Sorry, you need to enable JavaScript to visit this website.

സൗദി വിസിറ്റ് വിസ; സുപ്രധാന അറിയിപ്പുമായി ജവാസാത്ത്

റിയാദ് -സൗദി അറേബ്യയിൽ മൾട്ടിപ്ൾ ഫാമിലി വിസിറ്റിലെത്തിയവർ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് ജവാസാത്ത് വീണ്ടും ഓർമിപ്പിച്ചു. ഓൺലൈൻ വഴി വിസ പുതുക്കാൻ സാധിക്കില്ല. സ്വമേധയാ പുതുക്കുകയുമില്ല. അത്തരം പ്രചാരണങ്ങൾ ശരിയല്ല. കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുറത്തുപോയി വീണ്ടും സൗദിയിലേക്ക് പ്രവേശിച്ചാൽ പുതിയ വിസ കാലാവധി ലഭിക്കും. എന്നാൽ വിസ സ്റ്റാമ്പ് ചെയ്ത് ഒരു വർഷത്തിനുള്ളിൽ സൗദിയിലെത്തിയിരിക്കണമെന്നും വിസയുടെ ഔദ്യോഗിക കാലാവധിയായി ആ ഒരു വർഷമാണ് പരിഗണിക്കുന്നതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് മലയാളം ന്യൂസിനോട് വ്യക്തമാക്കി.
ഓൺലൈൻ വഴി പുതുക്കാത്ത വിഭാഗമായാണ് മൾട്ടിപ്ൾ ഫാമിലി വിസിറ്റ് വിസ അബ്ശിറിലും രേഖപ്പെടുത്തിയിട്ടുള്ളത്. സൗദിക്ക് പുറത്ത് പോകണമെന്നതാണ് പുതുക്കാനുള്ള മാർഗമായി ജവാസാത്ത് പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അബ്ശിറിൽ നടന്ന അപ്‌ഡേറ്റാണ് പലരെയും ഇപ്പോൾ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ചിലർ അതിർത്തിയിൽ നിന്ന് സൗദിയിലേക്ക് പ്രവേശിച്ചപ്പോഴും ചിലർക്ക് പുറത്തുപോകാതെയും വിസയുടെ കാലാവാധി മൂന്നു മാസത്തിലധികം ലഭിച്ചുവെന്നും ചിലർക്ക് പാസ്‌പോർട്ട് കാലാവധിക്കനുസരിച്ചുള്ള തിയ്യതി ലഭിച്ചുവെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് അബ്ശിറിൽ വന്ന മാറ്റത്തിന്റെ ഭാഗമായി വിസ സ്റ്റാമ്പ് ചെയ്തത് മുതൽ 365 ദിവസത്തിന് ശേഷമുള്ള തിയ്യതി രേഖപ്പെടുത്തിയതായിരുന്നു. 90 ദിവസം തുടർച്ചയായി താമസാനുമതിയുള്ള 365 ദിവസത്തെ സന്ദർശക വിസയാണ് യഥാർഥത്തിൽ മൾട്ടിപ്ൾ സന്ദർശക വിസ. അബ്ശിറിന്റെ സന്ദർശക വിസ പ്രധാന പേജിൽ നിന്നുള്ള ഒരു ലിങ്കിലാണ് ഈ വിവരം ചേർത്തിട്ടുള്ളത്. ഇത് വിസ വിവരങ്ങൾ മാത്രമാണെന്നും ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നും അടിക്കുറിപ്പുമുണ്ട്. ഇതിൽ ബോർഡർ നമ്പർ, സൗദിയിലേക്ക് ആദ്യം പ്രവേശിച്ച തിയ്യതി, വിസ സ്റ്റാമ്പ് ചെയ്തതുമുതൽ 365 ദിവസം കഴിഞ്ഞ ഒരു തിയ്യതി എന്നിവയാണുള്ളത്. ഇത് നോക്കിയാണ് വിസ മാസങ്ങളോളം പുതുക്കിക്കിട്ടിയെന്ന് ചിലരും പുതുക്കിയ തിയ്യതി കാണുന്നില്ലെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടത്.
അബ്ശിറിലെ ഫാമിലി വിസിറ്റ് വിവരങ്ങൾ തുറക്കുമ്പോൾ പുതുക്കാൻ സാധിക്കാത്ത വിസകൾ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്താൽ സൗദിയിലേക്ക് ഏറ്റവും അവസാനം പ്രവേശിച്ചതിന്റെയും 90 ദിവസത്തെ വിസ കാലാവധി അവസാനിക്കുന്ന തിയ്യതിയും കാണാനാകും. അതനുസരിച്ചാണ് വിസയുടെ സ്റ്റാറ്റസ് പരിഗണിക്കുക. എന്നാൽ ഈ പേജിൽ വ്യക്തികളുടെ പേരിന് നേരെ കാണുന്ന ഐകണിൽ ക്ലിക്ക് ചെയ്താലാണ് വിസ സ്റ്റാമ്പ് ചെയ്ത് ഒരു വർഷത്തെ തിയ്യതി രേഖപ്പെടുത്തിയ വിസ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുളളത്. വിസയുടെ ഏറ്റവും മിനിമം കാലാവധി അറിയാനാണിത്. അബ്ശിറിന്റെ ആദ്യപേജിൽ കാണിച്ച തിയ്യതിക്കകം പുതുക്കിയില്ലെങ്കിൽ പിഴയും മറ്റുനിയമ നടപടികളും ഉണ്ടാവും. അതിനാൽ സൗദിയിലേക്ക് പ്രവേശിച്ചയുടൻ അബ്ശിറിന്റെ ആദ്യഭാഗത്ത് വിസിറ്റ് വിസ വിവരങ്ങൾ കാണുന്ന തിയ്യതി മാത്രമാണ് പരിഗണിക്കേണ്ടത്. സ്വമേധയാ പുതുക്കിയെന്ന് വിചാരിച്ച് ബഹ്‌റൈനിലോ ജോർദ്ദാനിലോ മറ്റോ പോയി പുതുക്കാതിരിക്കേണ്ട എന്നർഥം.
 

Latest News