Sorry, you need to enable JavaScript to visit this website.

111 ഭവനങ്ങൾ സമർപ്പിച്ച് മർകസ് ചാരിറ്റി കോൺഫറൻസ് 

മർകസ് ചാരിറ്റി കോൺഫറൻസിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ 111 ഭവനങ്ങൾ സമർപ്പിക്കുന്നു.

സാമൂഹ്യപുരോഗതിക്കായി പരിശ്രമിക്കാൻ ഏവരും മുന്നോട്ടുവരണമെന്ന് കാന്തപുരം

കോഴിക്കോട്- മർകസ് നിർമിച്ചുനൽകിയ 111 ഭവനങ്ങൾ മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. മദനീയം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഭവനങ്ങളുടെ നിർമാണം മർകസ് പൂർത്തീകരിച്ചത്. ഹബീബ് ഉമർ ഹഫീള് ചടങ്ങിൽ സന്നിഹിതനായി. സ്വന്തം കാര്യങ്ങളിൽ മാത്രം വ്യാപൃതരാവാതെ സമൂഹത്തിൽ പരിഗണയും അവശതയും അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും സാമൂഹ്യപുരോഗതിക്കായി പരിശ്രമിക്കാനും ഏവരും മുന്നോട്ടുവരണമെന്ന് കാന്തപുരം പറഞ്ഞു. പരസ്പരം സഹായിച്ചും ധർമം നൽകിയും മുന്നോട്ടുപോയാൽ നമ്മുടെ നാട്ടിൽ ദരിദ്രർ ഉണ്ടാവില്ലെന്നും ഇസ്ലാം മുന്നോട്ടുവെക്കുന്ന സകാത്തിന്റെ സന്ദേശം അതാണെന്നും അദ്ദേഹം പറഞ്ഞു. 

മദനീയം കൂട്ടായ്മയുടെ ഒന്നാം വാർഷികത്തിലാണ് സാദാത്ത് ഭവനപദ്ധതി മർകസ് പ്രഖ്യാപിച്ചത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക താത്പര്യവും നിർദേശവുമാണ് ഇത്തരമൊരു പദ്ധതിയുടെ ആരംഭത്തിന് നിമിത്തമാവുന്നത്. കേരള മുസ്ലിം ജമാഅത്തിന്റെയും സുന്നി യുവജന സംഘം സാന്ത്വനത്തിന്റെയും ആഭിമുഖ്യത്തിൽ ഭവന രഹിതർക്കായി നടപ്പിലാക്കിവരുന്ന ദാറുൽ ഖൈർ ഭവന പദ്ധതിയുടെ  ചുവടുപിടിച്ചാണ് അർഹരായ കുടുംബങ്ങൾക്കായി വീടുകളൊരുക്കിയത്. 100 വീടുകൾ നിർമിച്ചു നൽകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അപേക്ഷകൾ വർധിച്ചതിനെ തുടർന്ന് നിർമിക്കാനുദ്ദേശിച്ച വീടുകളുടെ എണ്ണം 313 ആയി ഉയർത്തി. ഇതിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തീകരിച്ച 111 വീടുകളുടെ കൈമാറ്റമാണ് നടന്നത്.

സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്ക് രണ്ടിന് ഗുണഭോക്തൃ സംഗമം നടന്നു. ഭവനങ്ങൾ ലഭിച്ച സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. വൈകുന്നേരം നാലിന് നടന്ന മദനീയം പ്രാർത്ഥനാ സംഗമവും പ്രകീർത്തന സദസ്സും നടന്നു. 

ചാരിറ്റി കോൺഫറൻസ് ഭവന സമർപ്പണ പൊതുസമ്മേളനം വൈകുന്നേരം ഏഴിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എംകെ രാഘവൻ എംപി, പിടിഎ റഹീം എംഎൽഎ വിശിഷ്ടാതിഥികളായി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

 സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, എം അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, ഹസ്റത്ത് മുഹമ്മദ് റസ്വി കാവൽകട്ടെയ്, ഡോ. ഹുസൈൻ സഖാഫി ചുളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സദസ്സിനെ സംബോധന ചെയ്ത് സംസാരിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രമേയ പ്രഭാഷണവും മജീദ് കക്കാട് സ്വാഗത പ്രസംഗവും നടത്തി. ഭവന പദ്ധതിയുടെ ധനസമാഹരണത്തിന് നേത്യത്വം നൽകിയ മദനീയം അബ്ദുലത്തീഫ് സഖാഫിയെ ചടങ്ങിൽ ആദരിച്ചു. കെകെ അഹ്‌മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് അശ്റഫ് തങ്ങൾ ആദൂർ,  സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹസനുൽ അഹ്ദൽ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, പ്രൊഫ. എകെ അബ്ദുൽ ഹമീദ് സംബന്ധിച്ചു. ചാരിറ്റി കോൺഫറൻസിന് ശേഷം നടന്ന ആത്മീയ സംഗമത്തിന് പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നൽകി. ഗുണഭോക്താക്കളും പൊതുജനങ്ങളുമടക്കം കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് പേർ സമ്മേളനത്തിൽ പങ്കെടുത്തു. 

Latest News