Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ കാർഷിക വിജയം കണ്ട് ശ്രീവിദ്യ; ഓരോ കർഷകനും ഓരോ ശാസ്ത്രജ്ഞൻ 

കാസർകോട്- കൃഷിയിൽ ഇസ്രായിലിൽ കർഷകർ നടത്തുന്ന പുതിയ പരീക്ഷണങ്ങളും തന്ത്രങ്ങളും സ്വായത്തമാക്കിയാണ് ബേഡഡുക്ക കൊളത്തൂർ ബറോട്ടിനിടുവോട്ടെ എം. ശ്രീവിദ്യ നാട്ടിലേക്ക് മടങ്ങിയത്. രണ്ടു വർഷംമുമ്പ് സംസ്ഥാന സർക്കാർ മികച്ച യുവകർഷക പുരസ്‌ക്കാരം നൽകി ആദരിച്ച ശ്രീവിദ്യയാണ് കൃഷിവകുപ്പ് സംഘത്തിലെ ജില്ലയിൽ നിന്നുള്ള ഏകപ്രതിനിധി. സമ്മിശ്രവും സംയോജിതവുമായ കൃഷി ചെയ്താണ് ശ്രീവിദ്യ വിജയം കൊയ്‌തെടുക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഇസ്രായിൽ കൃഷിരീതികൾ കണ്ടപ്പോഴാണ് കാർഷിക രംഗത്ത് നമ്മളെത്രയോ കാലങ്ങൾ പിറകിലാണെന്ന ബോധ്യം ശ്രീവിദ്യ ഉൾപ്പെടെയുള്ള കൃഷിരീതികൾ പഠിക്കാൻ പോയ സംഘത്തിനുണ്ടായത്. ഇസ്രായിലിൽ ഓരോ കർഷകനും ഓരോ സയന്റിസ്റ്റ് ആണ്. തരിശായ സ്ഥലത്ത് കൃഷി ചെയ്യുന്ന കവറിംഗ് പ്ലാന്റ് പുതിയ അനുഭവമാണ്. മണ്ണിന്റെ ജൈവ വൈവിധ്യം നിലനിർത്താനാണ് ഇങ്ങനെ ചെയ്യുന്നത്. ഓറഞ്ച് തോട്ടത്തിൽ അവിടത്തെ കർഷകരും ഇടനിലക്കാരാൽ വഞ്ചിക്കപ്പെടുന്നുണ്ടെന്ന് ശ്രീവിദ്യ പറയുന്നു. ഉപ്പുവെള്ളം കയറുന്ന പാടങ്ങളിൽ കൃഷി ചെയ്യാൻ പറ്റുന്ന വിത്തിനങ്ങൾ നിർമിച്ച് നൽകുന്ന സംഘടന അവിടെ പ്രവർത്തിക്കുന്നുണ്ട്. അത് നമ്മുടെ നാട്ടിലും പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. ആവശ്യമുള്ളതും വിലകിട്ടുന്നതുമായ ഉൽപന്നങ്ങൾ ആണ് അവിടെയുള്ളത്. മണ്ണ്, ജലം, ഘടന തുടങ്ങി പത്ത് കാര്യങ്ങൾ ശാസ്ത്രീയമായി നിരീക്ഷിച്ച ശേഷമാണ് കൃഷി തുടങ്ങുന്നത്. 
പൗൾട്രി ഫാമിൽ പോയപ്പോൾ കണ്ട കാഴ്ചകൾ അത്ഭുതകരമാണ്. പതിനായിരം മുട്ട ഉത്പാദിപ്പിക്കുന്ന ഫാമിൽ ഒരു തൊഴിലാളി മാത്രം. അതാണ് അവരുടെ വിജയം. കോഴികളെ കൂട്ടിലിട്ട് മെരുക്കുന്ന സമ്പ്രദായമൊന്നുമില്ല. നടന്നുപോയി മുട്ട ഇട്ടശേഷം തിരിച്ചുവരും. തീറ്റയെടുക്കാനും സംവിധാനമുണ്ട്. വിപണിയുടെ ആവശ്യം തിരിച്ചറിഞ്ഞു വേണ്ടത്ര അളവിൽ മാത്രം കൃഷി ചെയ്യുക, ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി കൃഷിയിടങ്ങളിൽ പ്രയോജനപ്പെടുത്തുക അതാണ് ഇസ്രായിലിലെ രീതികൾ. 
കൃഷി പഠിക്കാൻ കടൽ കടന്നുപോയ 27 സംഘത്തിലെ അംഗമായിരുന്നു കാസർകോട് ജില്ലയിലെ ബേഡഡുക്ക സ്വദേശി ശ്രീവിദ്യ. ഒരു ചെടിയുടെ ഇലയിൽ വാട്ടമോ രോഗമോ കണ്ടെത്തിയാൽ ചെടിയെ മൊത്തമായി ചികിൽസിക്കാതെ രോഗമുള്ള ഭാഗം മാത്രം ചികിൽസിക്കും. ഉപയോഗിക്കുന്ന തൈകൾ, വിത്തുകൾ എന്നിവ ഏറ്റവും ഗുണമേന്മയുള്ളതാണ്. കർഷകരിൽ നിന്ന് വാങ്ങുന്ന വിത്ത് പ്രോസസ് ചെയ്തു കൃഷിക്ക് അനുയോജ്യമുള്ളതാക്കി നൽകും. നഷ്ടം പരമാവധി കുറയ്ക്കാനുള്ള രീതികൾ. കൃഷിയിടത്തിൽ ഇറങ്ങുന്നവർ വീടുകളിലെ ജോലി ചെയ്തു സമയം പാഴാക്കണ്ട. ആ സമയം കുട്ടികളെ നോക്കാനും ഭക്ഷണം ഒരുക്കി നൽകാനും വേറെ സൗകര്യമുണ്ട്. ആയിരത്തോളം പശുക്കളെ നോക്കാൻ ഫാമിലുള്ളത് ആകെ പത്ത് പേർ മാത്രം. ഫാമിൽ പശുക്കളെ അഴിച്ചുവിട്ടാണ് വളർത്തുന്നത്. ഒരു പശുവിന് നാൽപത് ലിറ്റർ പാൽ കിട്ടും. മൂന്നും നാലും ദിവസം പാൽ കേടുകൂടാതെ സൂക്ഷിക്കാനും സംവിധാനം. അഴിച്ചു വിടുന്ന പശുക്കളിൽ ഓരോന്നിനും ചിപ്പോ സ്മാർട്ട് വാച്ചോ ഘടിപ്പിച്ചിട്ടുണ്ടാകും. ഇതുവഴി ചലനങ്ങളും ഹൃദയമിടിപ്പും തിരിച്ചറിയാൻ എളുപ്പം. ചാണകവും മൂത്രവും ഒരുമിച്ചു ഉണക്കി എടുക്കാൻ സംവിധാനം ഒരുക്കിയതിനാൽ പശുക്കളെ കിടത്തുന്നത് നിലത്തെ ചാണകത്തിൽ തന്നെയാണ്. നെൽപ്പാടങ്ങളിൽ ഇഷ്ടംപോലെ വെള്ളം കെട്ടിനിർത്തും. ആവശ്യമുള്ള വെള്ളം തുള്ളി നന വഴി നൽകുന്ന രീതിയാണ് ഇസ്രായിലിൽ. നിലത്ത് കോൺക്രീറ്റ് ഇട്ട സ്ഥലത്ത് പശുവിനെ കെട്ടുന്നത് അപകടകരമാണെന്ന് അവിടത്തെ കർഷകർ പറഞ്ഞതായി ശ്രീവിദ്യ പറഞ്ഞു. 

പടം
ഇസ്രായിൽ കർഷകരോടൊപ്പം ശ്രീവിദ്യ. 
 

Latest News