Sorry, you need to enable JavaScript to visit this website.

സൗദിയിൽ പൊതുമാപ്പ്; തടവുകാരെ വിട്ടയക്കുന്നു

റിയാദ് - വിശുദ്ധ റമദാൻ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹരായ തടവുകാരെ വിട്ടയക്കാനുള്ള നടപടികൾ ജയിൽ വകുപ്പ് ആരംഭിച്ചു. രാജകൽപന എത്രയും വേഗം നടപ്പാക്കി പൊതുമാപ്പ് ഗുണഭോക്താക്കളെ വിട്ടയക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുഅവകാശ കേസുകളിൽ ശിക്ഷക്കപ്പെട്ടവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. ഓരോ പ്രവിശ്യയിലും പൊതുമാപ്പിന് അർഹരായ തടവുകാരെ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റികൾ പ്രവർത്തനം തുടരുകയാണ്. അർഹരായ മുഴുവൻ തടവുകാരെയും വിട്ടയക്കുന്നതു വരെ കമ്മിറ്റികൾ പ്രവർത്തനം തുടരും. ആയിരക്കണക്കിന് തടവുകാർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് മലയാളം ന്യൂസ് ദിനപത്രം സ്ഥിരീകരിച്ചു. 
കൊലപാതകം, ഭീകരപ്രവർത്തനം, ദേശവിരുദ്ധ പ്രവർത്തനം അടക്കമുള്ള വലിയ കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. ആളപായമില്ലാത്ത നിലക്കുള്ള ആക്രമണം, ഗതാഗത നിയമ ലംഘനം, സൈബർ കുറ്റകൃത്യങ്ങൾ, മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കൽ, സദാചാര കേസുകൾ, മോഷണം, രഹസ്യ രേഖകൾ മോഷ്ടിക്കൽ, ഇഖാമ നിയമ ലംഘകരെ കടത്തൽ, ഓഹരി വിപണി നിയമ ലംഘനം, അനധികൃത മന്ത്രചികിത്സ, കരുതിക്കൂട്ടിയല്ലാത്ത കൊലപാതകം, ജയിലുകൾക്കും ലോക്കപ്പുകൾക്കും അകത്ത് സംഭവിക്കുന്ന കേസുകൾ, മദ്യം, ആയുധം, ബിനാമി ബിസിനസ്, നിസാര കേസുകൾ, ഖാത്ത് കടത്ത്, പോക്കറ്റടി, വണ്ടിച്ചെക്ക്, മയക്കുമരുന്ന് ഉപയോഗം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി പൊതുമാപ്പ് ലഭിക്കുക. 
പരിക്കുകൾ ഭേദമാകാൻ പതിനാലു ദിവസത്തിൽ കവിയാത്ത കാലം മാത്രം മതിയായ അടിപിടി കേസുകളിലെ പ്രതികൾക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. മദ്യസേവ നടത്തി നാലാം തവണ വരെ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടവർക്കും പൊതുമാപ്പ് ലഭിക്കും. വിതരണ ലക്ഷ്യത്തോടെ മദ്യം കൈവശം വെച്ച് ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്ക് ശിക്ഷാ കാലയളവിന്റെ നാലിലൊന്ന് കാലം പൂർത്തിയാക്കിയാൽ പൊതുമാപ്പിന് അർഹതയുണ്ടാകും. 
ലൈസൻസില്ലാതെ ഒരു ആയുധം സൂക്ഷിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും പൊതുമാപ്പ് ലഭിക്കും. എന്നാൽ ഇവരുടെ പക്കൽ കണ്ടെത്തിയ വെടിയുണ്ടകൾ ഇരുപതിൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ബിനാമി ബിസിനസ്, വാണിജ്യ വഞ്ചനാ കേസുകളിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്കും ശിക്ഷാ കാലയളവിൽ നാലിലൊന്ന് പൂർത്തിയാക്കിയാൽ പൊതുമാപ്പ് ലഭിക്കും. 
കരുതിക്കൂട്ടിയല്ലാതെയുള്ള കൊലപാകതത്തിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൊതുമാപ്പ് ലഭിക്കാൻ ശിക്ഷാ കാലയളവിൽ പകുതി അനുഭവിക്കണമെന്ന് വ്യവസ്ഥയുണ്ട്. അവശേഷിക്കുന്ന ഭൂരിഭാഗം കേസുകളിലും തടവുകാർ നാലിലൊന്ന് ശിക്ഷാ കാലം പൂർത്തിയാക്കിയിരിക്കണം. പൊതുമാപ്പ് ലഭിക്കുന്നതിന് തടവുകാർ തങ്ങളുടെ പേരിലുള്ള, കേസിന്റെ ഭാഗമായ സ്വകാര്യ അവകാശ കേസുകളിലെ സാമ്പത്തിക ബാധ്യതകൾ തീർത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
 

Latest News