Sorry, you need to enable JavaScript to visit this website.

കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ  വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

ന്യൂദല്‍ഹി- രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍.) പഠനം. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യമുള്ളത്.
ഐ.സി.എം.ആറിനു കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ആണ് പഠനംനടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായതായി ലാബോററി ഗ്രൂപ്പ് നേതാവ് പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാര്‍ പ്രദേശങ്ങളിലും കേരളത്തില്‍ കോഴിക്കോടും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് ഐ.സി.എം.ആര്‍.-എന്‍.ഐ.വി. ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. ഷീലാ ഗോഡ്‌ബോള്‍ പറഞ്ഞു. 2018 മേയില്‍, കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരില്‍ 16 പേരും മരിച്ചിരുന്നു.

Latest News