Sorry, you need to enable JavaScript to visit this website.

വിമാനത്താവളത്തിൽനിന്ന് ഫൈനൽ എക്‌സിറ്റ് കിട്ടുമോ?

വിമാനത്താവളത്തിൽനിന്ന് ഫൈനൽ എക്‌സിറ്റ് കിട്ടുമോ?

ചോദ്യം: ഞാൻ ഒരു കടയിലാണ് ജോലി നോക്കുന്നത്. എന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസമായി. എന്റെ ഒരു സ്‌നേഹിതൻ പറഞ്ഞു വിമാന ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയാൽ ജവാസാത്ത് ഫൈനൽ എക്‌സിറ്റ് സ്റ്റാമ്പ് ചെയ്തു തരുമെന്ന്. ഇതു ശരിയാണോ? അതല്ലെങ്കിൽ എനിക്ക് എങ്ങനെയാണ് ഫൈനൽ എക്‌സിറ്റ് സംഘടിപ്പിക്കാൻ കഴിയുക.

ഉത്തരം: മടക്കയാത്രയുടെ ഉറപ്പാക്കിയ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയാൽ ജവാസാത്ത് ഫൈനൽ എക്‌സിറ്റ് നൽകുമെന്നു പറയുന്നത് ശരിയല്ല. അതു സാധ്യമല്ല. അങ്ങനെ ഫൈനൽ എക്‌സിറ്റ് വിമാനത്താവളത്തിൽനിന്നു ലഭിക്കില്ല. ഫൈനൽ എക്‌സിറ്റ് നിയമപരമായി ലഭിക്കുന്നതിന് ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഇഖാമ പുതുക്കുകയാണ്. ഇപ്പോൾ ഒരു വർഷത്തേക്ക് ഇഖാമ പുതുക്കണമെന്നില്ല. മൂന്നു മാസത്തേക്കും ഇഖാമ പുതുക്കാൻ സാധിക്കും. ഇഖാമ പുതുക്കുന്നതിനുള്ള മൂന്നു മാസത്തെ ഫീസ് അടച്ച് ഇഖാമ പുതുക്കിയ ശേഷം ഫൈനൽ എക്‌സിറ്റ് സമ്പാദിക്കാൻ കഴിയും. ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാനും സാധിക്കും. ഇഖാമ നിലവിലുള്ള ഒരു വിദേശിക്ക് ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്കു മടങ്ങണമെങ്കിൽ ജവാസാത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ സാധിക്കൂ. 

 

മൾട്ടി എൻട്രി വിസ ഫീസ് തിരിച്ചുകിട്ടുമോ?

ചോദ്യം: എനിക്ക് ഒരു വർഷത്തേക്കുള്ള മൾട്ടി എൻട്രി എക്‌സിറ്റ് വിസ ലഭിച്ചു. അതിപ്പോൾ റദ്ദാക്കാൻ ഉദ്ദേശിക്കുന്നു. അങ്ങനെയെങ്കിൽ മൾട്ടി എൻട്രി വിസക്കായി അടച്ച തുകയിൽ ഉപയോഗിക്കാതെ അവശേഷിക്കുന്ന മാസത്തെ ഫീസ് തിരിച്ചു കിട്ടുമോ?

ഉത്തരം: മൾട്ടി എൻട്രി വിസക്കായി അടച്ച ഫീസ് ഉപയോഗിച്ചാലും ഇല്ലെങ്കിലും തിരിച്ചു ലഭിക്കില്ല. വിസ ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ പിന്നെ ഫീസ് മടക്കി ലഭിക്കില്ല. വിസ റദ്ദാക്കിയാലും പൈസ മടക്കി ലഭിക്കില്ല. ഉപയോഗിക്കാത്ത കാലാവധിയിലെ പൈസ ജവാസാത്തിന്റെ മറ്റേതെങ്കിലും സേവനത്തിനായി ഉപയോഗിക്കാനും കഴിയില്ല. ഇതാണ് ജവാസാത്ത് നിയമം. 

 

തിരിച്ചടവ് അവശേഷിപ്പിച്ചാൽ 

ചോദ്യം: ഞാൻ ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ ഫൈനൽ എക്‌സിറ്റ് വിസ അടിക്കാൻ സ്‌പോൺസർ ശ്രമിക്കുമ്പോഴെല്ലാം റിജക്ട് ആവുകയാണ്. എന്റെ പേരിൽ ഒരു മൊബൈലിന്റെ തുക അടയ്ക്കാനുണ്ടെന്നാണ് കാണിക്കുന്നത്. ഞാൻ മൊബൈൽ ഇൻസ്റ്റാൾമെന്റിൽ വാങ്ങിയിട്ടില്ല. എന്റെ സുഹൃത്ത് ഒരു മൊബൈൽ വാങ്ങിയിരുന്നു. അദ്ദേഹം നാട്ടിലേക്കു പോവുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ഞാൻ എന്താണു ചെയ്യേണ്ടത്? 

ഉത്തരം: നിങ്ങളുടെ പേരിൽ ഏതെങ്കിലും രീതിയിലുള്ള തിരിച്ചടയ്‌ക്കേണ്ട തുക അവശേഷിക്കുന്നുണ്ടെങ്കിൽ ഫൈനൽ എക്‌സിറ്റ് ലഭിക്കില്ല. നിങ്ങൾ സുഹൃത്തിനെ ബന്ധപ്പെട്ട് ഇക്കാര്യം സൂചിപ്പിക്കുകയും അദ്ദേഹത്തിൽനിന്ന് തുക വാങ്ങി  തിരിച്ചടയ്ക്കുകയും ചെയ്യുക. നിശ്ചിത കമ്പനിക്ക് തുക തിരിച്ചടച്ച ശേഷം അവർ എൻ.ഒ.സി നൽകുന്ന മുറക്ക് നിങ്ങൾക്ക് ഫൈനൽ എക്‌സിറ്റ് ലഭിക്കും.  

   

Latest News