Sorry, you need to enable JavaScript to visit this website.

സുന്നി ഐക്യം വീണ്ടും ചർച്ചയാകുമ്പോൾ

സുന്നി ഐക്യമെന്നത് ഇരുവിഭാഗങ്ങളും പരസ്പരം ലയിച്ചുചേരൽ മാത്രമല്ല. വിശ്വാസം നേരിടുന്ന വെല്ലുവിളികൾക്ക് മുന്നിൽ, തങ്ങൾ ഭിന്നരല്ലെന്ന് തെളിയിക്കാനും സംഘശക്തിക്ക് മുന്നിൽ വെല്ലുവിളികളുടെ മുനയൊടിക്കാനുമുള്ള കൂട്ടായ്മ കൂടിയായി അതിന് മാറാൻ കഴിയും. സ്വന്തം സംഘടനയുടെ ശക്തിയാണ് പ്രധാനമെന്ന് കരുതുന്നത് മണ്ടത്തരമാകും. ആ ശക്തിയെ സമുദായത്തിന്റെ പൊതുതാൽപര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതിയിരിക്കും ബുദ്ധിപരമായ തീരുമാനം. അവിടെ വിട്ടുവീഴ്ചകളും അനിവാര്യമാകും.

 

മതവിശ്വാസത്തിന്റെ കാര്യത്തിൽ ഒരേ മതത്തിൽ പെട്ടവർ ഐക്യത്തിലാണെങ്കിലും സംഘടനാപരമായി അവർ വ്യത്യസ്ത ചേരിയിലാണ്. ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവർ വ്യത്യസ്ത വിഭാഗങ്ങളായി നിൽക്കുന്നുവെന്നത് ഒരു ഇന്ത്യൻ യാഥാർഥ്യമാണ്. ഈ ഭിന്നത എല്ലാ മതത്തിലും കാണാനുമാകും. ഹൈന്ദവ വിശ്വാസികൾക്കിടയിൽ തന്നെ വ്യത്യസ്ത പുരോഹിതരെ പിൻപറ്റി ജീവിക്കുന്നവരുണ്ട്. ക്രൈസ്തവർക്കിടയിലും മുസ്‌ലിംകൾക്കിടയിൽ ഈ ഭിന്നചേരികളെ കാണാം. വിശ്വാസത്തിന്റെ കാര്യത്തിൽ ഒരേ ചര്യകൾ പിൻപറ്റുന്ന കേരളത്തിലെ സുന്നി മുസ്‌ലിം വിഭാഗങ്ങൾക്കിടയിലെ ചേരി തിരിവിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ ഇരുവിഭാഗങ്ങളും ഏറെ അകന്നാണ് നിൽക്കുന്നതെന്ന് മാത്രമല്ല, പലപ്പോഴും ശത്രുക്കളെ പോലെ പെരുമാറുകയും ചെയ്യുന്നു. രാഷ്ട്രീയ പാർട്ടികൾക്കിടയിലുള്ള വൈരത്തേക്കാൾ ശക്തമായ വൈരം ഇരുവിഭാഗം സുന്നികൾക്കുമിടയിലുണ്ടെന്നത് യാഥാർഥ്യമാണ്. മുതിർന്ന പണ്ഡിതൻമാർക്കിടയിൽ മുതൽ വിദ്യാർഥികൾക്കിടയിൽ വരെ ഭിന്നത ആഴത്തിൽ വേരുറച്ചിരിക്കുകയാണ്. സ്ഥാപനങ്ങളെ ചൊല്ലിയുള്ള കേസുകൾ കോടതി കയറി. പലയിടങ്ങളിലും പലപ്പോഴായി ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. വിശ്വാസ പ്രമാണങ്ങളിലുള്ള താത്വിക സംവാദത്തിൽ നിന്ന് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് അത് വളർന്നു. ഇരുവിഭാഗങ്ങളും ശക്തമായ അടിത്തറയുള്ള സ്ഥാപനങ്ങളുടെ ഉടമകളായി. ഇരുവിഭാഗങ്ങളും ഒന്നിച്ചു നിൽക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയരാറുണ്ടെങ്കിലും ഒരേ പാതയിലേക്ക് ഇരുവരും എത്തുന്നതിനുള്ള സാധ്യതകൾ തെളിയാറില്ല. ചർച്ചക്ക് തയാറല്ലെന്ന് ഇരുവിഭാഗവും പറയാറില്ല, എന്നാൽ ചർച്ചകൾ എവിടെയുമെത്താറില്ല.
കഴിഞ്ഞ ദിവസം ഇ.കെ വിഭാഗം നേതൃത്വത്തിൽ നിന്ന് ഐക്യത്തിനുള്ള ആഹ്വാനമുയർന്നത് ഈ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. ഇന്ത്യയിൽ ബി.ജെ.പി ഭരണത്തിൽ ന്യൂനപക്ഷങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് സുന്നി വിഭാഗങ്ങൾക്കിടയിൽ മാത്രമല്ല, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ഐക്യം ശക്തിപ്പെടേണ്ട സമയമാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് ഐക്യത്തിനുള്ള വേദികൾ രൂപപ്പെടേണ്ടത് അനിവാര്യമാണ്.
കേരളത്തിൽ സുന്നി ഐക്യം മരീചികയാണെന്ന അഭിപ്രായവും വിലക്കെടുക്കേണ്ടതാണ്. ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്ന ഇരുവിഭാഗം സംഘടനകൾക്കും ആ വസ്തുവകകൾക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ലക്ഷക്കണക്കിന് അനുയായികളുള്ള സുന്നി സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്നവർക്ക്, ഐക്യം യാഥാർഥ്യമായാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. ഇത്തരത്തിൽ ആത്മീയകാര്യങ്ങൾക്കപ്പുറം ഭൗതികമായ ഒട്ടേറെ ഘടകങ്ങൾ ഐക്യപ്പെടലിനെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇരുവിഭാഗവും പരസ്പരം ലയിക്കുകയെന്നത് അത്ര എളുപ്പത്തിൽ യാഥാർഥ്യമാകാവുന്ന കാര്യമല്ല.
സുന്നികൾക്കിടയിൽ ഐക്യമുണ്ടാകുന്നത് ഇഷ്ടപ്പെടാത്ത രാഷ്ട്രീയ പാർട്ടികളുള്ള നാടുമാണ് കേരളം. മുസ്‌ലിം വോട്ടുകളിൽ കണ്ണുംനട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സുന്നി ഐക്യത്തിന് തുരങ്കം വെക്കാൻ ശ്രമിക്കുമെന്നതിൽ സംശയം വേണ്ട. ഇ.കെ സുന്നി വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെടാതിരിക്കാൻ മുസ്‌ലിം ലീഗ് നടത്തുന്ന തീവ്രശ്രമങ്ങളേക്കാൾ എ.പി സുന്നി വോട്ടുകൾ അനുകൂലമാക്കി നിർത്താൻ സി.പി.എമ്മും ശ്രമിച്ചുകൊണ്ടിരിക്കും. മതസംഘടനകൾ ഐക്യപ്പെട്ടാൽ ഈ വോട്ട് ബാങ്ക് എവിടേക്ക്, എപ്പോൾ നീങ്ങുമെന്നത് പ്രവചിക്കാൻ കഴിയാത്തതാകും. അത്തരമൊരു പരീക്ഷണത്തിന് രാഷ്ട്രീയ പാർട്ടികൾ തയാറാകില്ല.
അതേസമയം, രാജ്യത്ത് മതേതരത്വവും വ്യത്യസ്ത വിശ്വാസ പ്രമാണങ്ങളും നേരിടുന്ന ഭീഷണികളെ ചെറുക്കാൻ ഒരേ വേദിയിലെത്താൻ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങൾക്ക് തടസ്സമുണ്ടാകില്ല. നേരത്തെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ ബി.ജെ.പി സർക്കാർ മുന്നോട്ടു വന്നപ്പോൾ രൂപപ്പെട്ട ഐക്യം വരുംനാളുകളിൽ പല വിഷയങ്ങളിലും ആവശ്യമായി വരും. ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ബി.ജെ.പി സർക്കാർ വീണ്ടും സംസാരിച്ചു തുടങ്ങുമ്പോൾ മുസ്‌ലിംകൾ ഉൾെപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്കിടയിൽ ഐക്യപ്പെടൽ അനിവാര്യമാകും. ഏക സിവിൽ കോഡിലൂടെ ഏതെല്ലാം മതവിശ്വാസങ്ങളാണ് ഹനിക്കപ്പെടാനിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. നാനാത്വത്തിൽ ഏകത്വമെന്ന സുന്ദര സങ്കൽപം നിലനിന്നിരുന്ന ഇന്ത്യയിൽ ഏതെങ്കിലും മതങ്ങളുടെ മാത്രം വിശ്വാസ രീതികളെ ഇല്ലാതാക്കുന്ന നീക്കങ്ങളുണ്ടായാൽ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അത്തരമൊരു പ്രതിഷേധത്തിന് സുന്നി വിഭാഗങ്ങൾ ഒന്നിച്ചൊരു വേദിയിലെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രതിഷേധങ്ങളെ സ്വന്തം പ്രസ്ഥാനത്തിന്റെ കരുത്തു തെളിയിക്കാനുള്ള അവസരമായി കാണാതെ, ഭിന്നതകൾ മാറ്റിവെച്ച് പൊതുവേദി രൂപപ്പെടുത്തേണ്ടത് ഈ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ്. 
സുന്നി ഐക്യമെന്നത് ഇരുവിഭാഗങ്ങളും പരസ്പരം ലയിച്ചുചേരൽ മാത്രമല്ല. വിശ്വാസം നേരിടുന്ന വെല്ലുവിളികൾക്ക് മുന്നിൽ, തങ്ങൾ ഭിന്നരല്ലെന്ന് തെളിയിക്കാനും സംഘശക്തിക്ക് മുന്നിൽ വെല്ലുവിളികളുടെ മുനയൊടിക്കാനുമുള്ള കൂട്ടായ്മ കൂടിയായി അതിന് മാറാൻ കഴിയും. സ്വന്തം സംഘടനയുടെ ശക്തിയാണ് പ്രധാനമെന്ന് കരുതുന്നത് മണ്ടത്തരമാകും. ആ ശക്തിയെ സമുദായത്തിന്റെ പൊതുതാൽപര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതിയിരിക്കും ബുദ്ധിപരമായ തീരുമാനം. അവിടെ വിട്ടുവീഴ്ചകളും അനിവാര്യമാകും.

 

 

Latest News