Sorry, you need to enable JavaScript to visit this website.

ആരും എവിടെയും തനിച്ചല്ല

നേരം ഏകദേശം രാത്രി പതിനൊന്ന്  മണിയോടടുത്ത് കാണും. ഒരു മീറ്റിംഗ് കഴിഞ്ഞ് വീട്ടിലെത്തി സോഷ്യൽ മീഡിയ ന്യൂസ് ഫീഡിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ഏറെക്കാലമായി പരിചയമുള്ള ഒരാളുടെ പോസ്റ്റ് കണ്ണിൽ പെട്ടത്. ഒരു മണിക്കൂർ മുമ്പ് പോസ്റ്റ് ചെയ്തതാണ്. സന്ദേശം ഒരിക്കൽ കൂടി വായിച്ച് നോക്കി വ്യാജമാണോ എന്ന് പരിശോധിച്ചു . ആ വ്യക്തി തന്നെ അവരുടെ ഫേസ്ബുക്ക് ഭിത്തിയിൽ പോസ്റ്റ് ചെയ്തതാണെന്ന് ഉറപ്പ് വരുത്തി. ഐവിൽ ഡൈ (ഞാൻ മരിക്കും ) എന്നാണ് എഴുതിയിട്ടിരിക്കുന്നത്. 
ഏറെ വൈകിയ ആ നേരത്തും എനിക്ക് തോന്നിയത്  ആളെ ഒന്ന് വിളിച്ചു  നോക്കാനാണ്.     പക്ഷേ ഫോൺ നമ്പർ കൈവശമില്ല. ഫേസ് ബുക്ക് മെസഞ്ചർ ആക്ടീവ് ആയി കണ്ടതിനാൽ  ആ സൗകര്യം ഉപയോഗിച്ച് വിളിച്ചു നോക്കി.  റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. സുഖമാണോ, എന്തേ ഇപ്പോ  മരണത്തെ കുറിച്ച് ചിന്തിക്കാൻ എന്ന്  ടെക്സ്റ്റ് ചെയ്തപ്പോൾ മറുപടി വന്നു. സന്തോഷമായിരിക്കുന്നു. വെറുതെ ഒരു തോന്നലിന് എഴുതിയിട്ടതാ  എന്ന്   പറഞ്ഞു. അത്തരം സന്ദേശങ്ങൾ ഉണ്ടാക്കുന്ന ആശങ്കകൾ തിരിച്ചറിഞ്ഞിട്ടാവണം അവർ അത് ഡിലീറ്റ് ചെയ്തു, ക്ഷമ പറഞ്ഞു.
നിമിഷാർധം കൊണ്ട്  കാര്യങ്ങൾ ലോകമെമ്പാടും വിനിമയം ചെയ്യാൻ കഴിയുന്ന സോഷ്യൽ മീഡിയയുടെ പുതിയ കാലത്ത് നാം വായിച്ചു കൊണ്ടിരിക്കുന്ന വാർത്തകളും കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളും ജീവിതാനന്ദം ഉണ്ടാക്കുന്നവയേക്കാൾ കൂടുതൽ  ജീവിത ദുരന്തങ്ങളും വ്യസനങ്ങളും പേറുന്നവയാണ്. വ്യക്തികളിൽ അടിക്കടി വർധിച്ചു വരുന്ന ഒറ്റപ്പെടലും വിഷാദ ചിന്തകളുമാണ് ഇതിന്റെയെല്ലാം പിന്നിലെ ഒരു പ്രധാന കാരണം എന്ന് കാണാവുന്നതാണ്.

ഏകദേശം ആറിലൊരാൾക്ക് അവരുടെ ജീവിത കാലത്ത് ഏതെങ്കിലും ഘട്ടത്തിൽ വലിയ വിഷാദ രോഗം അനുഭവപ്പെടും, അതേസമയം ഓരോ വർഷവും 16 ദശലക്ഷം മുതിർന്നവർ വരെ ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിക്കുന്നതായി മയോ ക്ലിനിക്കിലെ  വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിഷാദം ഒരു മൂഡ് ഡിസോർഡറാണ്, വിട്ടുമാറാത്ത സങ്കടങ്ങൾക്ക് അത് കാരണമാകുന്നു. വിഷാദം ഒരു ബലഹീനതയോ സ്വഭാവ വൈകല്യമോ അല്ല. ഇത് മോശം മാനസികാവസ്ഥയുമല്ല.

എല്ലാ പ്രായത്തിലും തരത്തിലും ഉള്ള ആളുകളെ വിഷാദം  ബാധിക്കുന്നു. വിഷാദത്തിന് വിവിധ ലക്ഷണങ്ങളുണ്ട്. വിഷാദത്തിന് വിധേയമാകുന്ന വ്യക്തികളിൽ കടുത്ത സങ്കടമോ നിരാശയോ ദേഷ്യമോ  നിസ്സംഗതയോ തോന്നിയേക്കാം. ശരീരം ശരിക്കും മന്ദഗതിയിലാകുന്നു. ചിലപ്പോൾ നല്ല  ക്ഷീണം അനുഭവപ്പെടുന്നു. ഉറക്കം പലപ്പോഴും തടസ്സപ്പെടുന്നു. സ്വയം പ്രചോദിപ്പിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടായി അനുഭവപ്പെടും.  അപ്പോൾ അനാവശ്യമായ ചിന്തയും ആശങ്കയും പെരുകുന്നു. ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. കൂടുതൽ നെഗറ്റീവ് ആയിരിക്കും ചിന്തകൾ. ആത്മവിശ്വാസം തകരാനും സ്വയം വെറുക്കാനും അതിടയാക്കുന്നു. നിരാശയും നിസ്സഹായതയും നിറഞ്ഞതായി മാറും രാവും പകലും. ചില സന്ദർഭങ്ങളിൽ, ജീവിക്കാൻ പോലും ആഗ്രഹിക്കുന്നില്ല എന്ന ചിന്തയുണ്ടാവും. മറ്റുള്ളവരിൽ നിന്നും പ്രവർത്തനങ്ങളുടെ മേഖലകളിൽ  നിന്നും ദൈനംദിന ഉത്തരവാദിത്തങ്ങളിൽ നിന്നും പിൻവാങ്ങാനും പിന്മാറാനും കൊതിയേറുന്നു.
വിഷാദത്തിന്റെ ഒരു ചക്രത്തിൽ  കുടുങ്ങിത്തുടങ്ങുമ്പോൾ  ഈ ലക്ഷണങ്ങളെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നതായി കാണാം. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പലരിലും  വ്യത്യസ്തമാണ്. ചില ലക്ഷണങ്ങൾ മറ്റൊരു രോഗത്തിന്റെയോ രോഗാവസ്ഥയുടെയോ അടയാളമായിരിക്കാം. ഇത്തരത്തിൽ ഏതെങ്കിലും ചിലത് വിടാതെ പിന്തുടരുന്നുണ്ടെങ്കിൽ  കൃത്യമായ രോഗനിർണയം നടത്തേണ്ടത് പ്രധാനമാണ്.

വിഷാദത്തിന് ഒരൊറ്റ കാരണമല്ലെങ്കിലും ജൈവശാസ്ത്രപരവും സാമൂഹികവും മാനസികവുമായ ഘടകങ്ങളുടെ സംയോജനത്തിന്റെ ഫലമാണ് മാനസീക അവസ്ഥയെന്ന്  മിക്ക വിദഗ്ധരും വിശ്വസിക്കുന്നു. ജൈവശാസ്ത്രപരമായി, ജനിതക ശാസ്ത്രം അല്ലെങ്കിൽ വിഷാദ രോഗത്തിന്റെ കുടുംബ ചരിത്രം, പ്രമേഹം, ഹൃദ്രോഗം അല്ലെങ്കിൽ തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ, ഗർഭധാരണം, ആർത്തവ വിരാമം, ഹോർമോണൽ വ്യതിയാനങ്ങൾ എന്നിവ നിർണായക ഘടകങ്ങളാണ്.

മസ്തിഷ്‌ക രസതന്ത്രത്തിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളിലെ തടസ്സങ്ങൾ, മാനസികാവസ്ഥ, ഉറക്കം, വിശപ്പ് എന്നിവയുൾപ്പെടെ പല ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ സാമൂഹികമായി പിരിമുറുക്കവും ആഘാതപരമായ  ജീവിത സംഭവങ്ങൾ, സാമൂഹിക പിന്തുണയുടെ അഭാവം എന്നിവയെല്ലാം വിഷാദ രോഗത്തിന് കാരണമാകുന്നു.

മനഃശാസ്ത്രപരമായി, നിഷേധാത്മക ചിന്തകളും ലഹരിവസ്തുക്കളുടെ ഉപയോഗവും പ്രശ്‌നകരമായ സ്വഭാവങ്ങളും വിഷാദ രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. വിഷാദ രോഗത്തിനുള്ള ഫലപ്രദമായ ചികിത്സകൾ നിലവിലുണ്ട്.
ഉറക്ക ശീലങ്ങൾ മെച്ചപ്പെടുത്തുന്ന ജീവിതശൈലി മാറ്റങ്ങൾ, വ്യായാമം, അന്തർലീനമായ ആരോഗ്യ സാഹചര്യങ്ങളെ വിലയിരുത്തൽ എന്നിവ ആദ്യ പടിയാണ്. വിഷാദ രോഗ ലക്ഷണങ്ങൾ ലഘൂകരിക്കാൻ ആന്റീഡിപ്രസന്റുകൾ പോലുള്ള മരുന്നുകൾ സഹായിക്കും. വിദഗ്ധരുടെ സഹായം ഇതിന് അത്യാവശ്യമാണ്. തെറാപ്പി, പ്രത്യേകിച്ച് കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി, നെഗറ്റീവ് ചിന്തകൾ നന്നായി കൈകാര്യം ചെയ്യുന്നതിനും വിഷാദത്തിന്റെ ചക്രങ്ങളിൽ നിന്ന് കരകയറാൻ ഉപകരിക്കുന്ന  ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള കഴിവുകൾ പഠിപ്പിക്കുന്നു. കാരണം എന്തു തന്നെയായാലും വിഷാദം നിങ്ങളുടെ തെറ്റല്ലെന്നും അത് ചികിത്സിക്കാൻ കഴിയുമെന്നും സ്വയം ഓർമിപ്പിച്ചു കൊണ്ടിരിക്കണം. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെ വിഷാദ രോഗം ബാധിക്കുന്നു.വിഷാദം ആത്മഹത്യയിലേക്ക് നയിച്ചേക്കാം. കാലേകൂട്ടിയുള്ള തിരിച്ചറിവും പരിഹാരം തേടലും ഒഴിച്ചു കൂടാനാവാത്തതാണ്.

വിഷാദത്തിന്റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം പരിചരണത്തിന് ഒരു പ്രധാന പങ്ക് വഹിക്കാനാകും.
ആസ്വദിച്ചിരുന്ന പ്രവർത്തനങ്ങൾ തുടരാൻ ശ്രമിക്കുകയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്തുകയും ചെയ്യുന്നത് ഏറെ പ്രയോജനപ്പെടും.
ഒരു ചെറിയ നടത്തം ആണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നതും കഴിയുന്നത്ര ക്രമമായ ഭക്ഷണ, ഉറക്ക ശീലങ്ങൾ പാലിക്കുന്നതും വിഷാദ രോഗത്തിൽ നിന്ന് മുക്തമാവാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മദ്യപാനം ഒഴിവാക്കുന്നതും വിഷാദ രോഗം കൂടുതൽ വഷളാക്കുന്ന നിരോധിത മരുന്നുകൾ വർജിക്കുന്നതും ഏറെ ഫലപ്രദമാണ്.  വിശ്വസിക്കുന്ന ഒരാളോട് ചിന്തകളും വികാരങ്ങളും
പങ്കുവെക്കുന്നതും  പ്രധാനമാണ്.
ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളുണ്ടെങ്കിൽ നിങ്ങൾ തനിച്ചല്ലെന്നും നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അടുത്തോ അകലങ്ങളിലോ പലരും നിങ്ങളെ സഹായിക്കാനുണ്ടെന്നും  തിരിച്ചറിയുകയും അവരുമായി സംസാരിക്കാനും ശ്രദ്ധിക്കുക. ഒരു ഡോക്ടർ അല്ലെങ്കിൽ കൗൺസിലർ തുടങ്ങിയ  ആരോഗ്യ പ്രവർത്തകരോട് സംസാരിക്കാൻ ഒട്ടും വൈകിക്കരുത്. ഒരു വിളി, ഒരു ചെറുനടത്തം , ഒരു പുഞ്ചിരി, ഒരു നല്ലോർമ,  ചിലപ്പോൾ ഒരു ഗാനം  ഇതൊക്കെ മതിയാവും ജീവിതത്തിലേക്ക് നമ്മെ ആത്മവിശ്വാസപൂർവം  തിരികെ വഴി നടത്താൻ എന്നറിയുക.

Latest News