Sorry, you need to enable JavaScript to visit this website.

ഉമ്മൻചാണ്ടി സ്മരണയിൽ കേരളത്തിൽ ഇന്നേവരേ നടക്കാത്ത ഒരു കാര്യം ഓർമിപ്പിച്ച് വി.എം സുധീരൻ

-  'രാഷ്ട്രീയ മത്സരത്തിനൊക്കെ ഇനിയും നമുക്കു ധാരാളം അവസരങ്ങളുണ്ട്.  നമുക്കത് വീണ്ടും നടത്തുകയും ചെയ്യാം. കക്ഷിരാഷ്ട്രീയം അതേപടി ഇവിടെ നിലനിൽക്കുന്നുമുണ്ട്. പക്ഷേ, ഉമ്മൻ ചാണ്ടിയോടുള്ള പ്രത്യേക സ്‌നേഹത്തിന്റെയും ആദരവിന്റെയും പരിഗണനയുടെയും അടയാളമായി, പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി വരുന്നയാളെ തെരഞ്ഞെടുപ്പു പോരാട്ടങ്ങളില്ലാതെ കണ്ടെത്താൻ നമുക്കാവുമോ എന്ന കാര്യം എല്ലാവരും ആലോചിക്കണം. അങ്ങനെ വന്നാൽ അതൊരു വലിയ അംഗീകാരവും ആദരവും ചരിത്രവുമാകും.'

തിരുവനന്തപുരം - കേരളത്തിൽ ഇന്നേവരെ നടക്കാത്ത ഒരു കാര്യം രാഷ്ട്രീയ നേതൃത്വങ്ങളെ ഓർമിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ വി.എം സുധീരൻ. ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് സുധീരൻ തന്റെ നിർദേശം മുന്നോട്ടു വെച്ചത്.
 പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഉപതെരഞ്ഞെടുപ്പ് മത്സരം ഒഴിവാക്കി കീഴ്‌വഴക്കങ്ങൾ ലംഘിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചത്.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഇവിടെ സന്നിഹിതരായിട്ടുണ്ട്. എന്തുകൊണ്ട് നമുക്കൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചുകൂടാ? എന്തുകൊണ്ട് ജനാധിപത്യത്തിൽ ഒരു പുതിയ മാതൃക കൊണ്ടുവന്നുകൂടാ? ഉമ്മൻ ചാണ്ടി തന്റെ സ്‌നേഹം കൊണ്ട് കേരളത്തെ കെട്ടുവരിഞ്ഞു മുറുക്കിയതാണ്. ആ സ്‌നേഹത്തിനു മുന്നിൽ രാഷ്ട്രീയമില്ല, ജാതിയില്ല, മതമില്ല, വർഗ-വർണ വ്യത്യാസമില്ല. എല്ലാവരും ഒന്നിച്ചിരിക്കുന്നു. ഈ സ്പിരിറ്റ് നിലനിർത്തണം. ഉമ്മൻ ചാണ്ടിക്കുശേഷം വരുന്ന ഈ ഉപതെരഞ്ഞെടുപ്പിൽ ഒരു മത്സരം ഒഴിവാക്കാമോ. അത്രയേ ഞാൻ പറയുന്നുള്ളൂ. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ വിവാദമില്ലാതെ, തെരഞ്ഞെടുപ്പില്ലാതെ എങ്ങനെ നമുക്ക് ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ സാധിക്കുമെന്നായിരിക്കണം ചിന്ത. അതിന് അത്തരമൊരു കീഴ്‌വഴക്കം കേരളത്തിലില്ല എന്നു പലരും ചിന്തിച്ചേക്കാം. ശരിയാണ്. കേരളത്തിൽ ഇന്നേവരെ നടക്കാത്ത ഒരു കാര്യം, ഉമ്മൻചാണ്ടിയോടായി നമുക്ക് കാണിക്കാമോ?
 രാഷ്ട്രീയ മത്സരത്തിനൊക്കെ ഇനിയും നമുക്കു ധാരാളം അവസരങ്ങൾ വരാനുണ്ട്. രാഷ്ട്രീയമത്സരം തന്നെ നമുക്കു വീണ്ടും നടത്തുകയും ചെയ്യാം. കക്ഷി രാഷ്ട്രീയം അതേപടി ഇവിടെ നിലനിൽക്കുന്നുമുണ്ട്. പക്ഷേ, ഉമ്മൻ ചാണ്ടിയോടുള്ള പ്രത്യേക സ്‌നേഹത്തിന്റെയും ആദരവിന്റെയും പരിഗണനയുടെയും അടയാളമായി, പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി വരുന്നയാളെ തെരഞ്ഞെടുപ്പു പോരാട്ടങ്ങളില്ലാതെ കണ്ടെത്താൻ നമുക്കാവുമോ എന്ന കാര്യം എല്ലാവരും നെഞ്ചത്ത് കൈവെച്ച് ആലോചിക്കണം. അങ്ങനെ വന്നാൽ അതൊരു വലിയ അംഗീകാരവും ആദരവും ചരിത്രവുമാകും. ഇത് എന്റെ അഭ്യർത്ഥന മാത്രമാണ്. സ്വീകരിക്കണോ എന്നു ചിന്തിക്കേണ്ടത് രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളാണ്. പക്ഷേ, ഇങ്ങനെയും കേരളത്തിൽ സാധിക്കും, ഇങ്ങനെയും രാഷ്ട്രീയത്തിൽ സാധിക്കും, രാഷ്ട്രീയ നേതൃത്വത്തിന് ഇങ്ങനെയും ചിന്തിക്കാൻ സാധിക്കും എന്നു നമുക്കു തെളിയിക്കാനായാൽ ഉമ്മൻചാണ്ടി സ്മരണയിലെ വലിയ ദു:ഖത്തിലും വലിയ സന്തോഷവും സന്ദേശവും നൽകലാവുമതെന്നും സുധീരൻ വ്യക്തമാക്കി.
 

Latest News