Sorry, you need to enable JavaScript to visit this website.

നൈജർ നദിയിൽ ബോട്ടു മുങ്ങി 106 പേർ മരിച്ചു

അബുജ(നൈജീരിയ)- നോർത്ത് സെൻട്രൽ നൈജീരിയയ്ക്ക് സമീപത്തുള്ള നൈജർ നദിയിൽ വിവാഹത്തിന് എത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നൂറിലേറെ പേർ മരിച്ചു. അയൽരാജ്യമായ നൈജർ സ്റ്റേറ്റിലെ ഗ്‌ബോട്ടിയിൽ ഒരു വിവാഹ പാർട്ടിയിൽ പങ്കെടുത്ത ശേഷം നോർത്ത് സെൻട്രൽ ക്വാറ സ്റ്റേറ്റിലെ പതിഗിയിലേക്ക് മടങ്ങുകയായിരുന്ന 250 ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിലെ യാത്രക്കാരായ 106-പേരാണ് മരിച്ചത്. 144 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
തീരത്തുനിന്ന് പുറപ്പെട്ട് അധികം കഴിയുന്നതിന് മുമ്പ് ബോട്ടിന്റെ ഒരു ഭാഗം തകരുകയായിരുന്നു. ഇതിലുടെ വെള്ളം ബോട്ടിലേക്ക് തുളച്ചുകയറുകയും ഒടുവിൽ ബോട്ട് മറിഞ്ഞുവീഴുകയും ചെയ്തുവെന്ന് ക്വാറയിലെ പോലീസ് വക്താവ് അജയ് ഒകാസൻമി പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ തുടക്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 106 പേരെ രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി. കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിവാഹത്തിനെത്തിയ അതിഥികൾ ഒറ്റപ്പെട്ടുപോയെന്നും ഗ്‌ബോട്ടി ഗ്രാമത്തിൽ നിന്ന് പതിഗിയിലേക്ക് ബോട്ടിൽ നൈജർ നദി മുറിച്ചുകടക്കാൻ നിർബന്ധിതരായെന്നും പതിഗിയിലെ പ്രാദേശിക മേധാവി അബ്ദുൾ ഗാന ലുക്പാഡ പറഞ്ഞു. മഴ പെയ്യുമ്പോൾ ഈ ഭൂപ്രദേശത്തെ സ്വഭാവം മാറിമറിയും. ചടങ്ങിന് ശേഷം മഴ പെയ്തതിനാൽ മോട്ടോർ സൈക്കിളുമായി പങ്കെടുത്തവർക്ക് ഇവിടെനിന്ന് പുറത്തിറങ്ങാനായില്ല. ഈ പ്രദേശത്തുനിന്ന് പുറത്തേക്ക് മോട്ടോർ സൈക്കിൾ ഓടിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് എഗ്‌ബോട്ടിയിൽ നിന്ന് ആളുകളെ എത്തിക്കാൻ ഒരു വലിയ ബോട്ട് ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും ലുക്പഡ വിവരിച്ചു.
'തിങ്കളാഴ്ച പുലർച്ചെ 3:00 മുതൽ 4:00 വരെ ആയിരുന്നു ബോട്ടിൽ ആളുകൾ യാത്ര ചെയ്തത്. വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്ന മരക്കൊമ്പിൽ ഇടിക്കുകയും ബോട്ട് രണ്ടായി പിളരുകയും ചെയ്യുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പശ്ചിമാഫ്രിക്കയിലെ പ്രധാന നദിയായ നൈജർ നദിയുടെ തീരത്താണ് നൈജർ, ക്വാറ സംസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത്. ബോട്ട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകൾക്ക് രക്ഷാപ്രവർത്തന സംഘങ്ങൾ പരിചരണം നൽകുന്നുണ്ടെന്നും അപകടത്തിന്റെ ആഘാതത്തിൽ നിന്നും പൂർണമായി കരകയറുമ്പോൾ അവരെ കുടുംബങ്ങളുമായി കൂട്ടിച്ചേർക്കുമെന്നും പോലീസ് പറഞ്ഞു.
 

Latest News