Sorry, you need to enable JavaScript to visit this website.

സ്ത്രീ, കുടുംബം, സ്വാതന്ത്ര്യം

വ്യക്തി കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റ് ഇന്നു കുടുംബമാണ്. കേരളത്തിന്റെ പശ്ചാത്തലത്തിൽ അത് ഏറെക്കുറെ അണുകുടുംബവും. സമൂഹത്തിലെ എല്ലാ മേഖലയെയും ജനാധിപത്യവൽക്കരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കാലമാണിത്. എന്നാലത് കുടുംബത്തിനകത്തേക്ക് കടന്നുവരുന്നില്ല. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി സമൂഹത്തിന്റെ പല മേഖലകളിലും ലിംഗനീതിയെ കുറിച്ചുള്ള അവബോധം ചെറുതായിട്ടെങ്കിലും ഉണ്ടായിട്ടുണ്ട്. എന്നാലത് കാര്യമായി ബാധിക്കാത്ത മേഖലയാണ് കുടുംബം. 

 


പോയ വാരത്തിൽ കേരളം ചർച്ച ചെയ്ത വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മന്ത്രി ആർ. ബിന്ദുവിന്റെ ഇന്ത്യ ടുഡേ കോൺക്ലേവിലെ ഇംഗ്ലീഷ് ഡിബേറ്റിലെ വാചകം. കേരള വർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ഒരാൾ പറയേണ്ട ഒരു വാചകമാണോ ഇത്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരമാണിത് കാണിക്കുന്നത് തുടങ്ങിയ വിമർശനങ്ങളൊക്കെ ഇതുമായി ബന്ധപ്പെട്ട് ഉയരുകയുണ്ടായി. എന്നാൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗുണകരമായ ഒരു സംവാദമായി അത് വികസിക്കുകയുണ്ടായില്ല. മറിച്ച്, കേരളത്തിൽ പതിവുള്ളതുപോലെ കക്ഷിരാഷ്ട്രീയ വിവാദമായി മാറുകയാണുണ്ടായത്. അത് പ്രബുദ്ധമാണെന്നു അഹങ്കരിക്കുന്ന കേരളീയ സമൂഹത്തിന്റെ ദുരന്തമാണ്.

അതേസമയം മന്ത്രിയെ ന്യായീകരിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും വളരെ ഗൗരവമായ ചില വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ ചർച്ചയുടെ ഗതി മാറ്റിവിടാനുള്ള ശ്രമവും കേരളം കണ്ടു. എത്ര ഉയർന്ന പദവിയിലെത്തിയാലും ഏതൊരു സ്ത്രീയും അവരുടെ തലക്കുള്ളിൽ വീടുമായി നടക്കേണ്ട ഗതികേടാണ് നിലനിൽക്കുന്നതെന്നാണ് മന്ത്രി പറയാനുദ്ദേശിച്ചത് എന്നായിരുന്നു അവരുടെ വാദം.  മന്ത്രിയും പിന്നീട് അങ്ങനെ വിശദീകരിച്ചു. അതെന്തുമാകട്ടെ, വളരെ പ്രസക്തമായ ഒരു വാദഗതി തന്നെയാണിത്. എന്നാൽ മുകളിൽ സൂചിപ്പിച്ച പോലെ കക്ഷിരാഷ്ട്രീയത്തിനുപരിയായി ഒരു വിഷയത്തെയും കാണാത്ത കേരളം ഇതിനെയും അർഹിക്കുന്ന ഗൗരവത്തോടെ കാണുകയുണ്ടായില്ല. 

മന്ത്രിയുടെ ഈ പ്രസ്താവനയെ   വേണമെങ്കിൽ തികച്ചും വ്യക്തിപരമായി കാണാം. അപ്പോഴും അതിലൂടെ പുറത്തുവരുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. ആ യാഥാർത്ഥ്യങ്ങളിലൂടെ അത് വ്യക്തിപരമായ വിഷയമല്ലാതായി മാറുന്നു. കേരളത്തിലെ വളരെ രാഷ്ട്രീയ പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഒരു കലാലയത്തിലെ അധ്യാപിക മാത്രമല്ല അവർ. എസ്.എഫ്.ഐ കാലം മുതൽ സി.പി.എമ്മിന്റെ പ്രവർത്തകയായിരുന്നു. അവരുടെ വനിത വിഭാഗത്തിന്റെ അഖിലേന്ത്യ നേതാവാണ്. നേരത്തെ തൃശൂർ മേയറായിരുന്നു. ഇപ്പോൾ മന്ത്രിയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടു പറയുമ്പോൾ വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടിയുണ്ട്, അത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവന്റെ ജീവിത പങ്കാളിയാണ് എന്നതാണ്. അത്തരത്തിലുള്ള ഒരാളാണ് എവിടെ പോയാലും വീട് തലക്കുള്ളിലാക്കിയാണ് പോകേണ്ടിവരുന്നത് എന്നു പറഞ്ഞത്. അതിനാൽ തന്നെ ഇതൊരു വ്യക്തിപരമായ പ്രശ്‌നത്തേക്കാൾ ഉപരിയായി ഒരു രഷ്ട്രീയ പ്രശ്‌നമായി മാറുന്നു, ഒരു ലിംഗപരമായ പ്രശ്‌നമായി മാറുന്നു. 

മന്ത്രി ബോധപൂർവമോ അബോധപൂർവമോ ആയി പറഞ്ഞതായിരിക്കാം. എന്നാൽ കേരളം കക്ഷിരാഷ്ട്രീയമൊക്കെ മാറ്റിവെച്ച്  സജീവമായി ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണിത്. എത്ര ഉന്നതമായ അവസ്ഥയിലെത്തിയാലും ഒരു സ്ത്രീയുടെ മുന്നോട്ടുള്ള പ്രയാണത്തിനു കുടുംബം സൃഷ്ടിക്കുന്ന പ്രതിബന്ധം തന്നെയാണ് വിഷയം. അതൊരു ചെറിയ വിഷയമല്ല. ഒരർത്ഥത്തിലും ഒരു വിഷയത്തിലും പുരുഷനു പിറകിലല്ല സ്ത്രീ എന്നതാണ് വസ്തുത. പിറകിലാണ് എന്നത് പൊതുബോധ നിർമിതിയല്ലാതെ മറ്റൊന്നല്ല. അതിൽ പ്രധാന പങ്കുവഹിച്ചത് കുടുംബം തന്നെയാണ്. കുടുംബത്തിന്റെ കാര്യത്തിലായാലും കുട്ടികളുടെ കാര്യത്തിലായാലും പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമാണെന്നിരിക്കേ സ്ത്രീക്ക് മാത്രം അമിതമായ ഉത്തരവാദിത്തം കൽപിച്ചുകൊടുക്കുന്ന സാമൂഹ്യ സംവിധാനങ്ങളാണ് ഇന്നോളം നിലനിന്നിട്ടുള്ളത്. ഇപ്പോഴും നിലനിൽക്കുന്നത്. അതിന്റെ മകുടോദാഹരണമാണ് മന്ത്രിയുടെ ഈ പ്രസ്താവന. സ്ത്രീ രണ്ടാം പൗരയായി. പിന്നീട് എത്രയേറെ മാറ്റങ്ങൾ ഉണ്ടായിട്ടും അടിസ്ഥാനപരമായ വിഷയത്തിൽ കാര്യമായ മാറ്റങ്ങൾ ഇന്നുമുണ്ടായിട്ടില്ല എന്നതു തന്നെയാണ് മന്ത്രിയുടെ ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. 

ഏറെ ചർച്ച ചെയ്ത് ക്ലീഷേ ആയ വിഷയമായാലും ആവർത്തിച്ചുപറയേണ്ട കാര്യങ്ങളിലേക്കു തന്നെയാണ് ഈ പ്രസ്താവന വിരൽ ചൂണ്ടുന്നത്. കുടുംബം മുതൽ അധികാരത്തിലെ പങ്കാളിത്തം വരെയുള്ള ഏതു മേഖലയിലും സ്ത്രീ ഇന്നും രണ്ടാം പൗരയാണ്. കുടുംബത്തെ തലയിലാക്കി നടക്കുന്നവരാണെങ്കിലും അവിടെ പോലും ഇപ്പോഴും അവർക്ക് നിയന്ത്രണമുണ്ടോ എന്നു ചോദിച്ചാൽ എന്തായിരിക്കും മറുപടി? വിവാഹ ശേഷം മറ്റൊരു വീടിനെ സ്വന്തം വീടായും മറ്റൊരാളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണുകയും ചെയ്യുക എന്നത് വിശാലമായ കാഴ്ചപ്പാടായി വ്യാഖ്യാനിക്കാനൊക്കെ കഴിയുമായിരിക്കാം. എന്നാൽ യാഥാർത്ഥ്യമെന്താണെന്ന് ഇക്കാലത്തും ആവർത്തിക്കുന്ന സ്ത്രീധന പീഡനങ്ങളും ഭർതൃവീടുകളിലെ ആത്മഹത്യകളും വ്യക്തമാക്കും. വിവാഹമെന്നത് ഇന്നും ഒരു കമ്പോളമല്ലാതെ മറ്റൊന്നല്ല. അവിടെ വിൽക്കപ്പെടുന്നവരല്ലാതെ മറ്റാരുമല്ല വധുമാർ. 
ഇപ്പോഴും സ്വന്തമായി വരുമാനമില്ലാത്തവരാണ് ഭൂരിഭാഗം പെൺകുട്ടികളെന്നതും വീട്ടമ്മ എന്ന പദവിക്ക് സാമ്പത്തികാർത്ഥത്തിൽ ഒരു സ്ഥാനവുമില്ലെന്നതും അഥവാ തൊഴിലുണ്ടെങ്കിൽ തന്നെ വരുമാനത്തിന്റെ നിയന്ത്രണം മിക്ക വീടുകളിലും ഭർത്താവിന്റെ കൈയിലാണെന്നതും എല്ലാവർക്കും അറിയാവുന്ന വസ്തുതകളാണെങ്കിലും ആരും ഗൗരവമായി എടുക്കാറില്ല. 
വ്യക്തി കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റ് ഇന്നു കുടുംബമാണ്. കേരളത്തിന്റെ പശ്ചാത്തലത്തിൽ അത് ഏറെക്കുറെ അണുകുടുംബവും. സമൂഹത്തിലെ എല്ലാ മേഖലയെയും ജനാധിപത്യവൽക്കരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കാലമാണിത്. എന്നാലത് കുടുംബത്തിനകത്തേക്ക് കടന്നുവരുന്നില്ല. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി സമൂഹത്തിന്റെ പല മേഖലകളിലും ലിംഗനീതിയെ കുറിച്ചുള്ള അവബോധം ചെറുതായിട്ടെങ്കിലും ഉണ്ടായിട്ടുണ്ട്. എന്നാലത് കാര്യമായി ബാധിക്കാത്ത മേഖലയാണ് കുടുംബം. കുടുംബത്തിൽ പുരുഷൻ മുതലാളിയും സ്ത്രീ തൊഴിലാളിയുമാണെന്ന് എംഗൽസ് പറഞ്ഞെങ്കിലും ആ ചർച്ചകളും പിന്നീട് കാര്യമായി മുന്നോട്ടു പോയില്ല. അതിനെല്ലാം കാരണം ഒന്നേയുള്ളൂ. കുടുംബത്തിലും സ്ത്രീപുരുഷ ബന്ധങ്ങളിലും നിലനിൽക്കുന്ന വൈകാരിക വശവും കുട്ടികളുടെ സാന്നിധ്യവും. എന്നാൽ ഫലത്തിൽ അതിന്റെ ഭാരം ചുമയ്‌ക്കേണ്ട അവസ്ഥ സ്ത്രീയുടേതു മാത്രമാണ്. ഒരു സംസ്ഥാനത്തിലെ മന്ത്രിക്കു പോലും അതിൽ നിന്നു മോചനമില്ല എന്ന വിഷയമാണ് ചർച്ച ചെയ്യേണ്ടിയിരുന്നത്. 

Latest News