Sorry, you need to enable JavaScript to visit this website.

നിയമക്കുരുക്കിലായ വയോധികന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ തുണയായി

ഖമീസ് മുഷൈത്ത്- ആറ് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. തമിഴ്‌നാട് സ്വദേശി മുരുകന്‍ ഷണ്‍മുഖനാണ് സ്വപ്നങ്ങള്‍ ബാക്കിയാക്കി വെറും കൈയോടെയും നിരാശയോടേയും നാട്ടിലേക്ക് മടങ്ങുന്നത്. നീണ്ട 15 വര്‍ഷക്കാലം 400 റിയാല്‍  വേതനത്തിന് ആട്ടിടയനായും കൃഷിയിടത്തിലും  ജോലി ചെയ്തു. പിന്നീട് സ്വദേശിയുടെ സഹായത്താല്‍ സിമന്റ്‌ബ്ലോക്ക് കമ്പനിയില്‍ ലേബറായി ജോലി ലഭിച്ചു. ഇവിടം ജോലി ചെയ്തു കൊണ്ടിരിക്കെ മൂന്നുവര്‍ഷത്തിലേറെയായി ഇഖാമ കാലാവധി കഴിഞ്ഞു.
ആറ് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരുന്ന ഇദ്ദേഹം ലേബര്‍ ഓഫീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയപ്പോള്‍  ജയിലില്‍ അടക്കുമെന്നായിരുന്നു സ്‌പോണ്‍സറുടെ ഭീഷണി.  തുടര്‍ന്ന് സുഹൃത്തും സഹപ്രവര്‍ത്തകനുമായ രാമലിംഗം പറഞ്ഞതനുസരിച്ച് ഒ.ഐ.സി.സി ദക്ഷിണമേഖലാ പ്രസിഡണ്ടും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവകാരുണ്യവിഭാഗം വളണ്ടിയറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ സഹായം തേടുകയായിരുന്നു.  70 വയസ്സുകാരനായ മുരുകന്‍ ഷണ്‍മുഖനെ നാട്ടിലയക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഖമീസ് മുഷൈത്തിലെ മലയാളി മാര്‍ക്കറ്റിലെത്തിയപ്പോള്‍ നിരവധി മലയാളികളാണ് സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്.  
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ജവാസാത്തിലേക്ക് സഹായമഭ്യര്‍ത്ഥിച്ചുള്ള കത്ത് വാങ്ങിയാണ് മുരുകന് നാട്ടില്‍ പോകാനാവശ്യമായ യാത്രാ രേഖകള്‍ സംഘടിപ്പിച്ചത്. ബുധനാഴ്ച അബഹയില്‍നിന്നും ദുബായ് വഴി ചെന്നയിലേക്കുള്ള ഫ് ളൈ ദൂബായ് വാമാനത്തിലാണ് മുരുകന്‍ ഷണ്‍മുഖന്‍ നാട്ടിലേക്കു തിരിക്കുന്നത്.
നാട്ടില്‍ ഭാര്യയും ഒരു മകനും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്ന് ഏക ആശ്രയമാണ് ഷണ്‍മുഖന്‍. തുച്ഛമായ ശമ്പളത്തില്‍ നിന്നും അയക്കുന്ന തുകകൊണ്ടാണ്  കുടുംബത്തിന്റെ ഇത് വരെയുള്ള ചെലവുകള്‍ നടന്നിരുന്നത്.നാട്ടില്‍ ഇനി എങ്ങിനെ ജീവിതം തള്ളിനീക്കുമെന്ന ആശങ്കയിലാണ് ഇദ്ദേഹം. യാത്രക്കുള്ള ടിക്കറ്റും രേഖകളും അഷ്‌റഫ് കുറ്റിച്ചലും സാമൂഹിക പ്രവര്‍ത്തകരായ മുജീബ് എള്ളുവിളയും, റോയി മൂത്തേടവും, രാധാകൃഷ്ണന്‍ കോഴിക്കോടും ചേര്‍ന്ന് കൈമാറി.

 

 

Latest News