കോഴിക്കോട്- പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കോഴിക്കോട് വടകര കടമേരി റഹ്മാനിയ കോളേജിൽ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിശദീകരണ യോഗം മാറ്റിവെച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. ഈ മാസം 11ന് നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് മാറ്റിവെച്ചത്. ഹക്കീം ഫൈസിക്കെതിരെ വർഷങ്ങളായി നീക്കം നടത്തുന്ന അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ എന്നിവരാണ് കടമേരി റഹ്മാനിയ കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രസംഗിക്കുമെന്ന് അറിയിച്ചിരുന്നത്. പരിപാടിക്കെതിരെ സമസ്തയിൽനിന്ന് തന്നെ അതിരൂക്ഷമായ പ്രതികരണങ്ങളുണ്ടായി. കടമേരി റഹ്മാനിയ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന വിദേശത്തുള്ള നിരവധി പേർ പരിപാടി മാറ്റിവെക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മാർച്ച് 11ന് നടക്കാനിരിക്കുന്ന പരിപാടിയുടെ സ്വാഗതസംഘം യോഗം റഹ്മാനിയ ക്യാംപസിൽവെച്ച് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനും അനുവദിച്ചില്ല. ഒടുവിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇടപെട്ടാണ് 11-ലെ വിശദീകരണ സമ്മേളനം നടത്തരുതെന്ന് കർശനമായി അറിയിച്ചത്. ഇതോടെ പരിപാടി മാറ്റിവെക്കാൻ സംഘാടകർ തീരുമാനിച്ചു.
ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് കോഴിക്കോട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വിശദീകരണ യോഗവും സാദിഖലി തങ്ങൾ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ അബ്ദുൽ ഹക്കീം ഫൈസിക്കെതിരെ പതിനേഴ് തെളിവുകൾ എന്ന പേരിൽ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. ഇതിനെതിരെയും സമസ്തയിൽനിന്നുള്ള ആളുകൾ രംഗത്തെത്തി. പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നതിനിടെ ഇത്തരത്തിൽ വിഷയം വീണ്ടും പൊതുജനമധ്യത്തിൽ കൊണ്ടുവരുന്നത് ശരിയല്ല എന്ന പൊതുവികാരമാണ് പലരും പങ്കുവെച്ചത്.