Sorry, you need to enable JavaScript to visit this website.

തായ്‌ലന്‍ഡ്‌ ഗുഹയില്‍ കുടുങ്ങിയവരില്‍ നാലു കുട്ടികളെ പുറത്തെത്തിച്ചു

ബാങ്കോക്ക്- രണ്ടാഴ്ചയിലേറെയായി തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന 13 കൗമാര ഫുട്‌ബോള്‍ താരങ്ങളില്‍ നാലു പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. വളരെ അപകടകരമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് കിലോമീറ്ററുകളോളം വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളില്‍ നിന്നും കുട്ടികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പുറത്തെത്തിയ കുട്ടികളെ ഗുഹയ്ക്കു സമീപം സജ്ജീകരിച്ച വൈദ്യ കേന്ദ്രത്തില്‍ പരിശോധന നടത്തി വരികയാണെന്ന് ചിയാങ് റായ് പ്രവിശ്യ ആരോഗ്യ വകുപ്പു മേധാവി തൊസാതെപ് ബൂന്‍തോങ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് നേവി സീല്‍ അംഗങ്ങളും ഉള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായുള്ളത്. ഗുഹയ്ക്കുള്ളിലെ വളരെ ഇടുങ്ങിയതും ഇരുട്ടു നിറഞ്ഞതുമായ ഭാഗമാണ് ഭീഷണിയായി മുന്നിലുള്ളത്. വെള്ളം നിറഞ്ഞ ഈ ദുര്‍ഘട വഴിയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഒരു തായ് നേവി സീല്‍ അംഗം വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു. ഇതുവഴിയാണ്  കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചിരിക്കുന്നത്. മുഴുവന്‍ കുട്ടികളേയും പുറത്തെത്തിക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ എടുക്കുമെന്നാണ് അനുമാനം.

ഞായറാഴ്ച വീണ്ടും മഴ കനത്തത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്കയുണ്ടായിരുന്നു. മഴ നിര്‍ത്താതെ പെയ്താല്‍ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് വീണ്ടും ഉയരുകയും രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമാകുകയും ചെയ്യും. എങ്കിലും പ്രതിസന്ധിയെ അതിജീവിച്ച് നാലു കുട്ടികളെ ഇപ്പോള്‍ പുറത്തെത്തിച്ചത് അധികൃതര്‍ക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും നല്‍കിയിരിക്കുകയാണ്.

11നും 16നുമിടയില്‍ പ്രായമുള്ള ഫുട്‌ബോള്‍ താരങ്ങളായി കുട്ടികളും 25കാരനായ അവരുടെ കോച്ചും ജൂണ്‍ 23-നാണ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. കിലോമീറ്ററുകളോളം ദുരമുള്ള ഗുഹയ്ക്കുള്ളില്‍ ഇവര്‍ പ്രവേശിച്ചതിനു പിന്നാലെ എത്തിയ കനത്ത പേമാരിയില്‍ വെള്ളം നിറഞ്ഞ് ഗുഹാമുഖം അടഞ്ഞതോടെ ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.
 

Latest News