Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അങ്ങനെയൊരു ഇളവില്ല; പ്രചാരണം വിശ്വസിച്ചാല്‍ കുടുങ്ങും

ജിദ്ദ- വിശുദ്ധ റമദാന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഫാമിലി വിസിറ്റ് വിസയിലെത്തിയ എല്ലാവരുടേയും വിസ കാലാവധി നീട്ടി നല്‍കിയെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ തുടരുകയാണ്. കോവിഡ് മഹാമാരി കാലത്ത് സൗദി സര്‍ക്കാര്‍ അപേക്ഷകന്‍ ആവശ്യപ്പെടാതെ തന്നെ വിസിറ്റ് വിസ പുതുക്കി നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ അത്തരത്തിലുള്ള യാതൊരു രാജകാരുണ്യവും പ്രഖ്യപിച്ചിട്ടില്ല. മറിച്ച് വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കുകയാണ് ചെയ്തിരിക്കുന്നത്.
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് മൂന്ന് മാസമാണ് വിസയുടെ കാലാവധി. ഇതിനുശേഷം രാജ്യത്തിനു പുറത്തുപോയി തിരിച്ചുവന്നാല്‍ മാത്രമേ വിസ സാധുവാകുകയുള്ളൂ.
അബ്ശിര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഫാമിലി വിസിറ്റ് വിസയിലെത്തിയവരുടെ വിസ ഡിറ്റെയില്‍സ് പരിശോധിക്കുമ്പള്‍ കാണുന്ന
തീയതികള്‍ വിശ്വസിച്ചാണ് വിസക്ക് നീണ്ട കാലാവധിയുണ്ടെന്നും നീട്ടി നല്‍കിയിട്ടുണ്ടെന്നും പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ഇവിടെ കാണിച്ചിരിക്കുന്നത് വിസ നമ്പറും രാജ്യത്ത് പ്രവേശിച്ച തീയതിയും മള്‍ട്ടിപ്പിള്‍ വിസയുടെ ഒരു വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന തീയതിയുമാണ്.
രാജ്യത്ത് പ്രവേശിച്ച ശേഷം മൂന്ന് മാസം പൂര്‍ത്തിയാകുമ്പോള്‍ വിസ അവസാനിക്കുന്ന തീയതി അബ്ശിറില്‍തന്നെ കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്ത് പരിശോധിച്ചാല്‍ കാണാം.
ലോഗിന്‍ ചെയ്ത ശേഷം ഇലക്ട്രോണിക് സര്‍വീസസില്‍നിന്ന് ഫാമിലി മെംബേര്‍സ് തെരഞ്ഞെടുക്കുക.  ഇവിടെ എക്സ്റ്റന്‍ഡ് വിസിറ്റ് വിസ സെക്ഷനില്‍ ബോര്‍ഡര്‍ നമ്പല്‍ നല്‍കി സെര്‍ച്ച് ചെയ്യാം. ഇവിടെ തന്നെ നോട്ട് എലിജിബിള്‍ ഫോര്‍ എക്‌സ്റ്റന്‍ഷനില്‍ ക്ലിക്ക് ചെയ്താല്‍ എത്രപേര്‍ വിസിറ്റ് വിസയിലുണ്ടെന്നും അവരുടെ വിസിറ്റ് വിസ അവസാനിക്കുന്ന തീയതിടയക്കം എല്ലാ വിവരങ്ങളും ലഭ്യമാണ്.  ഉദാഹരണത്തിന് ഏപ്രില്‍ രണ്ടിന് സൗദിയില്‍ പ്രവേശിച്ച സന്ദര്‍ശകന്റെ വിസ അവസാനിക്കുന്ന തീയതി ജൂലൈ ഒന്നായിരിക്കും.
ഈ തീയതിക്കകം സന്ദര്‍ശകന്‍ രാജ്യം വിട്ടുവെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ വിസിറ്റ് വിസക്ക് അപേക്ഷിച്ചയാള്‍ പിഴ അടക്കേണ്ടിവരുമെന്നതിനു പുറമെ, മൂന്ന് വര്‍ഷം വരെ സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്തവിധം നാടുകടത്തലും നേരിടേണ്ടിവരും.
അകന്ന ബന്ധുക്കള്‍ക്കും വിസിറ്റ് വിസ അനുവദിച്ചുതുടങ്ങിയതോടെ ധാരാളം പേരാണ് ഓരോ ദിവസവും സൗദിയില്‍ എത്തിച്ചേരുന്നത്. ഭാര്യയും മക്കളുമടക്കം വിസിറ്റ് വിസയിലെത്തിയ ബന്ധുക്കള്‍ യഥാസമയം മടങ്ങുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത വിസയെടുത്ത് നല്‍കുന്ന പ്രവാസികള്‍ക്കാണ്.
പ്രചാരണങ്ങള്‍ വിശ്വസിക്കാതെ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ www.gdp.gov.sa എന്ന സൈറ്റ് സന്ദര്‍ശിച്ചോ [email protected] എന്ന ഇ-മെയിലില്‍ അന്വേഷിച്ചോ ആണ് സംശയനിവാരണം വരുത്തേണ്ടത്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News