Sorry, you need to enable JavaScript to visit this website.

പെലെയോ, വേണ്ടേ വേണ്ട

'അവനൊരു കൊച്ചുപയ്യനാണ്. പോരാട്ടവീര്യമില്ല. ആക്രമണോത്സുകതയെന്തെന്ന് അറിയാനോ പ്രതിസന്ധികളെ നേരിടാനോ ഉള്ള പക്വതയില്ല. ഇതിനൊക്കെ പുറമെ അവനൊരു ഉത്തരവാദിത്തബോധമോ ടീം സ്പിരിറ്റോ ഇല്ല' -1958 ലെ ലോകകപ്പിനു മുമ്പ് ബ്രസീല്‍ ടീമിന്റെ മനഃശാസ്ത്രജ്ഞന്‍ ഡോ. ജോവോ കാര്‍വാലസ് കോച്ച് വിസെന്റെ ഫിയോളക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് ഇത്. അഡ്‌സന്‍ അരാന്റസ് ഡൊ നാസിമെന്റൊ എന്ന പതിനേഴുകാരനെക്കുറിച്ചാണ് കമന്റ്. അഭിപ്രായം കോച്ച് ചെവിക്കൊണ്ടിരുന്നെങ്കില്‍ പെലെ എന്ന അദ്ഭുതപ്രതിഭയുടെ അരങ്ങേറ്റം കാണാന്‍ ലോകം ഒരുപാട് കാത്തിരിക്കേണ്ടി വന്നേനേ.
സോവിയറ്റ് യൂനിയനെതിരായ ബ്രസീലിന്റെ മൂന്നാം മത്സരത്തില്‍ പയ്യന് അരങ്ങേറ്റത്തിന് കോച്ച് അവസരം കൊടുത്തു. പിന്നീടെല്ലാം ചരിത്രമാണ്. ആ ലോകകപ്പിനെ ഇളക്കിമറിച്ചു പെലെ. നാലു കളിയില്‍ ആറു ഗോളടിച്ചു. ബ്രസീല്‍ ആദ്യമായി കിരീടമുയര്‍ത്തി. ലോകകപ്പ് ചരിത്രത്തിലെ അപ്പോഴത്തെ പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു പെലെ.
പെലെയുടെ കുതിപ്പ് അതിനും ഒരു വര്‍ഷം മുമ്പ് സാന്റോസ് ക്ലബ്ബില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അക്കാലത്തെ വമ്പന്‍ തുകയായ 15 ഡോളര്‍ പ്രതിമാസ വേതനം ലഭിച്ചിരുന്നു പെലെക്ക്. 1957 ജൂണില്‍ മാരക്കാന സ്റ്റേഡിയത്തിലെ ഒരു പ്രദര്‍ശന മത്സരത്തിലാണ് പെലെ എന്ന മാന്ത്രികനെ ബ്രസീല്‍ ആദ്യമായി അറിയുന്നത്. അര്‍ജന്റീനക്കെതിരായ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ സ്ഥാനം നേടിക്കൊടുത്തു ആ പ്രകടനം. രണ്ടു കളികളില്‍ ഗോളടിച്ചെങ്കിലും ലോകകപ്പ് കളിക്കാന്‍ മാത്രം പക്വതയുണ്ടോ പയ്യനെന്ന് ബ്രസീല്‍ സംശയിച്ചു. റൊണാള്‍ഡോയും ഡിയേഗൊ മറഡോണയും ലയണല്‍ മെസ്സിയുമൊക്കെ ആദ്യമായി ലോകകപ്പിന് പരിഗണിക്കപ്പെട്ടപ്പോള്‍ ടീമിലെത്തിയിരുന്നില്ല. പക്ഷെ ഭാഗ്യം പെലെയോടൊപ്പമായിരുന്നു. പില്‍ക്കാലത്ത് ഫിഫ പ്രസിഡന്റായ അന്നത്തെ ബ്രസീല്‍ ഫെഡറേഷന്‍ മേധാവി ജോ ഹവലാഞ്ച് നിര്‍ബന്ധം പിടിച്ചതിനാല്‍ ടീമിനൊപ്പം സ്വീഡനിലേക്ക് പുറപ്പെടാന്‍ പെലെക്കു സാധിച്ചു. കോച്ച് ഫിയോളയാവട്ടെ പയ്യന്റെ വലിയ ആരാധകനുമായിരുന്നു. 
പക്ഷെ യൂറോപ്പിലേക്കു പുറപ്പെടും മുമ്പ് അവസാന പരിശീലന മത്സരത്തിനിടെ പെലെയുടെ കാല്‍മുട്ടിന് പരിക്കേറ്റു. യൂറോപ്പിലെത്തിയിട്ടും പ്രതീക്ഷിച്ചത്ര വേഗത്തില്‍ പരിക്ക് ഭേദമായില്ല. ഡോ. കാര്‍വാലോ വിലയിരുത്തിയതില്‍നിന്ന് വ്യത്യസ്തമായി പെലെ ഒരു ടീം പ്ലയറായിരുന്നു. ടീമിന്റെ ഗുണത്തിനായി താന്‍ മടങ്ങാമെന്നും മറ്റൊരാളെ പകരം ടീമിലെടുക്കണമെന്നും പെലെ കോച്ചിനെ അറിയിച്ചു. ടീമിന്റെ മെഡിക്കല്‍ സ്റ്റാഫ് അവസാന അടവ് പയറ്റി. ചൂട് വെള്ളത്തില്‍ മുക്കിയ തൂവാലകള്‍ സദാസമയവും പരിക്കേറ്റ ഭാഗത്ത് ചുറ്റി. സോവിയറ്റ് യൂനിയനെതിരായ മൂന്നാമത്തെ മത്സരമാവുമ്പോഴേക്കും കാല്‍ കളിക്കാന്‍ പറ്റുന്ന പരുവത്തിലായി. ആദ്യ കളിയില്‍ ഗോളടിക്കാന്‍ പെലെക്കു സാധിച്ചില്ല. പക്ഷെ മനം മയക്കുന്ന ഡ്രിബ്‌ളിംഗോടെ വാവയുടെ ഗോളിന് കളമൊരുക്കി. 
പിന്നീടങ്ങോട്ട് ഓരോ കളിയിലും പെലെ കരുത്താര്‍ജിച്ചു. വെയ്ല്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ 1-0 വിജയത്തില്‍ പെലെയുടേതായിരുന്നു വിജയ ഗോള്‍. ഫ്രാന്‍സിനെതിരായ 5-2 വിജയത്തില്‍ ഹാട്രിക് നേടി. സ്വീഡനെതിരായ ഫൈനലിലെ രണ്ടു ഗോളായിരുന്നു ഏറ്റവും മികച്ചത്. ഒന്ന്, പ്രതിരോധ മതിലിനു മുകളിലൂടെയുള്ള വോളി. മറ്റൊന്ന് പിഴവില്ലാത്ത ഹെഡര്‍. 
ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സന്തോഷമടക്കാനാവാതെ പെലെ ഗ്രൗണ്ടില്‍ വീണു. കൂട്ടുകാര്‍ പയ്യനെ എടുത്തുയര്‍ത്തി. 'എന്നെയുമെടുത്ത് മറ്റു കളിക്കാര്‍ ഗ്രൗണ്ട് വലംവെച്ചു. കണ്ണീര്‍ നിലക്കാതെ ഒഴുകുകയായിരുന്നു. അതു നോക്കിച്ചിരിച്ച ഗില്‍മര്‍ പറഞ്ഞു: കരഞ്ഞോളൂ കുട്ടീ, ഇത് നിന്റെ സമയമാണ്' -പെലെ പിന്നീട് എഴുതി. 

Latest News