Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ വന്‍ സ്വര്‍ണക്കടത്തും കൊള്ളയടിക്കല്‍ ശ്രമവും; ഏഴു പേര്‍ പിടിയില്‍

മലപ്പുറം-കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി 1.157 കിലോ സ്വര്‍ണം കടത്തിയ യാത്രക്കാരനെയും ഇയാളെ  തട്ടിക്കൊണ്ടുപോയി 1.157 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴുപേരടങ്ങുന്ന ക്രിമിനല്‍ സംഘത്തെയും പോലീസ് പിടികൂടി. പോലീസിനെ കണ്ടു രണ്ടു വഴികളിലായി രക്ഷപ്പെടാന്‍ ശ്രമിച്ച കവര്‍ച്ചാ സംഘത്തെ പിന്തുടര്‍ന്ന പോലീസ് വയനാട് വൈത്തിരിയില്‍ വച്ചും കാഞ്ഞങ്ങാട് വച്ചുമാണ് പിടികൂടിയത്.
യുഎഇയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന കൊടിഞ്ഞി സ്വദേശി മുസ്തഫ എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വര്‍ണം കടത്തികൊണ്ടു വരുന്നുണ്ടെന്നും അതു കവര്‍ച്ച ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘം വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും  മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് കവര്‍ച്ചാ സംഘത്തെ പോലീസ് പിടികൂടിയത്. വിമാനത്താവള പരിസരത്തു പോലീസ് സജ്ജമായതോടെ എയര്‍പോര്‍ട്ട്  ആഗമന കവാടത്തില്‍ സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട  കാഞ്ഞങ്ങാട് സ്വദേശിയായ റഷീദി(34)നെയാണ്  ആദ്യം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വിശദമായ ചോദ്യം ചെയ്തപ്പോഴാണ്  കവര്‍ച്ചാസംഘത്തിന്റെ പദ്ധതി വ്യക്തമായത്.
ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍, കാഞ്ഞങ്ങാട് സ്വദേശിയായ സാദിഖ് എന്നിവരാണ് സ്വര്‍ണക്കടത്തുകാരനായ മുസ്തഫയുടെ വിവരങ്ങള്‍ റഷീദിന് കൈമാറിയത്. ഇവരാണ്  മുസ്തഫയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുക്കുന്ന പദ്ധതി ആസൂത്രണം ചെയ്തതും അതിന് റഷീദിനെ നിയോഗിച്ചതും.  റഷീദിന് സഹായത്തിനായി വയനാട്ടു നിന്നുള്ള അഞ്ചംഗ സംഘവും സമീറിന്റെ നിര്‍ദേശപ്രകാരം  എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെ കസ്റ്റംസ് പരിശോധനകളെ മറികടന്ന് സ്വര്‍ണവുമായി വിമാനത്താവളത്തിനു പുറത്തെത്തിയ  മുസ്തഫയും പോലീസിന്റെ പിടിയിലായി. അപകടം മണത്തറിഞ്ഞ  കവര്‍ച്ചാസംഘം  പദ്ധതി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വയനാട്ടിലേക്ക് രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ വയനാട് വൈത്തിരിയില്‍ വച്ചും കാസര്‍ഗോഡ് സ്വദേശിയെ കാഞ്ഞങ്ങാട് വച്ചും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വയനാട് സ്വദേശികളായ കെ.വി മുനവിര്‍(32), ടി. നിഷാം(34), ടി.കെ സത്താര്‍ (42), എ.കെ റാഷിദ (44),കെ.പി ഇബ്രാഹിം(44), കാസര്‍ഗോഡ് സ്വദേശികളായ എം റഷീദ്(34), സി.എച്ച് സാജിദ് (36) എന്നിവരെയാണ് പിടികൂടിയത്.
കള്ളക്കടത്ത് സ്വര്‍ണവുമായി കുടുംബസമേതം വീട്ടിലേക്ക് പോകുമ്പോള്‍ മുസ്തഫയെ വിജനമായ സ്ഥലത്ത് വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി  തട്ടികൊണ്ടുപോയി സ്വര്‍ണം കവര്‍ച്ച ചെയ്ത്  പങ്കിട്ടെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. പോലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെയാണ് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിലേക്ക്
വരെ നയിക്കാമായിരുന്ന സംഭവവികാസങ്ങള്‍ തടയാനായതും 67 ലക്ഷം രൂപ വിലവരുന്ന കള്ളക്കടത്ത് സ്വര്‍ണം
പിടികൂടാനുമായത്. പ്രതികളെയും പിടികൂടിയ സ്വര്‍ണവും  മഞ്ചേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കും. മുസ്തഫക്കെതിരെയുള്ള തുടര്‍നടപടികള്‍ക്കായി പ്രിവന്റീവ് കസ്റ്റംസിന്  റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.


    

 

 

 

 

Latest News