Sorry, you need to enable JavaScript to visit this website.

യു.കെയില്‍ പി.ആര്‍ കിട്ടാനുള്ള കാലാവധി എട്ടുവര്‍ഷമാക്കി കൂട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍

ലണ്ടന്‍- യു.കെ പൗരത്വം ലഭിക്കുന്നതിനുള്ള പെര്‍മനന്റ് റെസിഡന്‍സി (പിആര്‍) ലഭിക്കാന്‍ കുടിയേറ്റക്കാര്‍ മിനിമം താമസിക്കേണ്ട കാലയളവ് അഞ്ച് വര്‍ഷത്തില്‍നിന്നും എട്ട് വര്‍ഷമായി വര്‍ധിപ്പിക്കാന്‍ യു.കെ ഗവണ്മെന്റ് ആലോചിക്കുന്നതായ വാര്‍ത്തകള്‍ പ്രവാസികള്‍ക്ക് ആശങ്കയായി. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഈ നീക്കത്തെ സ്ഥിരീകരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
പിആര്‍ ലഭിക്കുന്നതിനായി ചുരുങ്ങിയത് രണ്ട് കൊല്ലം യു.കെയിലെ വിദ്യാലയത്തില്‍ പഠിക്കുകയോ അല്ലെങ്കില്‍ തൊഴിലെടുക്കുകയോ ചെയ്തിരിക്കണമെന്നും പി.ആറിന് അപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പത്ത് വര്‍ഷത്തിനുള്ളില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ അകപ്പെട്ടിരിക്കരുതെന്നും കര്‍ക്കശമായ പുതിയ നിയമങ്ങള്‍ വൈകാതെ നിലവില്‍ വരുമെന്നു യു.കെയിലെ ഡെയിലി മെയില്‍ അടക്കമുളള ചില പത്രങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ലെങ്കിലും ഈ വഴിയില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകാനുള്ള സാധ്യത തള്ളാനാവില്ല.  മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പിആറിനായി അഞ്ച് വര്‍ഷം താമസിക്കണമെന്നത് എട്ട് വര്‍ഷമാക്കി വര്‍ധിപ്പിച്ചിരുന്നു. യു.കെയും അത് മാതൃകയാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടുകള്‍
കാലാവധി അഞ്ചില്‍ നിന്ന് എട്ട് വര്‍ഷമാക്കി വര്‍ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു സര്‍ക്കുലര്‍ 2021ല്‍ യു.കെ ഗവണ്മെന്റ് പുറത്തിറക്കിയിരുന്നു.അത് ഇപ്പോള്‍ പുനരവലോകനത്തിലാണ്.  ഈ നീക്കങ്ങളെ അടിസ്ഥാനമാക്കിയാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നു സൂചനയുണ്ട്. കുടിയേറ്റം കുറയ്ക്കാനായി പിആറിനുള്ള കാലാവധി എട്ട് വര്‍ഷമാക്കി ഉയര്‍ത്താന്‍ സാധ്യതയേറെയാണെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.

 

Latest News