Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ വേഗം കുറച്ചപ്പോള്‍ ചിലര്‍ പുഴയിലേക്ക്   വീണുവെന്ന് സംശയമുണ്ടെന്ന് യാത്രക്കാര്‍ 

എലത്തൂര്‍-കോച്ചില്‍ തീ ആളിപ്പടര്‍ന്ന് യാത്രക്കാര്‍ക്ക് പൊള്ളലേറ്റപ്പോള്‍ അപായച്ചങ്ങല വലിച്ചതോടെ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ച് നിന്നത് കോരപ്പുഴയ്ക്ക് മുകളിലായിരുന്നു. ട്രെയിന്‍ വേഗം കുറച്ചപ്പോള്‍ ചിലര്‍ പുറത്തേക്ക് ചാടി. ഇവര്‍ പുഴയിലേക്കാണോ വീണതെന്ന് സംശയമുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ ആയിരുന്നതിനാല്‍ കാറ്റില്‍ തീ ആളിപ്പടര്‍ന്നു. കോച്ചില്‍ കൂട്ടക്കരച്ചിലുയര്‍ന്നു. സീറ്റിലും യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീ പടര്‍ന്നു. ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇതിനിടെ കോച്ചില്‍ നിന്ന് ചിലരെ കാണാതായെന്നും യാത്രക്കാര്‍ പറയുന്നു. 
ട്രെയിനില്‍ തീപടര്‍ന്നത് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ ആദ്യം അറിയിച്ചത് കൊയിലാണ്ടി ട്രാക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ പ്രിന്‍സാണ്. കോച്ചിലുണ്ടായിരുന്ന പ്രിന്‍സിനും ഭാര്യയ്ക്കും പൊള്ളലേറ്റു. പ്രിന്‍സും ഭാര്യയും തൃശൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു.
പരിഭ്രാന്തരായ യാത്രക്കാര്‍ നാല് കോച്ചുകളിലെ അപായച്ചങ്ങല വലിച്ചു. ലോക്കോ പൈലറ്റ് എം.പി. മുരളീധരന്‍, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എ.ടി. സന്ധ്യ, ഗാര്‍ഡ് സുമ തുടങ്ങിയവര്‍ ട്രെയിനിലെ കാര്യങ്ങള്‍ നിയന്ത്രിച്ചു. രാത്രി 11.45-നാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കണ്ണൂരില്‍ എത്തിയ ഉടന്‍ റെയില്‍വേ സുരക്ഷാസേന ഡി-1 കോച്ച് സീല്‍ ചെയ്തു.

Latest News