Sorry, you need to enable JavaScript to visit this website.

ഐ.എസിനെ പുറന്തള്ളി; തെക്കന്‍ ദമാസ്‌കസില്‍ പോലീസിന്റെ വിജയാഘോഷം

യെര്‍മൂക്കിലെ തകര്‍ന്നടിഞ്ഞ ഫലസ്തീന്‍ ക്യാമ്പിലൂടെ വിജയ ചിഹ്നവുമായി സിറിയന്‍ സൈനികര്‍. 

ദമാസ്‌കസ്- സിറിയയില്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ച തെക്കന്‍ ദമാസ്‌കസ് ജില്ലകളില്‍ സിറിയന്‍ പോലീസിനെ വിന്യസിച്ചു. കഴിഞ്ഞ ദിവസമാണ് ഈ പ്രദേശങ്ങള്‍ ഐ.എസില്‍നിന്ന് പൂര്‍ണമായി മോചിപ്പിച്ചത്. യര്‍മൂക് ഫലസ്തീനിയന്‍ ക്യാമ്പ് പ്രദേശവും സമീപത്തെ ഹജ്ജാര്‍ അല്‍ അസ്‌വദ്, തദാമുന്‍ പ്രദേശങ്ങളുമാണ് തിങ്കളാഴ്ച സിറിയന്‍ സേനയുടെ നിയന്ത്രണത്തിലായത്. 2012 നു ശേഷം ഇതാദ്യമായി സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസ് മുഴുവന്‍ സര്‍ക്കാര്‍ സേനയുടെ അധീനതയിലായി. യര്‍മൂകിലും ഹജ്ജാര്‍ അല്‍ അസ്‌വദിലും പ്രവേശിച്ച സിറിയന്‍ പോലീസ് സിറിയന്‍ പതാകകള്‍ ഉയര്‍ത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യര്‍മൂകിലെ ബഹുനില കെട്ടിടത്തില്‍ സിറിയന്‍ പതാക ഉയര്‍ന്നത് ടെലിവിഷന്‍ കാണിച്ചു. തകര്‍ന്നടിഞ്ഞ തെരുവുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് നിറയൊഴിച്ച് വിജയം ആഘോഷിച്ചു. ഇനി ഇവിടെ രാപ്പകല്‍ മുഴുവന്‍ പോലീസ് സാന്നിധ്യമുണ്ടാകും. ആളുകള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിന് ക്യാമ്പിനു ചുറ്റും പ്രത്യേക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഹജ്ജാര്‍ അല്‍ അസ്‌വദിലും പൊടി പറത്തിക്കൊണ്ട് പോലീസ് കാറുകള്‍ നീങ്ങുന്നത് ടെലിവിഷന്‍ കാണിച്ചെങ്കിലും സിവിലിയന്മാരെ കാണാനുണ്ടായിരുന്നില്ല. യര്‍മൂകും ഹജ്ജാറും സമീപ ഡിസ്ട്രിക്ടുകളാണ്. തലസ്ഥാനത്തിന്റെ ഈ ഭാഗങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടുതുടങ്ങിയത് 2012 ലാണ്. ഇതിനു ഒരു വര്‍ഷം മുമ്പാണ് സിറിയയില്‍ സംഘര്‍ഷം രൂക്ഷമായത്. 
സൈനിക സമ്മര്‍ദത്തോടൊപ്പം ഒഴിഞ്ഞുപോകല്‍ കരാറുകള്‍ നടപ്പാക്കിയാണ് അസദ് ഭരണകൂടം നിയന്ത്രണം പിടിച്ചിരിക്കുന്നത്. ദമാസ്‌കസില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും വിമത പോരാളികള്‍ക്ക് അവസരം നല്‍കിക്കൊണ്ടായിരുന്നു കരാറുകള്‍. അസദ് സൈന്യവും അനകൂലിക്കുന്ന ഫലസ്തീന്‍ പോരാളികളും കഴിഞ്ഞ മാസമാണ് യെര്‍മൂക്കില്‍നിന്ന് ഐ.എസുകാരെ പുറന്തള്ളാനുള്ള അവസാന ശ്രമം തുടങ്ങിയത്. 
ഐ.എസ് പോരാളികളുമായി ചര്‍ച്ച നടത്തി അവര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അവസരം നല്‍കിയാണ് യെര്‍മൂക് തിരിച്ചുപിടിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. സിറിയന്‍ സൈനിക വൃത്തങ്ങളും സിറിയന്‍ നിരീക്ഷക സംഘവുമാണ് ഐ.എസ് കരാറിനെ കുറിച്ച് സൂചന നല്‍കിയത്. 

 

Latest News