Sorry, you need to enable JavaScript to visit this website.

45 ലക്ഷത്തിന്റെ ലഹരിക്കടത്ത്; ആലപ്പുഴയിൽ രണ്ടു പേർക്കെതിരെ കൂടി സി.പി.എം നടപടി

- ഒരാളെ പുറത്താക്കി, മറ്റൊരാൾക്ക് സസ്‌പെൻഷൻ
ആലപ്പുഴ -
സി.പി.എം പ്രവർത്തകർ ഉൾപ്പെട്ട ആലപ്പുഴയിലെ ലഹരിക്കടത്ത് കേസിൽ രണ്ട് പേർക്കെതിരെ കൂടി പാർട്ടി നടപടി. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി.
 വിജയകൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ സിനാഫിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ആഗസ്തിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് സി.പി.എം നടപടി സ്വീകരിച്ചത്. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാർട്ടി കണ്ടെത്തിയ കുറ്റം.
 കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയും സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗവുമായ ഇജാസിനെ സി.പി.എം നേരത്തെ പുറത്താക്കിയിരുന്നു. ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റി അംഗമായ ഷാനവാസിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡും ചെയ്തിരുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രവർത്തനം വച്ച് പൊറുപ്പിക്കില്ലെന്നും കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും പാർട്ടി ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ വ്യക്തമാക്കിയിരുന്നു.
  പാർട്ടിയുടെ ഉത്തരവാദപ്പെട്ട പ്രവർത്തകർ ലഹരി ഉൾപ്പെടെയുള്ള സമൂഹികജീർണതകളോട് സന്ധി ചെയ്തുകൂടെന്നും പൊതുസമൂഹത്തിൽ സ്വീകരിക്കേണ്ട മാതൃകാപരമായ സമീപനം കളഞ്ഞുകുളിച്ച് പാർട്ടിക്കും സമൂഹത്തിനും തെറ്റായ സന്ദേശം നൽകുന്നത് അവസാനിപ്പിക്കണമെന്നുമുള്ള ശക്തമായ നിലപാടിലാണ് പാർട്ടി നേതൃത്വം. തെറ്റ് ആരിൽനിന്നായാലും മുഖംനോക്കാതെ നടപടി സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും നേതൃത്വം പറയുന്നു.
 

Latest News