കോഴിക്കോട്-കേരളത്തില്‍ റമദാന്‍ മുപ്പത് നോമ്പും പൂര്‍ത്തിയാക്കി നാളെ (ശനിയാഴ്ച)യാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. കേരളത്തിലൊരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണ് പെരുന്നാള്‍ ശനിയാഴ്ചയാക്കിയത്. കണക്കുകൂട്ടിയതില്‍ ആര്‍ക്കാണ് പിഴവ് പറ്റിയതെന്നതിനെ ചൊല്ലി സുന്നി, മുജാഹിദ്, ഹിജ്‌റ വിഭാഗങ്ങള്‍ തര്‍ക്കിക്കുന്നതിലല്ല കാര്യം. നഗര പ്രദേശങ്ങളിലെ തുണി, പാദരക്ഷ മുതല്‍ പെരുന്നാള്‍ കോളുകളുടെ കച്ചവടക്കാരുടെ മനസ്സാണ് ഒരു ദിവസം കൂടി നോമ്പ് നീണ്ടപ്പോള്‍ നിറഞ്ഞത്. മലബാറിലെ വാണിജ്യ സിരാകേന്ദ്രമായ മിഠായിത്തെരുവില്‍ വ്യാഴാഴ്ച പെരുന്നാള്‍ രാവല്ലെന്ന് ഉറപ്പായതോടെ വിവിധ പ്രദേശങ്ങളില്‍ കുടുംബങ്ങള്‍ പര്‍ച്ചേസിനായി ഒഴുകിയെത്തി. കൃത്യസമയം വെച്ച് അടക്കുന്ന ബാറ്റാ ഷോറൂം പോലും രാത്രി പന്ത്രണ്ട് വരെ പ്രവര്‍ത്തിച്ചത് വിസ്മയമായി. എല്ലാ കടകളിലും നിറയെ കസ്റ്റമേഴ്‌സ്. ചെരിപ്പ്, റെഡിമെയ്ഡ് ഐറ്റങ്ങളെ കുറിച്ചൊന്നും സാരിക്കാനൊന്നും സെയില്‍സ്മാന്‍മാര്‍ക്ക് നേരമില്ല. പണം വാങ്ങി വെക്കുക, അടുത്ത കസ്റ്റമര്‍ക്ക് വേണ്ടത് എടുത്തു കൊടുക്കുക. മിഠായിതെരുവിലെ അത്രയും തിരക്ക് വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ പുതിയ വസ്ത്രാലങ്ങളിലും ഗ്രാന്‍ഡ് ബസാറിലും കോര്‍ട്ട് റോഡിലും മൊയ്തീന്‍ പള്ളി റോഡിലും ഒയാസിസ് കോംപൗണ്ടിലും പ്രകടമായിരുന്നു. പലേടത്തും ഷോപ്പുകള്‍ അടച്ചത് അര്‍ധരാത്രി കഴിഞ്ഞ്. കൊറോണ കാലം വന്ന് ഓണ്‍ലൈന്‍ വ്യാപാരം പുഷ്ടിപ്പെട്ട ശേഷം ഇത്രയും സെയില്‍ നടക്കുന്നത് ആദ്യമായി കാണുകയാണെന്ന് എം.പി റോഡിലെ ഒരു ഫുട്ട് വെയര്‍ ഷോപ്പിലെ സെയില്‍സ്മാന്‍ പറഞ്ഞു. പത്ത് ഇരുപത് വര്‍ഷത്തിനിടയ്ക്ക് കച്ചവട രംഗം ഇത്രയും സജീവമായത് ആദ്യമായാണെന്ന് കോര്‍ട്ട് റോഡിലെ ഒപ്റ്റിക്കല്‍സ് വ്യാപാരിയും സ്ഥിരീകരിച്ചു. കോഴിക്കോട് നഗരത്തില്‍ വെള്ളിയാഴ്ച ചെറിയ ഒരു വിഭാഗം കല്ലായ് റോഡിലെ ഹാളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തിയിരുന്നു. ഹിജറ വിഭാഗം ഇതിന് മുമ്പും ഗാന്ധിഗൃഹത്തില്‍ ഈദ്ഗാഹം സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സംയുക്ത ഈദ്ഗാഹ് ശനിയാഴ്ച രാവിലെ ഏഴിന് ബീച്ചിലാണ്. പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിലും ഈദ്ഗാഹുണ്ട്.