Sorry, you need to enable JavaScript to visit this website.

സ്‌പോൺസർ ജയിലിലായാൽ എക്‌സിറ്റിൽ പോകാൻ എന്തു ചെയ്യണം

ചോദ്യം: ഞാൻ ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്റെ സ്‌പോൺസർ ജയിലിലായതിനാൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്? 

ഉത്തരം: പ്രിസൺസ് ജനറൽ ഡയറക്ടറേറ്റിനെ സമീപിച്ച് നിങ്ങളുടെ സ്‌പോൺസറുടെ കേസ് സ്റ്റാറ്റസ് എന്താണെന്ന് അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് പ്രിസൺസ് ഡയറക്ടറേറ്റ് അംഗീകാരമുള്ള ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ട ശേഷമായിരിക്കണം പ്രിസൺസ് ഡയറക്ടറേറ്റ് സന്ദർശിക്കേണ്ടത്. അവരുടെ സഹായത്തോടെ ഡയറക്ടറേറ്റിൽ നിന്ന് സ്‌പോൺസറുടെ കേസുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് വിവരങ്ങളുടെ ലെറ്റർ സംഘടിപ്പിക്കുകയും അതു ജവാസാത്തിന് സമർപ്പിക്കുകയും ചെയ്യണം. തുടർന്ന് നിങ്ങൾക്ക് എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കാനാവും. ഇതോടൊപ്പം മനുഷ്യ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ സ്‌പോൺസറും തൊഴിലാളിയും തമ്മിലുള്ള തർക്ക പരിഹാര വകുപ്പിനെ സമീപിച്ചും പരിഹാരം തേടണം.

 

സ്‌പോൺസറുടെ അനുമതിയില്ലാതെ ഫൈനൽ എക്‌സിറ്റ് നീക്കാനാവുമോ?

ചോദ്യം: എനിക്ക് സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് വിസ നൽകിയിരിക്കുകയാണ്. എന്നാൽ ഞാൻ പോകാൻ ആഗ്രഹിക്കുന്നില്ല. സ്‌പോൺസറുടെ അനുമതിയില്ലാതെ എനിക്ക് സ്‌പോൺസർഷിപ് മാറ്റാൻ സാധിക്കുമോ?

ഉത്തരം: ഫൈനൽ എക്‌സിറ്റ് അടിച്ചു കഴിഞ്ഞാൽ നിശ്ചിത സമയം (60 ദിവസം) കഴിയുന്നതിനു മുമ്പ് രാജ്യം വിടണമെന്നാണ് നിയമം. അതല്ലെങ്കിൽ ആയിരം റിയാൽ ഫൈൻ നൽകേണ്ടിവരും. സ്‌പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ് മാറ്റം സാധിക്കില്ല. കാരണം ആദ്യം ഫൈനൽ എക്‌സിറ്റ് റദ്ദാക്കണം. ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ സ്‌പോൺസർ അദ്ദേഹത്തിന്റെ അബ്ശിർ വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കി ആയിരം റിയാൽ ഫൈൻ അടക്കണം. തുടർന്ന് നിങ്ങളുടെ ഇഖാമ ഓപ്പൺ ആവും. അതിനുശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കും. ഫൈനൽ എക്‌സിറ്റ്  റദ്ദാക്കുന്നതിനുള്ള നടപടികൾ സ്‌പോൺസർക്കു അദ്ദേഹത്തിന്റെ അബ്ശിർ വഴിയേ ചെയ്യാൻ സാധിക്കൂ. അതല്ലാതെ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാവില്ല.

 

കാലാവധി കഴിഞ്ഞ ഇഖാമയുടെ ഫൈനൽ എക്‌സിറ്റ്

ചോദ്യം: ഞാൻ 2016ൽ സൗദിയിലെത്തിയതാണ്. ഇതിനിടെ സ്‌പോൺസർ എന്റെ ഇഖാമ ഒരു തവണ മാത്രമാണ് പുതുക്കി തന്നത്. കാലാവധി കഴിഞ്ഞ ഇഖാമയാണ് ഇപ്പോൾ കൈവശമുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോകാൻ  ആഗ്രഹിക്കുന്നു. അതിന് എന്താണ് ചെയ്യേണ്ടത്?

ഉത്തരം: മനുഷ്യ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബർ ഓഫീസുമായി ബന്ധപ്പെട്ട് പരാതി നൽകുകയാണ് ചെയ്യേണ്ടത്. അവർ സ്‌പോൺസറെ വിവരമറിയിക്കുകയും ഇഖാമ പുതുക്കുന്നതിനുള്ള നിർദേശം സ്‌പോൺസർക്ക് നൽകുകയും ചെയ്യും. അതിനു ശേഷം ഫൈനൽ എക്‌സിറ്റിൽ പോകാൻ സാധിക്കും. സമയാസമയങ്ങളിൽ ഇഖാമയും വർക് പെർമിറ്റും പുതുക്കേണ്ടത് സ്‌പോൺസറുടെ ഉത്തരവാദിത്തമാണ്. അതല്ലെങ്കിൽ  ഫൈൻ ഉണ്ടാവും. അതു അടക്കേണ്ടത് സ്‌പോൺസറാണ്.

Latest News