Sorry, you need to enable JavaScript to visit this website.

ലക്ഷ്യം കാണാത്ത ശുദ്ധജല വിതരണം

ശുദ്ധജല ക്ഷാമം പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണ്.ജലസംഭരണത്തിനുള്ള പൊതു ഇടങ്ങളും ജലാശയങ്ങളും നിലനിർത്താൻ സർക്കാർ തലത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.അവശേഷിക്കുന്ന തോടുകളും കുളങ്ങളും നിലനിൽക്കേണ്ടതുണ്ട്.അവയുടെ വലിപ്പും കൂട്ടിയും നവീകരിച്ചും ജലസംഭരണത്തിന് സംവിധാനങ്ങളുണ്ടാകണം.വേനൽക്കാലത്തെ ജലപ്രശ്‌നത്തിൽ പരിഹാരം കണ്ടെത്തേണ്ടത് വർഷക്കാലത്താണ്.മഴക്കാലത്തെ വെള്ളം ഭൂമിക്കടിയിൽ എത്തുന്നുണ്ടെന്നും അവ നാളേക്ക് വേണ്ടി സംഭരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം വികസനം ആസൂത്രണം ചെയ്യുന്നവർക്കുണ്ട്. 


വേനൽകാലം കൂടുതൽ ചൂടേറിയതായി മാറിക്കൊണ്ടിരിക്കുന്നു.കത്തുന്ന സൂര്യന് താഴെ ഭൂമി ചുട്ടുപഴുത്തു കിടക്കുകയാണ്.കൃഷിയിടങ്ങൾ വരണ്ടു തുടങ്ങിയിരിക്കുന്നു.ജോലി സ്ഥലങ്ങളിൽ തൊഴിലാളികൾ സൂര്യതാപത്തിന്റെ ഭീഷണിയിലാണ്.പുഴകളിൽ ജലനിരപ്പ് അനുദിനം താഴ്ന്നുകൊണ്ടിരിക്കുന്നു.അങ്ങനെ, ജീവിതത്തിന്റെ സർവ മേഖലകളെയും കൊടുംചൂടിന്റെ അസഹ്യത പിടികൂടിയിരിക്കുന്നു.കാട്ടുതീ മൂലമുണ്ടാകുന്ന നഷ്ടങ്ങളും ഭീഷണികളും ഒരുവശത്ത്.കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങൾ മറുവശത്ത്.
വേനൽ കടുക്കുന്നതോടെ കുടിവെള്ള ക്ഷാമം മലബാറിന്റെ വിവിധ ഭാഗങ്ങൡ നിത്യസംഭവമാണ്.മലയോര പ്രദേശങ്ങൾ ഏറെയുള്ള വടക്കൻ ജില്ലകളിൽ ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോഴും ഫലപ്രദമല്ല.സമതലങ്ങളിൽ പുഴവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളാവശ്യത്തിനായി പമ്പു ചെയ്യുന്നുണ്ടെങ്കിലും മലയോര മേഖലകളിൽ കിണർ മുഖേനയുള്ള ജലലഭ്യത തന്നെയാണ് പ്രധാന ആശ്രയം.ജലനിധി പോലുള്ള പൊതുജലവിതരണ പദ്ധതികളാണ് ഇക്കാര്യത്തിൽ സഹായകം.എന്നാൽ പലപ്പോഴും ഇത്തരം പദ്ധതിയിലും വെള്ളം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ ജൽജീവൻ മിഷന് കീഴിൽ എല്ലാ വീടുകളിലും പൈപ്പ് ലൈൻ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏറെക്കുറെ മലബാറിലും പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.എന്നാൽ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും വെള്ളം ലഭിക്കാനുള്ള സംവിധാനം പലയിടത്തും ആയിട്ടില്ല.ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ലൈൻ വെള്ളം പല പ്രദേശങ്ങളിലും ലഭിക്കുന്നത്.
ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നതും അശാസ്ത്രീയമായ ജലമൂറ്റലും കുടിവെള്ള വിതരണത്തെ സാരമായി ബാധിച്ചിട്ടുമുണ്ട്.പുഴകളിൽ പോലും അതിവേഗം ജലനിരപ്പ് താഴുകയാണ്.പുഴയോരങ്ങളിലെ തോട്ടങ്ങൾ നനക്കാൻ പുഴയിലെ വെള്ളം വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ശുദ്ധജലാവശ്യത്തിന് വെള്ളം കുറയുന്നതായി ആശങ്കകളുണ്ട്.പുഴയിൽ നിന്ന് വെള്ളം പമ്പു ചെയ്‌തെടുക്കുന്നത് കുറ്റകരമാണെങ്കിലും പലയിടത്തും നിരവധി വീടുകൾ ഇത് ചെയ്യുന്നതിനാൽ പലപ്പോഴും ശിക്ഷ നടപടി സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല.വേനൽ കാലങ്ങളിൽ കുഴൽകിണറുകളുടെ എണ്ണം വർധിക്കുന്നതും പൊതുജല വിതരണ സംവിധാനത്തെ ബാധിക്കുന്നുണ്ട്.പലപ്പോഴും പൊതു കിണറുകളുടെയോ പുഴകളുടെയോ അടിത്തട്ടിനേക്കാൾ ആഴത്തിലാണ് കുഴൽ കിണറുകൾ കുഴിക്കുന്നത്.ഇത് പൊതുജലസ്രോതസ്സുകളിലെ ജലലഭ്യതയെ സാരമായി ബാധിക്കുന്നുണ്ട്.വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളിലൂടെ വരുന്ന കുടിവെള്ളം തോട്ടം നനക്കാനും മറ്റും ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.തോട്ടങ്ങളിൽ വേനൽകാലങ്ങളിൽ ചകിരി പോലുള്ള വസ്തുക്കൾ കൊണ്ട് പുതയിട്ട് തണുപ്പ് നിലനിർത്തണമെന്ന് നിർദേശം നൽകാറുണ്ടെങ്കിലും പലപ്പോഴും ജലത്തിന്റെ അനാവശ്യവും അമിതവുമായ ഉപയോഗം മൂലം ബുദ്ധിമുട്ടുന്നത് ശുദ്ധജലം ലഭിക്കാത്ത കുടുംബങ്ങളാണ്.
ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ സർക്കാരുകളും പ്രാദേശിക ഭരണ സമിതികളും ശ്രമങ്ങൾ നടത്താറുണ്ടെങ്കിലും വേനൽ കാലമാകുമ്പോൾ ശുദ്ധജലം ലഭിക്കാത്ത അവസ്ഥ മിക്ക സ്ഥലങ്ങളിലുമുണ്ട്.മഴക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിക്കുന്നതിന് ശാസ്ത്രീയമായ മാർഗങ്ങൾ ഇല്ലാത്തത് ഒരു പ്രധാന പ്രശ്‌നമാണ്.സ്വാഭാവിക ജലാശയങ്ങളും സംഭരണികളും ഇല്ലാതായതോടെ വെള്ളം ഒഴുകി കടലിലെത്തുകയും വേനൽ കാലത്ത് കിണറുകളിൽ പോലും വെള്ളം അതിവേഗം വറ്റുകയും ചെയ്യുന്നു.വെള്ളത്തിന്റെ വർധിച്ചു വരുന്ന ഉപയോഗവും ജലക്ഷാമത്തിന് കാരണമാകുന്നുണ്ട്.
ശുദ്ധജലത്തിന്റെ ശ്രദ്ധയോടെയുള്ള ഉപയോഗം ഇപ്പോഴും ആളുകൾ ശീലിച്ചു തുടങ്ങിയിട്ടില്ല.ജലം അമൂല്യമായ വസ്തുവാണെന്ന തിരിച്ചറിവ് ഇല്ലാത്തതാണ് പ്രധാന കാരണം.വീടുകളിൽ വാട്ടർ ടാങ്കുകൾ നിറഞ്ഞ് വെള്ളം പാഴാകുന്നത് മുതൽ പൂന്തോട്ടങ്ങളിൽ അമിതമായ ജലഉപയോഗം വരെയുള്ള കാര്യങ്ങളിൽ ശ്രദ്ധക്കുറവ് സാധാരണമാണ്.ഇത്തരം പാഴ്‌ചെലവുകൾ വ്യാപകമാകുന്നതോടെ വേനൽ കാലങ്ങളിലെ കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു.
ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണ്.ജലസംഭരണത്തിനുള്ള പൊതു ഇടങ്ങളും ജലാശയങ്ങളും നിലനിർത്താൻ സർക്കാർ തലത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.അവശേഷിക്കുന്ന തോടുകളും കുളങ്ങളും നിലനിൽക്കേണ്ടതുണ്ട്.അവയുടെ വലിപ്പും കൂട്ടിയും നവീകരിച്ചും ജലസംഭരണത്തിന് സംവിധാനങ്ങളുണ്ടാകണം.പൈപ്പുകൾ സ്ഥാപിക്കുന്നതിലൂടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചെന്ന് പറയാനാകില്ല.അവയിലൂടെ ശുദ്ധജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.വേനൽ കാലത്തെ ജലപ്രശ്‌നത്തിൽ പരിഹാരം കണ്ടെത്തേണ്ടത് വർഷക്കാലത്താണ്.മഴക്കാലത്തെ വെള്ളം ഭൂമിക്കടിയിൽ എത്തുന്നുണ്ടെന്നും അവ നാളേക്ക് വേണ്ടി സംഭരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം വികസനം ആസൂത്രണം ചെയ്യുന്നവർക്കുണ്ട്. 

 

Latest News