Sorry, you need to enable JavaScript to visit this website.

അറിവും കൗതുകവും സമ്മാനിച്ച് മദീനയിലെ എക്‌സിബിഷൻ സെന്ററുകൾ  

മദീന- പ്രവാചകനഗരി സന്ദർശിക്കുന്നവർക്ക് മുന്നിൽ ഹറമുകളുടെ കൗതുകകരമായ ചരിത്രം പറയുന്ന ലൈബ്രറികളും മ്യൂസിയങ്ങളുമുൾപടെ ആറു കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ അവസരം. വിഞ്ജാനവും ആനന്ദവും പകരുന്ന ഇവയെല്ലാം മസ്ജിദുന്നവബവിയുടെ അകത്തും പരിസരത്തുമായി കാൽനടയായി ചെന്നു കാണാവുന്ന ദൂരത്താണുള്ളത്. പരിശുദ്ദ കഅബയുടെ ചരിത്രം പറയുന്ന കിസ്‌വ എക്‌സിബിഷൻ, പ്രവാചകന്റെ ജീവചരിത്രം പറയുന്ന സീറ എക്‌സിബിഷൻ, മസ്ജിദിനകത്തുള്ള പുരാതന കയ്യെഴുത്തു പ്രതികളുടെ എക്‌സിബിഷൻ, അമൂല്യ ഗ്രന്ഥ ശേഖരങ്ങളുടെ പ്രദർശന ഹാൾ,  മസ്ജിദുന്നബവി ലൈബ്രറി, പ്രവാചകന്റെ പള്ളിയുടെ നിർമാണ വികസന ഘട്ടങ്ങൾ വ്യക്തമാക്കുന്ന പ്രദർശനം എന്നിവയെല്ലാം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സന്ദർശകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ളത്. മസ്ജിദുന്നബവി കാര്യ പ്രസിഡൻസിയുടെ മേൽനോട്ടത്തിലാണ് പള്ളിക്കകത്തുതന്നെ കിസ്‌വ എക്‌സിബിഷൻ സെന്റർ ഒരുക്കിയിരിക്കുന്നത്. സൗദി രാജാക്കന്മാർ പരിശുദ്ദ കഅബക്കു ചെയ്ത സേവനങ്ങളും ഇന്നു കാണുന്ന രൂപത്തിൽ പുനർനിർമാണ പ്രവൃത്തികളുടെ നാൾ വഴികളും ഇതു വ്യക്തമാക്കുന്നു. കഅബ ശുചീകരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, പുകക്കാനുപയോഗിക്കുന്ന ഊദുകൾ, കഅബയെ പുതപ്പിച്ചിരുന്ന പഴയ കിസ്‌വകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നവയാണ് എക്‌സിബിഷൻ ഹാൾ.


മസ്ജിദുന്നബവിയുടെ നിർമാണവും ചരിത്രവും പറയുന്ന എക്‌സിബിഷനുള്ളത് പള്ളിയുടെ തെക്കുഭാഗത്തായാണ്. കാലാകാലങ്ങളിൽ നടന്ന വികസന പ്രവൃത്തികൾ, നിർമാണ ഘട്ടങ്ങൾ എന്നിവയെല്ലാം സന്ദകർശകർക്ക് പഠിക്കാനാകും. 187 സ്മാർട്ട് സ്‌ക്രീനുകളിലാണ് നിർമാണ ഘട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. വിവിധ ഹാളുകളിലായി 35 മെഗാസ്‌ക്രീനുകളിൽ പള്ളിയുടെ ചരിത്രവും വിശദീകരിക്കുന്നു. മസ്ജിദുന്നബവിയുമായി ബന്ധപ്പെട്ട പുരാതന ശേഖരങ്ങളും അപൂർവ വസ്തുക്കളും പ്രത്യേകമായ ഹാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഹിജറ വർഷം 888 ൽ സുൽത്താൻ ഖായ്ത്തബായ് സംഭാവന ചെയ്തതും 998 വരെ മസ്ജിദുന്നബവിയിൽ ഉപയോഗിച്ചിരുന്നതുമായ മിമ്പർ മറ്റൊരു ആകർഷണീയ പുരാവസ്തുവാണ്. മസ്ജിദുന്നബവിക്ക് ഇസ്‌ലാമിലുള്ള സ്ഥാനവും കാലാകാലങ്ങളിൽ മുസ്‌ലിംലോകം അതിനു നൽകിയ പ്രാധാന്യവും സൗദി ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്ന മഹത്തായ സേവനങ്ങളും വ്യക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എക്‌സിബിഷൻ പൊതുജനങ്ങൾക്കു തുറന്നു കൊടുത്തിരിക്കുന്നത്.  
വൈവിധമാർന്ന വിജ്ഞാന ശാഖകളിലെ 177000 ഗ്രന്ഥങ്ങളുൾക്കൊള്ളുന്ന ബൃഹത്തായ ലൈബ്രറിയാണ് ഇവിടെയുള്ളത്. സാധാരണ ദിവസങ്ങളിൽ 650 പേർ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. സീസണുകളിൽ നിരവധി പേർ സന്ദർശിക്കുന്നു. 260000 കയ്യെഴുത്തു പ്രതികളുടെ ഡിജിറ്റൽ കോപ്പികളും 146000 ഗ്രന്ഥങ്ങളുടെ സോഫ്റ്റു കോപ്പികളും കമ്പ്യൂട്ടറുകൾ വഴി സന്ദർശകർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിൽ വിപുലമായ സൗകര്യങ്ങളാണ് ലൈബ്രറിയിലുള്ളത്. 500 ലധികം ബാല കൃതികൾ കുട്ടികൾക്കുള്ള പ്രത്യേക ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുമുണ്ട്. പ്രതിമാസം 400 ഗ്രന്ഥങ്ങൾ എന്ന തോതിൽ ലൈബ്രറിയിലെ ഗ്രന്ഥങ്ങളെല്ലാം പതിവായി പരിചരിക്കുകയും വൃത്തിയായി ചെയ്തു സൂക്ഷിക്കുകയും ചെയ്യുക വഴി ലൈബ്രറിയുടെ പ്രൗഢിയോടൊപ്പം ഉപഭോക്താക്കൾക്കും ആകർഷണം നൽകുന്നതാണ് മസ്ജിദുന്നബവി ലൈബ്രറി.

Latest News