Sorry, you need to enable JavaScript to visit this website.

കൊച്ചി നഗരത്തില്‍ ആറ് വരി  ആകാശപ്പാത വരുന്നു 

കൊച്ചി- നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ ആറ് വരി ആകാശപാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി.16.75 കിലോമീറ്റര്‍ ദൂരത്തിലാണ് ആകാശപാത നിര്‍മിക്കുന്നത്. നിലവില്‍ എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും ഏറ്റവും ഗതാഗതക്കുരുക്ക് ഉള്ളതുമായ നാല് വരിപ്പാതയാണിത്.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ 2004ല്‍ ഈ പാത വീതി കൂട്ടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. 2006ല്‍ പണി പൂര്‍ത്തിയായെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ട് വര്‍ഷം കൊണ്ട് ഇത് ഇനിയും രൂക്ഷമാകുന്നത് മുന്നില്‍ കണ്ടാണ് ആറ് വരി ആകാശപാത നിര്‍മിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം.
ഇടപ്പള്ളി- തിരുവനന്തപുരം, വല്ലാര്‍പ്പാടം ടെര്‍മിനല്‍, പോര്‍ട്ട് ട്രസ്റ്റ് ഓഫീസ് -കുണ്ടന്നൂര്‍, മൂന്നാര്‍- കൊച്ചി, വാളയാര്‍- വടക്കഞ്ചേരി, എന്നീ പാതകളാണ് അരൂര്‍ ഇടപ്പള്ളി പാതയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇനി കുണ്ടന്നൂര്‍-തേനി ഗ്രീന്‍ഫീല്‍ഡ് റോഡ്, കുണ്ടന്നൂര്‍-അങ്കമാലി ബൈപ്പാസ് എന്നീ റോഡുകളും ഈ പാതയുമായി ബന്ധിപ്പിക്കും. ഇതോടെ ഗതാഗതക്കുരുക്ക് ഇനിയും കൂടും. ഇതിന് പരിഹാരമായി ആകാശപാത വേണമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.
ഭൂമി ഏറ്റെടുക്കല്‍ ഈ പ്രദേശത്ത് പ്രായോഗികമല്ലാത്തതും ആകാശപാത പദ്ധതിയ്ക്ക് അനുകൂല ഘടകമായി, മെട്രോ റെയിലും നാല് മേല്‍പ്പാലങ്ങളും ഉളളതാണ് ഈ പാത. ഇവിടെ ആറ് വരി ആകാശപാത നിര്‍മിക്കാന്‍ ഉളള ഡിപിആര്‍ തയ്യാറാക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവും. നിലവില്‍ അരൂരില്‍ നിന്ന് തുറവൂരിലേക്ക് ആകാശപാതയുടെ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇടപ്പള്ളിയില്‍ നിന്ന് അരൂരിലേക്ക് കൂടി 27 കിലോമീറ്റര്‍ ദൂരത്തിലാവും ആറ് വരിപ്പാത യാഥാര്‍ഥ്യമാകുന്നത്.

Latest News