Sorry, you need to enable JavaScript to visit this website.

ഹറമില്‍ സേവനം നല്‍കുന്നത് ഏഴായിരത്തിലേറെ വളണ്ടിയര്‍മാര്‍

മക്ക - വിശുദ്ധ റമദാനില്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ ഹറമില്‍ 7,107 വളണ്ടിയര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹിക, സന്നദ്ധ, മാനുഷിക സേവന വിഭാഗമാണ് ഹറമില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഏകോപനവും മേല്‍നോട്ടവും വഹിക്കുന്നത്.
മക്ക യുവത നിങ്ങളുടെ സേവനത്തിന് എന്ന് പേരിട്ട പ്രോഗ്രാം, ഹറംകാര്യ വകുപ്പുമായുള്ള പങ്കാളിത്തത്തിലൂടെ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്നതായി പ്രോഗ്രാം പ്രസിഡന്റ് സ്വാലിഹ് അല്‍നജ്ദി പറഞ്ഞു. വികലാംഗര്‍ക്കും പ്രായാധിക്യം ചെന്നവര്‍ക്കും 24 മണിക്കറൂം വീല്‍ചെയറുകള്‍ സൗജന്യമായി തള്ളിനല്‍കല്‍, ഹറമിനകത്തും പുറത്തും നമസ്‌കാര സ്ഥലങ്ങളും നടപ്പാതകളും ക്രമീകരിക്കല്‍, നടവഴികളില്‍ ഇരിക്കുന്നതിനെതിരെ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ബോധവല്‍ക്കരിക്കല്‍, വഴിതെറ്റുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കല്‍ എന്നിവ അടക്കമുള്ള സേവനങ്ങളാണ് മക്ക യുവത നിങ്ങളുടെ സേവനത്തിന് എന്ന് പേരിട്ട പ്രാഗ്രാമിനു കീഴിലെ വളണ്ടിയര്‍മാര്‍ നല്‍കുന്നതെന്ന് സ്വാലിഹ് അല്‍നജ്ദി പറഞ്ഞു.
വിശുദ്ധ റമദാനില്‍ മക്കയിലും മദീനയിലും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയാണ് സവാഇദ് അല്‍സിഹ പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് പദ്ധതി സൂപ്പര്‍വൈസര്‍ ഉമര്‍ യൂനുസ് പറഞ്ഞു. ഹറമിലെ ഹെല്‍ത്ത് സെന്ററുകളുമായുള്ള സംയോജനത്തിലൂടെയാണ് സവാഇദ് അല്‍സിഹ വളണ്ടിയര്‍മാരായ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത്. ഹറമിനകത്തും മുറ്റങ്ങളിലും ഇവര്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്‍കുന്നു.
വിദഗ്ധ ചികിത്സ ആവശ്യമുള്ള കേസുകള്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘങ്ങള്‍ പരിശോധിക്കുന്നു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അടങ്ങിയ രണ്ടു സംഘങ്ങളാണ് ഹറമില്‍ സന്നദ്ധ സേവനം നടത്തുന്നത്. ഇതില്‍ പുരുഷ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം കിംഗ് ഫഹദ് ഗെയ്റ്റു മുതല്‍ അല്‍ഉംറ ഗെയ്റ്റ് വരെയുള്ള സ്ഥലത്തും വനിതാ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം അല്‍ഫതഹ് ഗെയ്റ്റിനു സമീപവുമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉമര്‍ യൂനുസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News