Sorry, you need to enable JavaScript to visit this website.

മെസിയും സംഘവും എത്തുന്നതിന് മുമ്പ്....


മലപ്പുറം പോലുള്ള ജില്ലകളിൽ പഞ്ചായത്തുകൾ തോറും സ്‌റ്റേഡിയങ്ങൾ വന്നാലും കളിക്കാനും കളി കാണാനും ആളുണ്ടാകും. പഞ്ചായത്തുകളിൽ വലിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിന് ഊർജിതമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ കൈയിൽ പണമില്ലെങ്കിൽ സ്വകാര്യ പങ്കാളിത്തത്തിലൂടെയോ ജനകീയ മാതൃകയിലോ സ്‌റ്റേഡിയങ്ങൾ വരണം.പലയിടത്തും നിലവിലുള്ള സ്‌റ്റേഡിയങ്ങൾ നവീകരിക്കാവുന്നതുണ്.സ്‌കൂളുകളിലെ വലിയ ഗ്രൗണ്ടുകളുടെ നിലവാരം മെച്ചപ്പെടുത്തി പൊതു കായികാവശ്യങ്ങൾക്ക് ഉപയോഗിക്കണം.

 

അർജന്റീന ടീം കേരളത്തിലെത്തുമോ എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുകയാണ്.ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന മലബാറുകാർക്ക് ഈ ചർച്ച ഏറെ പ്രിയപ്പെട്ടതാണ്.മലബാറിലെ ഫുട്‌ബോൾ ആരാധകർക്കിടയിൽ വലിയൊരു വിഭാഗം ഇഷ്ടപ്പെടുന്ന ലോകോത്തര താരം ലയണൽ മെസിയും കൂട്ടരും കേരളത്തിലെത്തുന്നത് അവർക്ക് സ്വപ്‌നസാഫല്യമായ കാര്യമാണ്.അതുകൊണ്ടു തന്നെ അർജന്റീനയെ കേരളത്തിലെക്കുന്നതിനുള്ള ഏതൊരു നീക്കത്തിനും അവർ പിന്തുണയുമായുണ്ട്.സോഷ്യൽ മീഡിയയിൽ ഏറെ നാളുകളായി ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.അർജന്റീനയെ കേരളത്തിലെത്തിക്കാൻ കോടികൾ മുടക്കിയാലും കുഴപ്പമില്ലെന്ന് പറയുന്നവർ ഏറെയുണ്ട്.അതേസമയം,അതിനെ എതിർക്കുന്നവരുമുണ്ട്. 
മെസിയും സംഘവും കേരളത്തിലെത്തിയാൽ എന്തു ഗുണമെന്ന് ചോദിക്കുന്നവരുമുണ്ട്.കേരളത്തിന്റെ ഫുട്‌ബോളിന്റെ വളർച്ചക്ക് അത് ഏറെ ഗുണം ചെയ്യുമെന്നും ഇന്ത്യയുടെ ഫുട്‌ബോൾ ഭൂപടത്തിൽ കേരളം സവിശേഷമായ സ്ഥാനം അലങ്കരിക്കുമെന്നുമെല്ലാം കമന്റുകൾ പുറത്തു വരുന്നുണ്ട്.ഇത്തരത്തിൽ മെസിയുടെയും സംഘത്തിന്റെയും വരവിനായി കാത്തിരിക്കുന്നവർക്കിടയിലേക്കാണ് കഴിഞ്ഞ ദിവസം ദേശീയ ശ്രദ്ധ നേടിയ മലപ്പുറത്തെ ഫുട്‌ബോൾ താരം ആഷിക് കുരുണിയന്റെ വാക്കുകൾ ചാട്ടൂളിയായി എത്തിയത്.മെസിയുടെയും സംഘത്തിന്റെയും വരവ് അവിടെ നിൽക്കട്ടെ, കേരളത്തിലെ ഫുട്‌ബോളിന്റെ ഗതിയെന്താണെന്ന് പരിശോധിക്കൂ എന്ന മട്ടിലാണ് ആഷിക് തുറന്നടിച്ചത്.മെസി ഭ്രമത്തിന്റെ മായിക ലോകത്ത് നിൽക്കുന്ന സാധാരണക്കാരായ ഫുട്‌ബോൾ പ്രേമികൾക്ക് അത് ദഹിക്കാത്ത ചോദ്യമാണ്.എന്നാൽ ലോക ഫുട്‌ബോളിന് കൈയടിക്കുന്നതിന് മുമ്പ് നാട്ടിലെ താരങ്ങളുടെ അധോഗതിയെ കുറിച്ചൊന്ന് ചിന്തിക്കാൻ ആഷിക് കുരുണിയന്റെ വാക്കുകൾ പ്രേരണയാകും.
ഇന്ത്യൻ ഫുട്‌ബോളിൽ കേരള താരങ്ങൾ തിളങ്ങി നിൽക്കുന്ന കാലമാണിത്.എന്നാൽ ആ താരങ്ങൾക്ക് നാട്ടിൽ പരിശീലനം നടത്താൻ ഒരു ഗ്രൗണ്ട് പോലുമില്ലെന്ന ദേശീയ താരത്തിന്റെ നിസ്സഹായത തുളുമ്പുന്ന അഭിപ്രായം മലയാളിയുടെ ഫുട്‌ബോൾ അഹങ്കാരത്തിന് മേലുള്ള കനത്ത അടിയാണ്.ദേശീയ ടീമിലും ഇന്ത്യൻ സൂപ്പർ ലീഗിലും കളിച്ച് മികവ് കാട്ടി സീസൺ കഴിഞ്ഞ് നാട്ടിലെത്തിയാൽ അവരെ കാത്തിരിക്കുന്നത് ഇല്ലായ്മകളാണ്.പരിശീലിക്കാൻ പറ്റിയ ഗ്രൗണ്ടില്ല.ഉള്ള ഗ്രൗണ്ടുകൾക്കാകട്ടെ നീട്ടിയൊരു ക്രോസ് കൊടുത്ത് പരിശീലിക്കാനുള്ള ഇടമില്ല.സർക്കാർ മേഖലയിലുള്ള ഗ്രൗണ്ടുകൾ ടൂർണമെന്റുകൾക്ക് മികച്ചതാണ്.എന്നാൽ അതൊന്നും ദേശീയ താരങ്ങൾക്ക് പോലും തുറന്നു കൊടുക്കില്ല.ടൂർണമെന്റ് കഴിഞ്ഞാൽ സ്‌റ്റേഡിയം പൂട്ടി ഉദ്യോഗസ്ഥർ താക്കോലുമായി പോകും.താരങ്ങൾക്ക് പരിശീലിക്കണമെങ്കിൽ കട്ട നിറഞ്ഞ വയലോ, സ്വകാര്യ മേഖലയിലെ ടർഫുകളോ ആശ്രയം.വയലുകളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്.ടർഫുകളോ അശാസ്ത്രീയമായ നിർമിതിയുടെ ഉദാഹരണങ്ങളും.ടർഫുകളിൽ സെവൻസ് കളിക്കുന്നത് തന്നെ തിക്കിത്തിരക്കിയാണ്.പലയിടത്തും ഫൈവ്‌സിനുള്ള സൗകര്യമേയുള്ളൂ.ദേശീയ തലത്തിൽ കളിക്കുന്ന താരങ്ങൾ ഇത്തരം ചെറിയ ഗ്രൗണ്ടുകളിൽ കളിച്ചാൽ അവരുടെ കൈയിലുള്ള കളിയും പോകും.നീട്ടിയൊരു ക്രോസ് കൊടുത്ത് പരിശീലിക്കാൻ ഇവിടെ സ്ഥലമില്ല.വ്യായാമത്തിനും തമാശക്കും പന്തു തട്ടുന്നവരുടെ ആവശ്യങ്ങൾക്കപ്പുറം പ്രൊഫഷണൽ ഫുട്‌ബോളിന് സഹായകമായ സൗകര്യങ്ങളല്ല ഭൂരിഭാഗം ടർഫുകളിലുമുള്ളത്.ഭാരിച്ച സാമ്പത്തിക ചെലവാണ് മറ്റൊരു പ്രശ്‌നം.ദിവസേന പരിശീലനം നടത്തുന്ന താരങ്ങൾക്ക് ടർഫുകളിലെ പരിശീലനം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യവുമാണ്.
സർക്കാർ മേഖലയിൽ ഗ്രൗണ്ടുകൾ വേണമെന്ന ആവശ്യം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്.പഞ്ചായത്തുകൾ തോറും കളിസ്ഥലങ്ങൾ എന്ന വാഗ്ദാനം മലയാളി കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.സ്വന്തമായി സ്ഥലമുള്ള പഞ്ചായത്തുകളിൽ പോലും മികച്ചൊരു ഗ്രൗണ്ട് ഉണ്ടാക്കാനായിട്ടില്ല.പല പഞ്ചായത്തുകളും സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ആ പദ്ധതിയിൽ നിന്ന് പിൻമാറുകയും ചെയ്തു.സ്വകാര്യ മേഖലയിൽ ടർഫുകൾ കൂണ് പോലെ മുളച്ചു പൊന്തിയപ്പോൾ സർക്കാരിന് ആശ്വാസമായി.യുവാക്കൾ എവിടെയെങ്കിലും പോയി കളിക്കട്ടെ എന്നാശ്വസിച്ചു. എന്നാൽ ഇത്തരം ടർഫുകൾ ഫുട്‌ബോളിന്റെ വളർച്ചക്ക് ഗുണകരമാണോ എന്നതൊന്നും ആലോചിക്കുന്നില്ല.അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഇലവൻസ് ഫുട്‌ബോളിന് അനുഗുണമായ ടർഫുകൾ നാട്ടിൽ വിരളമാണെന്നത് ഈ മേഖലയിൽ സർക്കാരിനും ഒരു നയമില്ലെന്നതാണ് കാണിക്കുന്നത്.ടർഫുകളുടെ ഗുണനിലവാരം, ഘടന എന്നിവ സംബന്ധിച്ച് സർക്കാർ മാർഗനിർദേശമൊന്നും തയാറാക്കിയിട്ടില്ല.അക്കാര്യത്തിൽ സർക്കാരിനൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് കായിക വകുപ്പിന്റേത്.എന്നാൽ സ്വകാര്യ മേഖലയിലുള്ളതാണെങ്കിലും അന്തർദേശീയ നിലവാരങ്ങൾക്കനുസരിച്ച് ടർഫുകൾ നിർമിക്കണമെന്ന നിബന്ധന കൊണ്ടുവന്നിരുന്നെങ്കിൽ അവയുടെ നിർമാണം ആ രീതിയിൽ ആവുമായിരുന്നു. വളർന്നു വരുന്ന താരങ്ങൾക്ക് ശരിയായ രീതിയിൽ ഫുട്‌ബോൾ കളിച്ച് പഠിക്കാമായിരുന്നു.
ഫുട്‌ബോൾ ആരാധകർ ഏറെയുള്ള മലബാറിൽ മികച്ച ഗ്രൗണ്ടുകൾ ഇപ്പോഴുമില്ല.മലപ്പുറം ജില്ലയിൽ മലപ്പുറം കോട്ടപ്പടിയിലും മഞ്ചേരി പയ്യനാട്ടുമാണ് രണ്ട് മികച്ച സ്റ്റേഡിയങ്ങൾ ഉള്ളത്. എന്നാൽ ഇത് രണ്ടും ടൂർണമെന്റുകൾക്ക് മാത്രമാണ് തുറക്കുന്നത്.പരിശീലനത്തിനായി ദേശീയ താരങ്ങൾ സമീപിച്ചാൽ പോലും അവ തുറന്നു കൊടുക്കാറില്ല.പൊതുഉടമയിലുള്ള ഇത്തരം സ്ഥാപനങ്ങൾ അർഹരായവർക്ക് പ്രയോജനം നൽകുന്നില്ലെങ്കിൽ അതുകൊണ്ടെന്ത് കാര്യം.ദേശീയ, സംസ്ഥാന താരങ്ങൾക്കെങ്കിലും പരിശീലനത്തിനായി ഈ സ്റ്റേഡിയങ്ങൾ നിശ്ചിത സമയങ്ങളിൽ തുറന്നു കൊടുക്കേണ്ടതാണ്.ഗ്രൗണ്ടില്ലാ പ്രതിസന്ധിക്ക് താൽക്കാലികമായെങ്കിലും ഇതുവഴി പരിഹാരം കാണാനാകും.ടർഫുകളുടെ നിർമാണത്തിൽ സർക്കാർ ഇനിയെങ്കിലും മാർഗനിർദേശങ്ങൾ കൊണ്ടുവരണം.പുതുതായി നിർമിക്കുന്ന ടർഫുകൾക്ക് അന്താരാഷ്ട്ര ഘടകം ആവശ്യമാണെന്ന് സർക്കാർ ആവശ്യപ്പെടണം.നിലവിലുള്ള ടർഫുകളിൽ സൗകര്യമുണ്ടെങ്കിലും വിപുലീകരിക്കുന്നതിനും നടപടികൾ വേണം.
മലപ്പുറം പോലുള്ള ജില്ലകളിൽ പഞ്ചായത്തുകൾ തോറും സ്‌റ്റേഡിയങ്ങൾ വന്നാലും കളിക്കാനും കളി കാണാനും ആളുണ്ടാകും.പഞ്ചായത്തുകളിൽ വലിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിന് ഊർജിതമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ കൈയിൽ പണമില്ലെങ്കിൽ സ്വകാര്യ പങ്കാളിത്തത്തിലൂടെയോ ജനകീയ മാതൃകയിലോ സ്‌റ്റേഡിയങ്ങൾ വരണം.പലയിടത്തും നിലവിലുള്ള സ്റ്റേഡിയങ്ങൾ നവീകരിക്കാവുന്നതാണ്.സ്‌കൂളുകളിലെ വലിയ ഗ്രൗണ്ടുകളുടെ നിലവാരം മെച്ചപ്പെടുത്തി പൊതു കായികാവശ്യങ്ങൾക്ക് ഉപയോഗിക്കണം.
സ്വകാര്യ മേഖലയിൽ ഫുട്‌ബോൾ പുതിയ സാധ്യതകളിലേക്ക് കടക്കുന്ന കാലമാണ്.ദേശീയ തലത്തിലുള്ള ഫുട്‌ബോൾ അക്കാദമികൾ പോലും കേരളത്തിലേക്ക് കടന്നു വരുന്നു.ഇത്തരം സംരംഭങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഉണ്ടാകേണ്ടതുണ്ട്.പഞ്ചായത്തുകളിൽ വലിയ സ്റ്റേഡിയങ്ങൾ നിർമിച്ചാൽ അവ പണം നൽകി ഉപയോഗിക്കാൻ സ്വകാര്യ അക്കാദമികൾ മുന്നോട്ടു വരും.ഗ്രൗണ്ടുകളുടെ നടത്തിപ്പ് ചെലവിന് ഇത്തരത്തിൽ പണം ലഭിക്കും.ഒപ്പം നാടിന്റെ കായിക സംസ്‌കാരം മെച്ചപ്പെടും.പുതിയ താരങ്ങളുടെ ഉദയത്തിനും ഇത് വഴിയൊരുക്കും.
മെസിയും സംഘവും കേരളത്തിലെത്തുന്നുണ്ടെങ്കിൽ അത് കേരളത്തിന്റെ ഫുട്‌ബോൾ സൗകര്യങ്ങളുടെ മികവിനായാണ് ഉപയോഗപ്പെടുത്തേണ്ടത്.ടൂറിസം മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളെ ഫുട്‌ബോളുമായി ബന്ധിപ്പിക്കണം.ഫുട്‌ബോൾ ടൂറിസം മലബാറിൽ ഏറെ സാധ്യതയുള്ള ഒന്നാണ്.ഇത്തരം സാധ്യതകളെ തിരച്ചറിഞ്ഞു കൊണ്ടുള്ള നയങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. 

 

Latest News