ കൂടുതൽ മേന്മയുള്ള രീതിയിൽ അവരുമൊത്ത് സമയം പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ക്ഷമാപൂർവം മാർഗനിർദേശങ്ങൾ നൽകി അവരെ കൗമാരത്തിന്റെ തരളിത കാലം തരണം ചെയ്യാൻ പ്രാപ്തരാക്കുകയുമാണ് വേണ്ടത്. സവിശേഷമായി  വിദഗ്ധ  പരിശീലനം സിദ്ധിച്ച കൗൺസലർമാരുടെ സേവനം എല്ലാ വിദ്യാലയങ്ങളിലും അതിനാൽ തന്നെ അനിവാര്യമാണ്.   പ്രത്യേകമായി പരിശീലനം ലഭിക്കാത്തവർ ഈ മേഖലയിൽ  അവരോധിക്കപ്പെട്ടാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും സംഭവിക്കുകയെന്ന കാര്യം രക്ഷിതാക്കളും വിദ്യാലയ അധികൃതരും മേലധികാരികളും തിരിച്ചറിയേണ്ടതുണ്ട്.

 

Latest News