Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നു

നജ്‌റാൻ എയർപോർട്ട്.

നജ്‌റാൻ - നാലു വർഷം നീണ്ട ഇടവേളക്കു ശേഷം അടുത്തയാഴ്ച മുതൽ നജ്‌റാനിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കും. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബായ് ആണ് നജ്‌റാനിലേക്ക് ആദ്യമായി അന്താരാഷ്ട്ര സർവീസ് പുനരാരംഭിക്കുന്നത്. നജ്‌റാനിൽ നിന്ന് ദുബായിലേക്ക് പ്രതിവാരം നാലു സർവീസുകൾ വീതമാണ് ഫ്‌ളൈ ദുബായ് നടത്തുക. അടുത്തയാഴ്ച മുതൽ കയ്‌റോയിലേക്കും പ്രതിവാരം ഒരു സർവീസ് വീതമുണ്ടാകും. 
നജ്‌റാനിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നത് സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് ഏറെ ആശ്വാസമാകും. നിലവിൽ കര മാർഗം അബഹ എയർപോർട്ടിലെത്തിയാണ് ഇവിടെ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ നജ്‌റാൻ നിവാസികൾ പ്രയോജനപ്പെടുത്തുന്നത്. അതല്ലെങ്കിൽ ആഭ്യന്തര സർവീസുകളിൽ മറ്റു വിമാനത്താവളങ്ങളിൽ എത്തിയും അന്താരാഷ്ട്ര സർവീസുകൾ പ്രയോജനപ്പെടുത്തുന്നു. 
പുതിയ നജ്‌റാൻ വിമാനത്താവളം 2011 ൽ ആണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരെയാണ് എയർപോർട്ട്. പ്രതിവർഷം പതിനാലു ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ നജ്‌റാൻ വിമാനത്താവളത്തിന് ശേഷിയുണ്ട്. ഹൂത്തി ആക്രമണങ്ങൾ കാരണം നാലു വർഷം അടച്ചിട്ട നജ്‌റാൻ എയർപോർട്ട് നാലു കൊല്ലം മുമ്പാണ് വീണ്ടും തുറന്നത്. നജ്‌റാൻ എയർപോർട്ട് ലക്ഷ്യമിട്ട് ഹൂത്തികൾ പലതവണ ആക്രമണങ്ങൾ നടത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെയാണ് നാലു കൊല്ലം മുമ്പ് വിമാനത്താവളം വീണ്ടും തുറന്നത്. 
തുടക്കത്തിൽ സൗദിയ ജിദ്ദയിലേക്കും റിയാദിലേക്കും പ്രതിദിനം ഓരോ സർവീസുകൾ വീതമാണ് നജ്‌റാനിൽ നിന്ന് നടത്തിയിരുന്നത്. പിന്നീട് പ്രതിദിന റിയാദ് സർവീസുകൾ മൂന്നായും ജിദ്ദ സർവീസുകൾ രണ്ടായും ഉയർന്നു. റിയാദിലേക്ക് ഫ്‌ളൈ നാസും ഫ്‌ളൈ അദീലും ഓരോ സർവീസുകൾ വീതം ആരംഭിച്ചതോടെയാണ് റിയാദ് സർവീസുകൾ മൂന്നായി ഉയർന്നത്. 
മോശം കാലാവസ്ഥ കാരണം നജ്‌റാൻ എയർപോർട്ടിൽ സർവീസുകൾ നീട്ടിവെക്കുന്നതും റദ്ദാക്കുന്നതും വിമാനങ്ങൾ തിരിച്ചുവിടുന്നതും പതിവാണ്. യാത്ര മുടങ്ങിയേക്കുമെന്ന ഭീതിയിൽ നിരവധി യാത്രക്കാർ നജ്‌റാൻ വിമാനത്താവളത്തിനു പകരം അബഹ എയർപോർട്ട് ആണ് ആശ്രയിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതോടെ നജ്‌റാനിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കണമെന്നും ടിക്കറ്റ് നിരക്കുകൾ കുറക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. 
പരിമിതമായ സർവീസുകൾക്കു പുറമെ നജ്‌റാനിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ ഏറെ കൂടുതലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതോടെ ജിദ്ദ, മദീന, തായിഫ് പോലുള്ള നഗരങ്ങളിലേക്ക് ഫ്‌ളൈ നാസും ഫ്‌ളൈ അദീലും സർവീസുകൾ ആരംഭിക്കണം. ഫ്‌ളൈ അദീൽ റിയാദിലേക്ക് പ്രതിദിനം ഒരു അധിക സർവീസ് കൂടി നടത്തുകയും വേണം. ഉംറയും സിയാറത്തും നടത്താൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമായി നജ്‌റാനിൽ നിന്ന് തായിഫിലേക്കും മദീനയിലേക്കും സർവീസുകൾ ആരംഭിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. 

 

Latest News