Sorry, you need to enable JavaScript to visit this website.

കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം; കാറിനുള്ളില്‍ പെട്രോള്‍ കുപ്പി ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്

കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ കണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ പെട്രോള്‍ സാന്നിധ്യം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. തളിപ്പറമ്പ് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട പരിശോധകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. ദമ്പതികളായ കുറ്റിയാട്ടുര്‍ സ്വദേശികളായ പ്രജിത്തും റീഷയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന  വഴിയായിരുന്നു അപകടമുണ്ടായത്. ഗര്‍ഭിണിയായ റീഷയെ ഡോക്ടറെ കാണിക്കാനായി പോകുകയായിരുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ തീയുടെ തീവ്രത ഇത്രയും വര്‍ധിക്കാനുള്ള കാരണം എന്തായിരുന്നു എന്നായിരുന്നു പരിശോധിച്ചത്. ഇതില്‍, വാഹനത്തിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കാറിനുള്ളില്‍ വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും  പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു റീഷയുടെ അച്ഛന്‍ അന്ന് പ്രതികരിച്ചത്. എന്നാല്‍ കുപ്പിക്കുള്ളില്‍ ഉണ്ടായിരുന്നത് വെള്ളമായിരുന്നില്ല പെട്രോളായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Latest News