Sorry, you need to enable JavaScript to visit this website.

പുറത്തെ ചൂട് സഹിക്കാന്‍ വയ്യ,  നിറഞ്ഞു കവിഞ്ഞ് കൊച്ചി മെട്രോ 

കൊച്ചി- കേരളമെങ്ങും കഠിനമായ ചൂടാണ് ഈ വര്‍ഷം. കൊച്ചിയിലും കുറവില്ല. ഇതിന്റെ ഗുണം കൊച്ചി മെട്രോക്ക് ലഭിച്ചു.  ഏത് നേരവും ജനം തിങ്ങി നിറഞ്ഞു യാത്ര ചെയ്യുന്ന കാഴ്ച കൊച്ചി മെട്രോ ട്രെയിനില്‍ കാണാനുണ്ട്. യാത്രയുടെ കുറച്ചു നേരമെങ്കിലും എസിയുടെ ശീതള ഛായ അനുഭവിക്കാമല്ലോ എന്നതാണ് നോട്ടം. ഈ ഞായറാഴ്ച മുതല്‍ കൊച്ചി മെട്രോയുടെ സര്‍വീസ് രാവിലെ 7.30 മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കര്‍ ആയിരുന്നത് ഈ മാസം 90,000 ആയി. ഒന്‍പത് ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു.നേരത്തെ ഞായറാഴ്ചകളില്‍ എട്ട് മണിക്കായിരുന്നു മെട്രോയുടെ സര്‍വീസ് തുടങ്ങിയിരുന്നത്.
കഴിഞ്ഞ ആഴ്ചയിലെ ഓണ്‍ലൈന്‍ സര്‍വേയിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.900 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ യാത്ര ചെയ്യാന്‍ വിദ്യ 30 കാര്‍ഡും.  പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് മൈ ബൈക്കിന്റെ ഒരു മാസ പാക്കേജ് 450 രൂപയ്ക്കു ലഭിക്കും. മറ്റുള്ളവര്‍ക്ക് ഇത് 699 രൂപയാണ്. കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ 23ന് നടക്കുന്ന ക്യാംപെയ്‌നില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഓഫര്‍.

Latest News