Sorry, you need to enable JavaScript to visit this website.

കോക്ക്പിറ്റിലിരുന്ന് പൈലറ്റ് പുകവലിച്ചു, അബദ്ധത്തില്‍ എസി ഓഫ് ചെയ്തു; ചൈനീസ് വിമാനത്തില്‍ സംഭവിച്ചത്

ബെയ്ജിങ്- ചൈനയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ ചൈന വിമാനത്തില്‍ പൈലറ്റ് പുകവലിച്ചത് നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. വിമാനം 35,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ കോപൈലറ്റാണ് ഇലക്ട്രോണിക് സിഗരറ്റ് വലിച്ചത്. തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാല്‍ വിമാനം അടിയന്തിരമായി പതിനായിരം അടി താഴ്‌ത്തേണ്ടി വന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ വ്യോമയാന വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പുകവലിക്കുന്നതിനിടെ പുക കാബിനിലേക്ക് പടരാതിരിക്കാന്‍ കോ പൈലറ്റ് ശ്രമം നടത്തി. ഇതിനിടെ അബദ്ധത്തില്‍ എസി ഓഫായി. തുടര്‍ന്നാണ് വിമാനം അടിയന്തിരമായി താഴ്‌ത്തേണ്ടി വന്നത്. 

കാബിന്‍ ഡികംപ്രസ് ചെയ്യുന്നതിന് വിമാനം അടിന്തിരമായി താഴ്ത്തുകയാണെന്നാണ് യാത്രാക്കാര്‍ക്കു നല്‍കിയ അറിയിപ്പ്. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കേണ്ടി വന്നു. യാത്രക്കാരുടെ സുരക്ഷ ആശങ്കയിലാക്കിയത് കോ പൈലറ്റിന്റെ പുകവലിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും തെറ്റുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എയര്‍ ചൈന അറിയിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 

Latest News