Sorry, you need to enable JavaScript to visit this website.

'ദഹി'ക്കാത്ത പലതുമുണ്ട്

വല്ലാത്ത എടുത്തുചാട്ടമായിപ്പോയി. ഇതിൽപരം ക്ഷീണം സംഭവിക്കാനില്ല എന്നു തീർത്തു പറയാൻ വയ്യ. അതിന് അടുത്ത ക്ഷീണവും കൂടി അറിയണം. എക്‌സിറ്റ് - പോൾ വീരന്മാർ അതു തുടങ്ങിവെച്ചിട്ടുണ്ട്. തൽക്കാലം 'ദഹി' എന്ന പേർ വലിയ തൈരു പാക്കറ്റുകളിൽ ചേർക്കില്ല എന്നു മാത്രം. പാലിന്റെ പോഷകഗുണം അറിയാവുന്നവർ ഇങ്ങ് 'തെക്ക് തെക്കൊരു ദേശത്ത് സി.പി.എമ്മിന്റെ ഓഫീസിൽ പോലും ഉണ്ടല്ലോ.. എന്നാൽ 'തൈർ' ഒരു പടികടന്നതാണ്. കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി അംഗീകരിക്കണം. അവരുടെ സ്വഭാവ സർട്ടിഫിക്കറ്റിന്മേലാണ് തൈരു കച്ചവടം. പണ്ട് പെണ്ണുങ്ങൾ തലച്ചുമടായി കൊണ്ടുനടന്ന ഉൽപന്നമാണ്. പെട്ടെന്നൊരു ദിനം അതിന്റെ 'സ്റ്റാറ്റസ്' തെളിഞ്ഞു. പക്ഷേ കേന്ദ്ര സർട്ടിഫിക്കറ്റ് വേണമെങ്കിൽ 'ദഹി' എന്നു കവറിൽ അച്ചടളക്കണമെന്നായി ദില്ലി.
'ദഹി' തമിഴ്‌നാട്ടിൽ ദഹിക്കില്ല. പണ്ട്  ഹിന്ദി രാഷ്ട്ര ഭാഷയാക്കാൻ തീരുമാനിച്ചപ്പോഴുണ്ടായതിന്റെ കനൽ ഇപ്പോഴും ബാക്കി. സ്റ്റാലിൻ സഖാവ് അറുത്തുമുറിച്ചു പറഞ്ഞതോടെ ദഹി ഔട്ട്. അടുത്തത് കർണാകടയിലെ പാൽ സൊസൈറ്റിയായ 'നന്ദിനി'ക്കെതിരെയാണ് കളി. അമിത്ഷാജി തന്നെ സൂചന കൊടുത്തുവത്രേ! ഗുജറാത്തിലെ 'അമുലും'  നന്ദിനിയും ചേർന്നാൽ പിന്നെ എന്നും പൊന്നോണവും 'ഹോളി'യുമായിരിക്കുമെന്ന്. വെറുതെ കോട്ടുവായിട്ടു നടന്ന എച്ച്.ഡി. കുമാരസ്വാമിക്ക് ആകാശത്തുനിന്നും വീണുകിട്ടിയ അവസരം! മെയ് പത്തു കഴിയുമ്പോളറിയാം പാൽ മിക്‌സ് ചെയ്യാൻ ഒരുമ്പെട്ടതിന്റെ ഫലം! ഇപ്പോഴേ കുമാരൻ പാടി നടപ്പാണ്. ജനതാദൾ ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്ന്! മുട്ടിയ പക്ഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ആകുമത്രേ! ചുരുക്കത്തിൽ ഒറ്റക്കമ്പിനാദം മാത്രം മൂളി നടക്കാനാണ് കർണാടക രാഷ്ട്രീയത്തിന്റെ വിധി. ദഹിയും നന്ദിനിയുമെല്ലാം ചുരുട്ടിക്കൂട്ടി പോക്കറ്റിലിട്ടു ഷാജി മടങ്ങുമെന്നതും ഏകദേശം ഉറപ്പാണ്. ദുഷ്ടന്മാരായ എക്‌സിറ്റ് പോളുമാർക്ക് ഇനിയും മനസ്സു മാറിയില്ലെങ്കിൽ കഷ്ടമാണ്. 'കട്ടിംഗ് സൗത്ത്' എന്ന് ഈയിടെ കൊച്ചിയിൽ ആരോ സംഘടിപ്പിച്ച സെമിനാറിന്റെ അർഥം ഇതാണെന്ന് മറ്റാരെങ്കിലും ധരിച്ചെന്നും വരാം!

****                             ****                         ****

അഖിലേന്ത്യ നേതാവാകാൻ രണ്ടിഞ്ചു പൊക്കക്കുറവിന്റെ അസ്‌കിതയുണ്ട് രാഹുൽജിക്ക്. നാവിനാണെങ്കിൽ ആ പ്രശ്‌നമില്ല. പതിനാലു കക്ഷികളെ എണ്ണിപ്പെറുക്കി ഉന്നതതല സമ്മേളനം വിളിക്കാൻ തമിഴ് മുതലമൈച്ചർ ദില്ലിയെയാണ് സ്ഥാനം നോക്കി വെച്ചിരിക്കുന്നത്. വാസ്തുവിദ്യക്കാരുടെ ഉപദേശമായിരിക്കാം.
തറക്കല്ലിനും ആരൂഢത്തിനുമൊക്കെ പറ്റിയ ഇടം കേജരിമൂപ്പരുടെ വാസസ്ഥാനമാണത്രേ! മമത ദീദിക്കും ഇന്ത്യൻ പ്രസിഡന്റോ, ഒത്താൽ പ്രധാനമന്ത്രിയോ ആകാൻ കൊതിക്കുന്ന ചന്ദ്രശേഖർ റാവുവിനും, സിസോദിയയുടെ ഗതി വരുത്തരുതേ എന്നു നിത്യവും പ്രാർഥിച്ചുപോരുന്ന കെജ്‌രിവാളിനും ഇമ്മിണി ബല്യ ഉത്സാഹമുണ്ട്! പ്രതിപക്ഷ മുന്നണി, പ്രതിപക്ഷ മുന്നണി എന്നാണ് ഹൃദയമിടിപ്പെന്നും അടുത്ത വൃത്തങ്ങളും ചതുരങ്ങളും ഉപഗ്രഹങ്ങളുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ഈ അദ്ഭുതത്തിന് ഒരേയൊരു കാരണമേയുള്ളൂ, രാഹുലനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുകയില്ലെന്ന് കോൺഗ്രസ് സമ്മതിച്ചുവത്രേ! ദില്ലിയിൽ സ്വന്തം പേരിൽ പത്തു സെന്റും ഒരു കുടിൽ പോലുമില്ലാത്ത കല്യാണം കഴിക്കാത്ത ഒരാളെ ലോകത്തെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യയുടെ പ്രധാനമന്ത്രിജിയാക്കി പൊക്കിപ്പിടിക്കാത്തത് നന്നായി. പക്ഷേ, ഒന്നുണ്ട്, സംശയാസ്പദമായി. മല്ലിക ബാണൻ അടങ്ങിയിരിക്കുമോ? പണ്ട് ജഗജീവൻ റാം മോഹിച്ച കസേരയിലേക്ക് ഒരു മോഹശരം എയ്തുവിടാൻ മടിക്കില്ലെന്ന് എന്താണുറപ്പ്?

****                                  ****                  ****

'വടി കൊടുത്ത് അടി' വാങ്ങുക എന്നത് വെറും ഭാഷാ പ്രയോഗമല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം വടികൾക്കും വാങ്ങുന്ന അടികൾക്കും യാതൊരു പഞ്ഞവുമില്ല. അതിബുദ്ധിമാനായ കുറുക്കന് ആപത്തിൽ പിണഞ്ഞതു ദാരുമായ അന്ത്യം. സമൂഹ്യ മാധ്യമങ്ങളിൽ വിലസുന്ന സംഘ്പരിവാരങ്ങൾ അക്കാര്യം ശ്രദ്ധിക്കണം. സവർക്കർ എന്നൊരാൾ 1910 ൽ വെള്ളക്കാർക്കെതിരെ പ്രതികരിച്ചുവെന്നും സമരം ചെയ്തുവെന്നുമൊക്കെ ചൂണ്ടിക്കാട്ടിയാണ് പുതുപുത്തൻ പരിപാടി. മേമ്പൊടിയായി ചില ചോദ്യങ്ങളുമുണ്ട് അന്ന് രാഹുൽഗാന്ധി, പോട്ടെ, ഇന്ദിരാഗാന്ധി ജനിച്ചിരുന്നോ? മഹാത്മാവെന്നും കോൺഗ്രസുകാർ വിളിക്കുന്ന ഗാന്ധി ഇന്ത്യയിൽ ഉണ്ടായിരുന്നോ? പോരാടിയിരുന്നോ? എന്തിനേറെ, രാജീവ് ഗാന്ധി ജനിച്ചിരുന്നോ? തുടങ്ങി കെ.സി.വേണുഗോപാൽ വരെയുള്ളവരുടെ ജനനത്തീയതികൾ ശേഖരിക്കുന്ന തിരക്കിലാണ് പരിവാർ. സവർക്കർ മാപ്പു പറഞ്ഞതും വെള്ളക്കാരുടെ വിശ്വസ്തനായിരിക്കാമെന്ന് എഴുതി അടിയിൽ ഒപ്പിട്ടു കൊടുത്തതുമൊക്കെ പുറത്തുവന്ന് ഇന്ത്യൻ മുഴുവൻ പാറി നടക്കുന്ന കാര്യം അറിഞ്ഞ മട്ടില്ല. ചുരുക്കത്തിൽ 'വടിയും അടിയും' പോരാഞ്ഞ് മലർകിടന്നു തുപ്പുക കൂടി ചെയ്ത് സ്വാതന്ത്ര്യ സമരത്തെ നോക്കി കൊഞ്ഞനം കാട്ടുന്ന അനന്തര പരിപാടിയിലാണ് പരിവാരം. സവർക്കരെ 'സെർവർ'സുന്ദരമാക്കി  അവർ അറിയാതെ മാറ്റിക്കഴിഞ്ഞു. നന്നായി; സത്യത്തിന്റെ മുഖം സ്വർണപ്പാത്രം കൊണ്ടോ കറുത്ത തൊപ്പിക്കൊണ്ടോ ഒന്നും മൂടാൻ കഴിയില്ലല്ലോ!

****                                  ****               ****

സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താൻ തയാറാണെന്ന് കോഴിക്കോട്ടു നിന്നും കെ. മുരളീധരൻ വീണ്ടും പ്രസ്താവിച്ചതു സൂക്ഷിക്കണം. അദ്ദേഹം നിർത്തിയാൽ ഒരാൾ ഒഴിഞ്ഞല്ലോ എന്ന് കെ.പി.സി.സി ആശ്വസിക്കും. അതിനായി ഒന്ന് പ്രകോപിപ്പിച്ചതാണ് കോൺഗ്രസ് നേതൃത്വം; തരൂർജിയുടെയും മുരളീധർജിയുടെയും പൊടിപോലും പ്രസംഗ പോസ്റ്ററുകളിൽ കാണാനില്ല; വൈക്കത്തു മാത്രമല്ല. ദില്ലിയിൽ ചെന്ന് പത്തു രൂപ കോർട്ട്ഫീ സ്റ്റാമ്പൊടിച്ച് പരാതി കൊടുക്കണമെന്ന് കോട്ടയം, അല്ല നാട്ടകം ഡി.സി.സി ന്യായമായ വഴി പറഞ്ഞുകൊടുത്തു. ഇടഞ്ഞ കൊമ്പന്റെ പിടലിക്ക് തോട്ടി കേറ്റി കളിക്കല്ലേ മേനേ ദിനേശാ- എന്നു മുരളി മുരണ്ടില്ല. വരവ് മുൻകൂട്ടി കണ്ടു പേടിച്ച താരിഖ് അൻവർജി, പ്രസംഗകരുടെ കാര്യം സംസ്ഥാന നേതൃത്വമാണ് തീരുമാനിച്ചതെന്നു പറഞ്ഞു പന്തു കേരളത്തിലേക്ക് തട്ടി. എന്തായാലും സ്വരം നന്നായില്ലെങ്കിലും കഴുതരാഗമായാലു നീട്ടിപ്പാടി നടക്കുകയാണ് ഇതര നേതാക്കൾ. രാഹുലൻ പാർലമെന്റിന് അയോഗ്യനാക്കപ്പെട്ടതിനാൽ കുറച്ചുകാലം പന്തം കൊളുത്തി പ്രകടനവും പ്രസംഗവുംം തരപ്പെടും. പിന്നെയും നിലനിൽക്കണമെങ്കിൽ വയനാടു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരണം; പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകണം. ഓ, അങ്ങനെ എന്തെല്ലാം സംഭവിക്കണം!

****                       ****                       ****

വില കയറ്റുന്ന കാര്യത്തിൽ ശ്രദ്ധയിൽ പെടാത്ത ഏതെങ്കിലും ഇനം അവശേഷിക്കുന്നുണ്ടെങ്കിൽ സർക്കാരിന്റെ പോർട്ടലിലോ സെക്രട്ടറിയേറ്റിന്റെ 'പടിക്കലോ' അറിയിക്കുക. വാഹനങ്ങളും ലിഫ്റ്റും പശുത്തൊഴുത്തും കഴിച്ച്, ധനക്കമ്മി നിമിത്തമാണ് ശമ്പള കുടിശ്ശികയും പി.എഫും ലിവ് സറണ്ടറും നൽകാത്തത്. സംശയമുള്ളവർക്ക് എണ്ണ തേച്ച് കുളിക്കാൻ പോകുന്നതിനു മുമ്പ് ബാലഗോപാലനെ സമീപിക്കാം.

 

Latest News